|    Jun 20 Wed, 2018 5:47 am

വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്ന സ്വാശ്രയ കോളജുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല: എഐവൈഎഫ്

Published : 16th January 2017 | Posted By: fsq

 

തൃശൂര്‍: കേരളത്തിലെ നിരവധി സ്വാശ്രയ കോളജുകളില്‍ നിന്നും വിദ്യാര്‍ഥി ചൂഷണത്തിന്റെയും പീഡനങ്ങളുടെയും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നതെന്നും വിദ്യാഭ്യാസ കച്ചവടത്തിന്റെ കേന്ദ്രങ്ങളായ സ്വാശ്രയ കോളജുകള്‍ വിദ്യാര്‍ഥികളെ ഭീഷണിപെടുത്തിയും പിഴ ചുമത്തിയും പീഡിപ്പിക്കുകയാണെന്നും ഇത്തരം കോളജുകളെ കേരളത്തില്‍ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കില്ലെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പ്രസ്താവനയില്‍ അറിയിച്ചു. മറ്റ് സംസ്ഥാനത്തെ സ്വാശ്രയ കോളജുകളില്‍ ഉണ്ടായിരുന്ന ഇടിമുറികളും പ്രാകൃതമായ ശിക്ഷാ വിധികളും കേരളത്തിലെ സ്വാശ്രയ കോളജുകളിലും ഉണ്ടെന്ന വാര്‍ത്ത ഈ രംഗത്തെ അധപതനത്തിന്റെ തെളിവുകളാണ്. സ്വാശ്രയ കോളജ് മാനേജ്‌മെന്റുകള്‍ക്ക് സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങള്‍ ഒന്നും ബാധകമല്ല എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതില്‍ സര്‍വ്വകലാശാലകള്‍ പരാജയപ്പെട്ടിരിക്കുന്നു. പാമ്പാടി നെഹ്‌റു കോളജിലെ എഞ്ചിനിയറിങ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണത്തോടെ നിരവധി കോളജുകളില്‍ മാനേജ്‌മെന്റ് നടത്തുന്ന വൃത്തികേടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കോട്ടയത്തെ ടോംസ് എഞ്ചിനിയറിങ് കോളജില്‍ ചെയര്‍മാന്‍ ടോം ടി ജോസഫിനെതിരെ ഉയര്‍ന്നു വന്നത് ഗുരുതരമായ ആരോപണങ്ങളാണ്. അദ്ദേഹത്തിനെതിരെ കേസെടുത്ത് അടിയന്തിര അന്വേഷണം നടത്താന്‍ പോലിസ് തയ്യാറാവണം. ടോംസ് കോളജിന് അംഗീകാരം നേടികൊടുത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ വഴിവിട്ട ഇടപാടുകളെകുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണം. സ്വാശ്രയ കോളജുകള്‍ വ്യാപകമായി ആരംഭിക്കുന്ന കാലത്ത് എഐവൈഎഫ് ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പും പ്രക്ഷോഭങ്ങളും ശരിയാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് നിത്യേന പുറത്തുവരുന്നത്. ആ കാലഘട്ടത്തില്‍ സ്വാശ്രയ കോളജുകള്‍ക്കു വേണ്ടി നിലപാടെടുക്കുകയും സ്വാശ്രയ സ്ഥാപനങ്ങളുടെ വക്താക്കളാവുകയും ചെയ്തവര്‍ വിദ്യാര്‍ഥി സമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാവണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss