|    Apr 27 Fri, 2018 1:00 am
FLASH NEWS
Home   >  Todays Paper  >  page 7  >  

”വിദ്യാര്‍ഥിനികളെ ബലാല്‍സംഗം ചെയ്യുമെന്ന് പോലിസ് ഭീഷണിപ്പെടുത്തി”

Published : 29th March 2016 | Posted By: RKN

സ്വന്തം  പ്രതിനിധി

ഹൈദരാബാദ്: കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ പി അപ്പാറാവുവിനെതിരേ ഈമാസം 22ന് കാംപസില്‍ സമരം ചെയ്ത വിദ്യാര്‍ഥിനികളെ ബലാല്‍സംഗം ചെയ്യുമെന്ന് തെലങ്കാന പോലിസ് ഭീഷണിപ്പെടുത്തിയെന്ന് വസ്തുതാന്വേഷണ സംഘം. ദലിത് ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയില്‍ കുറ്റാരോപിതനാണ് അപ്പാറാവു. മാസങ്ങള്‍ നീണ്ട അവധിക്കു ശേഷം ഇദ്ദേഹം വീണ്ടും ജോലിയില്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സമരം ചെയ്ത 25 വിദ്യാര്‍ഥികളെയും രണ്ട് അധ്യാപകരെയുമാണ് പോലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വസ്തുത പരിശോധിക്കാനെത്തിയ സ്വതന്ത്ര സംഘത്തോടാണ് വിദ്യാര്‍ഥിനികള്‍ പോലിസ് കസ്റ്റഡിയില്‍ നേരിട്ട പീഡനങ്ങള്‍ വിവരിച്ചത്. വളരെ മോശമായാണ് പോലിസ് സംസാരിച്ചത്. വിദ്യാര്‍ഥിനികളെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍മ സ്ഥലങ്ങളില്‍ ഇപ്പോഴും വേദന അനുഭവപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു. മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അധ്യാപകര്‍, അഭിഭാഷകര്‍ എന്നിവരുള്‍പ്പെടുന്നതാണ് വസ്തുതാന്വേഷണ സംഘം. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പോലിസ്, തെലങ്കാന ആഭ്യന്തരമന്ത്രി എന്നിവരുമായി സംസാരിച്ച ശേഷം ഇവര്‍ തയ്യാറാക്കിയ ഇടക്കാല റിപോര്‍ട്ടിലാണ് പോലിസ് ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍. വിസി അപ്പാറാവുവും അദ്ദേഹത്തിന്റെ പ്രതിനിധികളും മറ്റു സര്‍വകലാശാല ഉദ്യോഗസ്ഥരും അന്വേഷണ സംഘവുമായി സംസാരിക്കാന്‍ തയ്യാറായില്ല. മുസ്‌ലിം വിദ്യാര്‍ഥികളെ ഭീകരവാദികള്‍ എന്നാണ് പോലിസ് വിളിച്ചത്. അറസ്റ്റിലായി 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കണമെന്ന നിയമവും പോലിസ് ലംഘിച്ചു. പോലിസ് സ്‌റ്റേഷനില്‍ നിന്നു തന്നെ ജാമ്യത്തില്‍ വിടാനാവുന്ന കേസായിട്ടും വിദ്യാര്‍ഥികളെ ജയിലിലടച്ചു. അറസ്റ്റിന് തൊട്ടടുത്ത ദിവസം മാധ്യമ പ്രവര്‍ത്തകരെയോ രാഷ്ട്രീയ നേതാക്കളെയോ വിദ്യാര്‍ഥി യൂനിയന്‍ പ്രതിനിധികളെയോ കാംപസില്‍ കയറാന്‍ രജിസ്ട്രാര്‍ സമ്മതിച്ചില്ല. രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് പട്ടികജാതി-വര്‍ഗ പീഡനം തടയല്‍ നിയമ പ്രകാരം അപ്പാറാവുവിനും കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയക്കും എബിവിപി നേതാവ് സുശീല്‍ കുമാറിനുമെതിരേ എടുത്ത കേസില്‍ പോലിസ് നടപടി സ്വീകരിക്കാത്തതാണ് വിസി തിരിച്ചെത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കാന്‍ കാരണമെന്നും വസ്തുതാന്വേഷണ സംഘത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു. കാംപസില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് അന്വേഷണം പൂര്‍ത്തിയാവും വരെ വിസിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സംഘം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. പ്രതികള്‍ക്കെതിരേ ക്രിമിനല്‍ അന്വേഷണം നടത്തണം. സര്‍വകലാശാലയില്‍ സ്വതന്ത്ര സഞ്ചാരം ഉറപ്പുവരുത്തുകയും പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിക്കുകയും വേണംമനുഷ്യാവകാശ പ്രവര്‍ത്തകരായ ഹെന്‍ട്രി ടിഫാഗ്‌നി, താര റാവു, ബര്‍ണാഡ് ഫാത്തിമ, കുഫിര്‍ നല്‍ഗുണ്‍ദ്വാര്‍, സുപ്രിംകോടതി അഭിഭാഷകന്‍ കിറുബ മുനുസാമി, ദലിത് അവകാശ പ്രവര്‍ത്തകരായ ബീന പള്ളിക്ക ല്‍, രമേശ് നാഥന്‍, ആശ കൗതാല്‍, പോള്‍ ദിവാകര്‍ തുടങ്ങിയവരാണ് വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss