|    Sep 24 Mon, 2018 1:17 am
FLASH NEWS

വിദ്യാര്‍ഥികള്‍ക്ക് ഭയാശങ്കയില്ലാതെ പഠിക്കാനുള്ള സാഹചര്യമൊരുക്കും: മുഖ്യമന്ത്രി

Published : 30th January 2017 | Posted By: fsq

 

കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഭയാശയങ്കയില്ലാതെ പഠിക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗതാഗത മന്ത്രി എ കെ  ശശീന്ദ്രന്റെ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് സജ്ജീകരിച്ച സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സ്വാശ്രയ കോളജുകളില്‍ നിന്ന്  ഉയര്‍ന്നു വന്ന പരാതികളില്‍ സര്‍വകലാശാലകളെ  സര്‍ക്കാര്‍ ഇടപെടുവിക്കും. ഇതിന് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗം ചേരാന്‍ നിശ്ചയിച്ചിട്ടുണ്ട്. ഭയാശങ്കയില്ലാതെ പഠിക്കാന്‍ എങ്ങിനെ സാഹചര്യമൊരുക്കാമെന്ന് വൈസ് ചാന്‍സലര്‍മാരുമായി ചര്‍ച്ച ചെയ്യും. വിദ്യാര്‍ഥി സമൂഹത്തില്‍ പ്രത്യേക രീതിയിലുള്ള അസംതൃപ്തി രൂപം കൊള്ളുന്നത് സര്‍ക്കാര്‍ കാണുന്നുണ്ട്. സ്വാശ്രയ കോളജുകളില്‍നിന്ന് കേരളീയ സമൂഹത്തിന് ഭൂഷണമല്ലാത്ത കാര്യങ്ങളാണ് പുറത്തു വരുന്നത്. കുട്ടികള്‍ക്ക് പ്രിയങ്കരനായ നെഹ്‌റുവിന്റെ പേരിലുള്ള സ്വാശ്രയ കോളജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാനിടയായ സംഭവം വല്ലാത്ത ഞെട്ടലാണ് സമൂഹത്തില്‍ ഉണ്ടാക്കിയത്. കുട്ടികള്‍ക്ക് ഇഷ്ടമുള്ള മറ്റൊരു പേരായ ടോംസിന്റെ പേരുള്ള മറ്റൊരു കോളജിനെതിരെ രക്ഷിതാക്കളില്‍നിന്നും വിദ്യാര്‍ഥികളില്‍നിന്നും പല പരാതികളാണ് ഉയരുന്നത്. സ്വാശ്രയ കോളജുകളില്‍നിന്ന് പുറത്തുവരുന്ന ഇത്തരം കാര്യങ്ങള്‍ക്ക് ഗൗരവതരമായ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഒരു കൂട്ടര്‍ക്ക് ചെലവേറിയതും മറ്റൊരു കൂട്ടര്‍ക്ക് ലാഭമുണ്ടാക്കാനുള്ളതുമായ ഒന്നായി ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസം അഭൂതപൂര്‍വമായ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കാനിരിക്കുകയാണ്. പൊതുവിദ്യാലയങ്ങളെക്കുറിച്ച് സമൂഹത്തിന്റെ ഉത്കണ്ഠ പരിഗണിച്ചാണ് സര്‍ക്കാറിന്റെ നാല് മിഷനുകളില്‍ ഒന്നായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് രൂപം നല്‍കിയത്. പൊതുവിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യം വികസിപ്പിക്കുക, അധ്യാപകര്‍ക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള പരിശീലനം, പഠനത്തില്‍ പിറകിലായ കുട്ടിയെ ശരാശരിയിലെങ്കിലും എത്തിക്കാനുള്ള പരിശീലനം എന്നിവ ഇതിന്റെ ഭാഗമായി നടപ്പാക്കും. പശ്ചാത്തല സൗകര്യ വികസനത്തില്‍ സര്‍ക്കാറിനൊപ്പം പൂര്‍വ വിദ്യാര്‍ഥികള്‍, നാട്ടുകാര്‍, മറ്റു സുമനസ്സുകള്‍ എന്നിവരുടെ പിന്തുണയും ഉണ്ടാവണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഗതാഗത  മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എംപി, പുരുഷന്‍ കടലുണ്ടി എംഎല്‍എ, കെല്‍ട്രോണ്‍ എംഡി സി ആര്‍ ഹേമലത, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, രമ്യാഹരിദാസ്, കെ ചന്ദ്രന്‍ മാസ്റ്റര്‍, കുണ്ടൂര്‍ ബിജു, ടി കെ അജിത്കുമാര്‍, എം ജയകൃഷ്ണന്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss