|    Jan 23 Mon, 2017 3:58 pm

വിദ്യാര്‍ഥികള്‍ക്ക് സ്വപ്‌നങ്ങള്‍ പകരേണ്ടവരാണ് അധ്യാപകര്‍: കേന്ദ്രമന്ത്രി

Published : 10th July 2016 | Posted By: SMR

കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് സ്വപ്‌നങ്ങള്‍ പകര്‍ന്നുനല്‍കേണ്ടവരാണ് അധ്യാപകരെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേകര്‍. എറണാകുളം കടവന്ത്രയിലെ കേന്ദ്രീയവിദ്യാലയ മേഖലാ ഓഫിസ് സന്ദര്‍ശിച്ച് വിദ്യാര്‍ഥികളും അധ്യാപകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ഥികള്‍ എന്തു ചിന്തിക്കുന്നുവെന്നതാണു പ്രധാനം. അധ്യാപകരുടെ ചുമതല വിദ്യാര്‍ഥികളുടെ സ്വപ്‌നങ്ങളെ തിരിച്ചറിയുകയും അതിനനുസൃതമായി അവരെ വാര്‍ത്തെടുക്കുകയുമാണെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസം എന്നത് ജീവിതമൂല്യങ്ങള്‍ പകര്‍ന്നുനല്‍കലാണ്. സ്വപ്‌നംകാണാന്‍ പഠിപ്പിക്കുകയെന്നതാണ് വിദ്യാഭ്യാസത്തില്‍ പ്രധാനം. അതിലൂടെ മാത്രമെ രാജ്യപുരോഗതി കൈവരുകയുള്ളൂ. വിദ്യാര്‍ഥികളും അധ്യാപകരും രാജ്യപുരോഗതിയുടെ ഭാഗമാവണമെന്നും പ്രകാശ് ജാവ്‌ദേകര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ കാഴ്ചപ്പാടാണ് മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്രീയവിദ്യാലയങ്ങളില്‍ കുട്ടികളെ ചേര്‍ക്കാന്‍ ഒരുപാടുപേര്‍ മുന്നോട്ടുവരുന്നത് അവയുടെ ഉയര്‍ന്ന നിലവാരമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം കേന്ദ്രീയവിദ്യാലയത്തിലെ അധ്യാപകര്‍ സമര്‍പ്പിച്ച നിവേദനം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയായശേഷമുള്ള പ്രകാശ് ജാവ്‌ദേകറുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമായിരുന്ന് ഇത്. ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം, പ്രഫ. കെ വി തോമസ് എംപി, കേന്ദ്രീയ വിദ്യാലയ എറണാകുളം റീജ്യനല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഉമ ശിവരാമന്‍, അസിസ്റ്റന്റ് കമ്മീഷണര്‍മാരായ സി കരുണാകരന്‍, മീനാക്ഷി, സി പി നായര്‍ എന്നിവര്‍ സംബന്ധിച്ചു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ മന്ത്രി അവധിദിവസമായിട്ടും കേന്ദ്രീയ വിദ്യാലയ സന്ദര്‍ശനം ഔദ്യോഗിക പരിപാടിയാക്കി മാറ്റുകയായിരുന്നു. തലേന്നു മാത്രം മന്ത്രിയുടെ വരവിനെക്കുറിച്ച് അറിയിപ്പു കിട്ടിയതിനാല്‍ കുട്ടികളെ വിൡച്ചുകൂട്ടാന്‍ പോലും സ്‌കൂള്‍ അധികൃതര്‍ വിഷമിച്ചു. സ്മൃതി ഇറാനി കൈകാര്യം ചെയ്തിരുന്ന മാനവശേഷി വിഭവവകുപ്പിന്റെ ചുമതല ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് വെള്ളിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് കേന്ദ്രമന്ത്രി എത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിലും വ്യവസായി പി എന്‍ സി മേനോന്റെ ഉടമസ്ഥതയിലുള്ള വടക്കാഞ്ചേരിയിലെ ശോഭാ ഗ്രൂപ്പ് സാമൂഹികസേവന കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് റോഡ് മാര്‍ഗം എറണാകുളത്തെത്തിയത്.
യാത്രയ്ക്കിടെ മന്ത്രി ഗതാഗതക്കുരുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് എറണാകുളത്തെത്താന്‍ ഒരുമണിക്കൂര്‍ വൈകി. കണ്ടെയ്‌നര്‍ റോഡില്‍ എത്തിയപ്പോള്‍ അദ്ദേഹം പരിപാടി റദ്ദാക്കി തിരിച്ചുപോവാന്‍ ഒരുങ്ങിയെങ്കിലും പോലിസ് ഉദ്യോഗസ്ഥന്‍ തുടര്‍ന്നുള്ള യാത്ര സുഗമമായിരിക്കുമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് യാത്ര തുടരാന്‍ തയ്യാറായത്. കേന്ദ്രീയ വിദ്യാലയത്തിലെ പരിപാടിയില്‍ മന്ത്രി കുട്ടികളുമായി 10 മിനിറ്റ് ആശയവിനിമയം നടത്തുകയും ലഘുപ്രഭാഷണം നടത്തുകയും ചെയ്തു. സംവാദത്തിനിടെ സ്‌കൂളിലെ അധ്യാപകസംഘടനാ നേതാവ് നല്‍കിയ നിവേദനം സ്വീകരിക്കാന്‍ മന്ത്രി തയ്യാറായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക