|    Nov 18 Sun, 2018 1:21 pm
FLASH NEWS

വിദ്യാര്‍ഥികള്‍ക്കു സാന്ത്വനമായി കട്ടിപ്പാറയില്‍ അധ്യാപക കൂട്ടായ്മ

Published : 6th July 2018 | Posted By: kasim kzm

താമരശ്ശേരി: സംസാരിക്കുന്ന പാവ,  പിഞ്ചു മനസുകളെ അമ്പരിപ്പിക്കുന്ന നമ്പറുകളുമായി ശാസ്ത്ര മാജിക്,  കുട്ടികളെ കൂടി പങ്കെടുപ്പിച്ച ഗാനാവതരണം,  ബേപ്പൂര്‍ സുല്‍ത്താനെ അനുസ്മരിച്ച് സ്‌കൂള്‍ അങ്കണത്തില്‍ മാങ്കോസ്റ്റിന്‍ തൈ നടല്‍, ചിത്രരചന.. അങ്ങിനെ നീളുന്നു ചടങ്ങുകള്‍.  ദുരന്തഭൂമിയില്‍ വിറങ്ങലിച്ച് കുഞ്ഞുമനസുകള്‍ക്ക് കുളിര്‍മഴയാകുകയായിരുന്നു അധ്യാപകരുടെ കട്ടിപ്പാറയിലേക്കുള്ള സ്‌നേഹയാത്ര.
ദുരിതബാധിത മേഖലയിലെ കുട്ടികള്‍ക്കിടയില്‍ സാന്ത്വന പ്രവര്‍ത്തനവുമായാണ് കലാകാരന്മാരായ അധ്യാപകരുടെ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് ക്രിയേറ്റീവ് ടീച്ചേഴ്—സ് (ആക്ട്) എന്ന സംഘടനയുടെ നേതൃത്വത്തില്‍ സ്‌നേഹയാത്ര സംഘടിപ്പിച്ചത്. ഡിഡിഇ ഇ കെ സുരേഷ്—കുമാറിന്റെയും ആക്ട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം ജി ബല്‍രാജിന്റെയും നേതൃത്വത്തില്‍ 35 അംഗ സംഘമാണ് വെട്ടിയൊഴിഞ്ഞതോട്ടം ഗവ. എല്‍പി സ്—കൂളിലെത്തിയത്. വെട്ടിയൊഴിഞ്ഞതോട്ടം ഗവ. എല്‍പി, എയുപി സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ പങ്കെടുത്തു.
ഉരുള്‍പൊട്ടലിന്റെ ആഘാതം മനസ്സില്‍ നിന്ന് മായാത്ത വിദ്യാര്‍ഥികളില്‍ പുത്തനുണര്‍വ് പകരുന്നതായി കുട്ടികളെ കൂടി പങ്കടുപ്പിച്ച് നടത്തിയ പരിപാടികള്‍. പാട്ടും കളിയും കലാപ്രവര്‍ത്തനങ്ങളുമായി കുട്ടികള്‍ക്കിടയിലെത്തിയ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരുടെ അവതരണങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. ജൂണ്‍ 14ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരിച്ചത് നാടിനെയാകെ ദുഖത്തിലാഴ്ത്തിയിരുന്നു. ദുരന്തത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളിലൊന്ന് പ്രവര്‍ത്തിച്ചത് വെട്ടിയൊഴിഞ്ഞതോട്ടം ഗവ. യു പി സ്—കൂളിലാണ്. ഉരുള്‍പൊട്ടലുണ്ടായ കരിഞ്ചോലയിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാര്‍ഥികള്‍ പഠിക്കുന്നത് ഇവിടെയാണ്.
നാടകം, പാവമൊഴി, ശാസ്ത്ര മാജിക്, ഗാനാവതരണം, ചിത്രരചന തുടങ്ങിയ പരിപാടികളുമായി രാവിലെ പത്തര മൂതല്‍ രണ്ടര മണിക്കൂറാണ് കുട്ടികളെയും പങ്കടുപ്പിച്ച്—കൊണ്ട് കലാപരിപാടികളുടെ അവതരണം നടന്നത്. വലിച്ചു കെട്ടിയ വെള്ള തുണിയില്‍ കുട്ടികളുടെ കൈകള്‍ നിറങ്ങളില്‍ മുക്കി കൈയടയാളം പതിപ്പിച്ചത്  ചിത്രകാരന്മാരായ അധ്യാപകര്‍ വലിയ കാന്‍വാസ് ചിത്രമാക്കി മാറ്റി. തുടര്‍ന്ന് ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായത്തോടെ വിദ്യാര്‍ഥികള്‍ക്ക് മധുരപലഹാരങ്ങളടങ്ങിയ പാക്കറ്റ് വിതരണം ചെയ്തു. അധ്യാപകരുടെ സര്‍ഗാത്മക ശേഷിയെ വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനും ക്ലാസ്‌റൂം വിരസതയെ അകറ്റി  പൊതുവിദ്യാഭ്യാസ യജ്ഞത്തിന് മുതല്‍കൂട്ടായി മാറുന്നതിനുമാണ് സംസ്ഥാനത്തിന് മാതൃകയായി ആക്ട് ജില്ലയില്‍ നടപ്പാക്കുന്നതെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം ജി ബല്‍രാജ് പറഞ്ഞു.
കൊയിലാണ്ടി ഗവ.ഹയര്‍ സെക്കന്‍ഡറി അധ്യാപകനായ ഭാസ്—കരനാണ് കുട്ടികളെ ഏറെ ആകര്‍ഷിച്ച പാവയുമായി രംഗത്തുവന്നത്. ഗാനാവതരണത്തിന് ബാബു പറമ്പിലും, കലാവതരണങ്ങള്‍ക്ക് സത്യന്‍ മുദ്ര, പ്രദീപ് മുദ്ര എന്നിവരും ചിത്രരചനയ്ക്ക് ഉസ്മാന്‍, സതീഷ്—കുമാര്‍, സുരേഷ്ഉണ്ണി എന്നിവരും കവിതാവതരണത്തിന് ഷീബയും ശാസ്ത്രമാജികിന് സത്യനാഥനും നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss