|    Feb 27 Mon, 2017 5:44 am
FLASH NEWS

വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ

Published : 14th November 2016 | Posted By: SMR

തലശ്ശേരി: വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ്, ഹാഷിഷ്, ബ്രൗണ്‍ഷുഗര്‍, ഓപിയം, വേദനസംഹാര ഗുളികകളായ പെത്തഡിന്‍ പോലുള്ളവയും ലഹരി ഇഞ്ചക്ഷനുകളും വ്യാപകമായതോടെ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇത്തരം ലഹരി ഉല്‍പന്നങ്ങള്‍ തലശ്ശേരി നഗര പരിസരത്തും മറ്റുമായി യഥേഷ്ടം വില്‍പന നടത്തുന്നതായാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. കുട്ടികളെ കേന്ദ്രീകരിച്ച് കഞ്ചാവിന്റെ വിവിധ രൂപങ്ങളിലുള്ള ലഹരി സാധനങ്ങള്‍ വിറ്റഴിക്കാന്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായാണു പോലിസ് അന്വേഷണത്തില്‍ വ്യക്തമായത്. ഇതരജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പോലും തലശ്ശേരിയുടെ കടല്‍പ്പാലം ഭാഗങ്ങളിലും മറ്റുമായി പതിവ് സന്ദര്‍ശകരായെത്തുന്നത് പോലിസ് നിരീക്ഷിക്കുന്നുണ്ട്. താല്‍ക്കാലിക ആവശ്യത്തിന് പുറമെ ദിവസങ്ങളോളം ഉപയോഗിക്കാനായി ലഹരി ഉല്‍പന്നങ്ങള്‍ശേഖരിക്കാനെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതായാണു കണ്ടെത്തല്‍. നഗരത്തില്‍ ഉപയോഗിക്കാതെ കിടക്കുന്ന ടെലഫോണ്‍ പോസ്റ്റുകളുടെ ചില ഭാഗങ്ങളില്‍ ദ്വാരമുണ്ടാക്കി അതിനുള്ളില്‍  സുരക്ഷിതമായി സൂക്ഷിക്കുന്നതായും മനസ്സിലായിട്ടുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ക്കു സമീപം ഉപയോഗശൂന്യമായി ഒഴിവാക്കിയ ഇത്തരം തൂണുകളിലും അരയാള്‍ പൊക്കമുള്ള കുറ്റികളില്‍ നിന്നുമാണ് ഇരുള്‍ വ്യാപിക്കുന്നതോടെ ആവശ്യക്കാര്‍ ലഹരി ഉല്‍പന്നങ്ങള്‍ കൈക്കലാക്കുന്നത്. തലശ്ശേരി കടപ്പുറത്തും ജനറല്‍ ആശുപത്രി പരിസരങ്ങളിലും പുതിയ ബസ് സ്റ്റാന്റിലും രാത്രി കാലങ്ങളില്‍ ഇരുള്‍ മൂടിയ സ്ഥലങ്ങളിലും വ്യാപകമായി ലഹരി ഉല്‍പന്നങ്ങള്‍ സുലഭമാണ്. നഗരപരിധിക്കു പുറത്തുള്ള പ്രധാന വിദ്യാലയങ്ങളിലെ കുട്ടികളെയും  ലഹരി മാഫിയ സ്വാധീനിച്ച കാര്യം തലശ്ശേരി പോലിസിന് വ്യക്തമായിട്ടുണ്ട്. ആറു കുട്ടികള്‍ ലഹരി മുക്ത കേന്ദ്രത്തില്‍ ചികില്‍സയില്‍ കഴിയുന്നതാണു പോലിസിനു ലഭിച്ച വിവരം. നിരവധി കുട്ടികള്‍ ലഹരി മാഫിയയുടെ കൈകളില്‍ അകപ്പെട്ടിട്ടുണ്ടെന്നതാണു വസ്തുത. ഒരു പായ്ക്കറ്റ് ലഹരി ഉല്‍പന്നത്തിന് 500 രൂപ വില്‍പനക്കാരന്‍ നിശ്ചയിക്കുന്നതോടെ 500 രൂപ സമാഹരിക്കാന്‍ കുട്ടികള്‍ ഭവിഷ്യത്ത് മനസ്സിലാക്കാതെ രംഗത്തിറങ്ങുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day