|    Apr 25 Wed, 2018 8:08 pm
FLASH NEWS

വിദ്യാര്‍ഥികള്‍ ബസ് തകര്‍ത്തു, റോഡ് ഉപരോധിച്ചു ; ബസ്സുകളുടെ മരണപ്പാച്ചിലിനെതിരേ തെരുവില്‍ പ്രതിഷേധമിരമ്പി

Published : 30th September 2016 | Posted By: Abbasali tf

കണ്ണൂര്‍: അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും സ്വകാര്യ ബസ്സുകളുടെ അമിതവേഗത്തിനു ശമനമില്ല. ഇന്നലെ രാവിലെ താഴെചൊവ്വ ജങ്ഷനില്‍ ബിരുദ വിദ്യാര്‍ഥിനിയുടെ ദാരുണമരണത്തിനിടയാക്കിയതും സ്വകാര്യ ബസ്സിന്റെ മരണപ്പാച്ചിലായിരുന്നു. ഇതില്‍ പ്രകോപിതരായ വിദ്യാര്‍ഥികളും പ്രദേശവാസികളും ബസ് അടിച്ചുതകര്‍ക്കുകയും മണിക്കൂറുകളോളം റോഡ് ഉപരോധിക്കുകയും ചെയ്തു. പിതാവിനൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്ന എസ്എന്‍ കോളജ് മൂന്നാംവര്‍ഷ ചരിത്ര വിദ്യാര്‍ഥിനി കാഞ്ഞിരോട് തലമുണ്ടയിലെ പാറക്കണ്ടി ഹൗസില്‍ പി ആതിര(19)യാണ് ബസ്സിടിച്ച് ദാരുണമായി മരിച്ചത്.കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎല്‍ 11 എപി 6399 ഒമേഗ ബസ്സാണ് അപകടം വരുത്തിയത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ആതിരയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. തല പൂര്‍ണമായി ചതഞ്ഞുപോയിരുന്നു. അപകടം നടന്നയുടന്‍ ബസ് ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടു. അപകടരംഗം കണ്ട് ദൃക്‌സാക്ഷികളാണ് പ്രതിഷേധവുമായെത്തിയത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ബസ്സിന്റെ ചില്ലുകള്‍ തകര്‍ക്കുകയും കാറ്റഴിച്ച് വിടുകയും ചെയ്തു. റോഡില്‍ കുത്തിയിരുന്ന് ഉപരോധിച്ചതോടെ ഒന്നരമണിക്കൂറോളം തലശ്ശേരി-കണ്ണൂര്‍ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞ് കണ്ണൂര്‍ സി ഐയുടെ നേതൃത്വത്തില്‍ പോലിസെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കോറി സഞ്ജയ് കുമാര്‍ ഗുരുദിനെത്തി ഉപരോധക്കാരുമായി സംസാരിച്ചു. അമിതവേഗത്തിനെതിരേ നടപടി സ്വീകരിക്കുമെന്ന്് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് 11ഓടെയാണ് സമരം അവസാനിപ്പിച്ചത്. വിവിധ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ സംയുക്തമായാണ് റോഡ് ഉപരോധത്തിന് നേതൃത്വം നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, കെഎസ്‌യു ജില്ലാ മുന്‍ പ്രസിഡന്റ് സുധീപ് ജെയിംസ്, എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ജിതിന്‍ദാസ് തുടങ്ങിയവരാണ് ഉപരോധത്തിന് നേതൃത്വം നല്‍കിയത്. സിപിഎം സംസ്ഥാന സമിതി അംഗം എം വി ജയരാജന്‍, എസ്എഫ്‌ഐ എടക്കാട് ഏരിയാ സെക്രട്ടറി മുഹമ്മദ് അഫ്‌സല്‍, പ്രസിഡന്റ് മുഹമ്മദ് സിറാജ് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. താഴെചൊവ്വയില്‍ ഡിവൈഡര്‍ സ്ഥാപിക്കല്‍, സിസിടിവി സ്ഥാപിക്കല്‍, ബസ് തകര്‍ത്തവര്‍ക്കെതിരേ കേസെടുക്കാതിരിക്കുക, ഡ്രൈവര്‍ക്കെതിരേ നരഹത്യയ്ക്കു കേസെടുക്കുക, വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് ധനസഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളില്‍ അനുകൂല നടപടിയെടുക്കാമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. കൗണ്‍സിലര്‍മാരായ എന്‍ ബാലകൃഷ്ണന്‍, എസ് ശഹീദ, ട്രാഫിക് എസ്‌ഐ സുധാകരന്‍, ടൗണ്‍ എസ്‌ഐ കുട്ടികൃഷ്ണന്‍ തുടങ്ങിയവര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss