|    Jan 20 Fri, 2017 5:06 am
FLASH NEWS

വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗജന്യം: 30നകം തിരിച്ചറിയല്‍ കാര്‍ഡുകള്‍ അനുവദിക്കും

Published : 4th June 2016 | Posted By: SMR

കാസര്‍കോട്: ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗജന്യത്തിനായി 30നകം പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ ജില്ലാതല യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ അധ്യക്ഷത വഹിച്ചു.
പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിക്കുന്നതു വരെ അതാത് സ്ഥാപന മേധാവികള്‍ അനുവദിക്കുന്ന കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാനും അനുമതി നല്‍കി. പ്ലസ്ടു വരെ ക്ലാസ്സുകളില്‍ റഗുലറായി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗജന്യത്തിന് യൂനിഫോമും വിദ്യാലയങ്ങളില്‍ നിന്ന് ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡും മതി. ആര്‍ടിഒ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന തിരിച്ചറിയല്‍ നമ്പറും കണ്‍സഷന്‍ കാര്‍ഡ് സോഫ്റ്റ് വെയറും ഉപയോഗിച്ച് തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കുന്നതിന് തീരുമാനമായി.
വിദ്യാര്‍ഥികളുടെ വിവരങ്ങളും ഫോട്ടോയും ഉള്‍പ്പെടുന്ന തിരിച്ചറിയല്‍ കാര്‍ഡ് പ്രിന്റെടുത്തും രണ്ട് കോപ്പി വീതം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികാരികള്‍ ആര്‍ടിഒ ഓഫിസില്‍ ഹാജരാക്കണം. സിഡിയും നല്‍കണം. ഇത് പരിശോധിച്ച് ആര്‍ടിഒ അനുമതി നല്‍കും. 30നകം പ്രിന്റ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആര്‍ടിഒ ഓഫിസില്‍ ലഭ്യമാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
സെമസ്റ്റര്‍ സമ്പ്രദായമുള്ള കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓരോ വര്‍ഷവും കോഴ്‌സ് തീരുന്നത് വരെ സൗജന്യ യാത്ര അനുവദിക്കണം. വിദ്യാര്‍ഥികളെ ക്യൂ നിര്‍ത്തി ബസ്സില്‍ കയറ്റുന്ന സമ്പ്രദായം അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. വിദ്യാര്‍ഥികളും ബസ് ഉടമകളും ജീവനക്കാരും സൗഹൃദാന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കണം. പെരിയ ഗവ. പോളിടെക്‌നിക് കോളജിന് മുന്നില്‍ ഓര്‍ഡിനറി ബസുകള്‍ നിര്‍ത്തുന്നതിനുള്ള ഉത്തരവ് നടപ്പാക്കുന്നതിന് തീരുമാനിച്ചു.
ജില്ലയില്‍ സ്വകാര്യ ബസുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ എല്ലാ റൂട്ടുകളിലും കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനെ സമീപിക്കും.
സ്വാശ്രയ കോളജുകളിലെ വിദ്യാര്‍ഥകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന് അതത് സ്ഥാപന മേധാവികള്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ മാത്രം ഉപയോഗിക്കുന്നതായുള്ള പരാതി സംബന്ധിച്ച് ആര്‍ടിഒ അന്വേഷിക്കും. സ്വകാര്യ ബസ്സുകള്‍ക്ക് മുമ്പില്‍ ഓട്ടോറിക്ഷകളും മറ്റും സമാന്തര സര്‍വീസ് നടത്തുന്നതിനെപ്പറ്റി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
ആര്‍ടിഒ പി എച്ച് സാദിഖലി റിപോര്‍ട്ട് അവതരിപ്പിച്ചു. പെരിയ ഗവ. പോളിടെക്‌നിക് കോളജ് പ്രിന്‍സിപ്പല്‍ എം ചന്ദ്രകുമാര്‍, കാസര്‍കോട് എംവിഐ എ കെ രാജീവന്‍, കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടര്‍ പി കുഞ്ഞിക്കണ്ണന്‍, ട്രാഫിക് എസ്‌ഐ ടി ദാമോദരന്‍, ബസ് ഉടമ സംഘടനാ പ്രതിനിധികളായ കെ ഗിരീഷ്, സി മുഹമ്മദ് കുഞ്ഞി, സത്യന്‍ പൂച്ചക്കാട്, എന്‍ എം ഹസയ്‌നാര്‍, വി എം ശ്രീപതി, എ വി പ്രദീപ്, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളായ വി വൈശാഖ്, സുഭാഷ് പാടി, ഹാഷിം ബംബ്രാണി, കെ ആര്‍ കാര്‍ത്തികേയന്‍, പി ഗിരീഷ് കുമാര്‍, ഹരിദാസ് നമ്പ്യാര്‍, അനസ് എതിര്‍തോട് സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക