|    Mar 22 Thu, 2018 6:17 am
FLASH NEWS

വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന തകൃതി

Published : 31st October 2016 | Posted By: SMR

പൂച്ചാക്കല്‍: ചേര്‍ത്തലയുടെ വടക്കന്‍ മേഖലകളില്‍ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന തകൃതി. അരൂര്‍, തുറവൂര്‍, പാണാവള്ളി, അരുക്കൂറ്റി ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ  പ്രദേശങ്ങളിലാണ് കഞ്ചാവ്—ലഹരി സംഘങ്ങള്‍ പിടിമുറുക്കുന്നത്. വിദ്യാര്‍ഥികളടങ്ങിയ സംഘങ്ങളെ ലക്ഷ്യം വച്ചുകൊണ്ടാണ് പ്രവര്‍ത്തനം. കഞ്ചാവ് വില്‍പനയില്‍ വിദ്യാര്‍ഥികളുള്‍പ്പെടുന്നതിനാല്‍  പോലിസും നടപടിയെടുക്കാന്‍ മടികാണിക്കുന്നു.  പാണാവള്ളി പഞ്ചായത്തിന്റെ കാരാളപ്പതി, നാല്‍പ്പത്തെണ്ണീശ്വരം, മുട്ടത്തുകടവ്, ആഞ്ഞിലിത്തോട്, തൃച്ചാറ്റുകുളം, പെരുമ്പളം കവല മേഖലകളും അരൂക്കുറ്റി പഞ്ചായത്തിന്റെ കുടപുറം  വടുതല, കൊമ്പനാമുറി, പുതിയപാലം, മാത്താനം, അരുക്കൂറ്റി തുടങ്ങിയ പ്രദേശങ്ങളിലുമാണ് കച്ചവടം പൊടിപൊടിക്കുന്നത്.  കഴിഞ്ഞ ദിവസവും  കഞ്ചാവ് വില്‍പന സംഘത്തിലെ രണ്ടുപേരെ വടുതലയി ല്‍ നിന്ന് പൂച്ചാക്കല്‍ പോലിസ് പിടികൂടിയിരുന്നു. അരൂക്കുറ്റി പഞ്ചായത്ത് പതിനേഴാം വാര്‍ഡ് നാങ്ങനാട്ട് വീട്ടില്‍ ബിന്‍ഷാദ്( 18), ഏഴാംവാര്‍ഡില്‍ കുന്നുംപറമ്പില്‍ അജ്മല്‍ (20) എന്നിവരെയാണ് പിടികൂടിയത്. ഒരുമാസം മുന്‍പ് പാണാവള്ളി മുട്ടത്തുകടവില്‍ കഞ്ചാവുമായി എത്തിയ നാല്‍പ്പത്തെണ്ണീശ്വരം സ്വദേശികളായ രണ്ടു വിദ്യാര്‍ഥികളെ നാട്ടുകാര്‍ പിടികൂടി പോലിസിന് കൈമാറിയികുന്നു. ഇവരെ ചോദ്യംചെയ്തപ്പോള്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക്  കഞ്ചാവു വില്‍പനയുമായി ബന്ധമുണ്ടെന്ന് പോലിസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പോലിസ് അന്വേഷണം നടത്തിയില്ല. കഴിഞ്ഞദിവസം രാത്രി  മുട്ടത്തുകടവില്‍ തൃക്കാര്‍ത്തികപുരം ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച് മൂവായിരത്തോളം രൂപ മോഷ്ടിച്ചു. ഇതിനു പിന്നിലും കഞ്ചാവ് സംഘങ്ങളാണെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച ബൈക്കില്‍ മുട്ടത്തുകടവ് പ്രദേശത്തു വച്ച് കഞ്ചാവ് സംഘത്തെ പോലിസ് പിന്‍തുടര്‍ന്നെങ്കിലും പോലിസുകാരുടെ ബൈക്ക് സൈക്കിള്‍ യാത്രക്കാരനുമായി കൂട്ടിയിടിച്ചതോടെ കഞ്ചാവ് സംഘത്തില്‍പ്പെട്ടവര്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കലാലയങ്ങളിലെ പരിസരത്തെ ഇടവഴികളില്‍ ഇരുചക്ര വാഹനത്തിലെത്തിയാണ് ചെറിയ പൊതികളാക്കി വില്‍പന നടത്തുന്നത്. പരിചയമില്ലാത്തവരെ നാട്ടുകാര്‍ ചോദ്യം ചെയ്താല്‍ ഭീഷണിപ്പെടുത്തലാണ് പതിവ്.വൈകുന്നേരങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം നടത്തുന്നതിന് സ്‌കൂള്‍ പരിസരത്തെ പ്രധാന ബസ് സ്റ്റോപ്പുകളിലും ഈക്കൂട്ടര്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. കഞ്ചാവിന് പുറമെ ഇവരില്‍ സിറിഞ്ച് വഴി ഉപയോഗിക്കുന്ന മയക്കു മരുന്നും കാണപ്പെടുന്നു. വിദ്യാര്‍ഥികളടക്കമുള്ളവര്‍ മയക്കു മരുന്ന് ഉപയോഗിക്കാനുള്ള സുരക്ഷിതമായി കാണുന്ന കായലോര പ്രദേശങ്ങളാണ് കൂടുതലും. തീരത്തിന് സമീപമുള്ള കുറ്റിക്കാടുകളില്‍ സിറിഞ്ചും, മയക്കു മരുന്ന് കുപ്പിയും ധാരാളമായി കാണപ്പെടുന്നു.പോലിസ് പിടികൂടുന്ന കഞ്ചാവ് സംഘങ്ങളെ സംരക്ഷിക്കാന്‍ രാഷ്ട്രീയനേതാക്കള്‍ ഇടപെടുന്നതാണ് പോലിസിനെയും കുഴപ്പിക്കുന്നത്. പോലിസ് പട്രോളിങ് ശക്തമാക്കണമെന്നും പിടികൂടുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss