|    Oct 16 Tue, 2018 7:35 pm
FLASH NEWS

വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര; ജില്ലാഭരണകൂടം നടപടിയാരംഭിച്ചു

Published : 18th May 2017 | Posted By: fsq

 

മലപ്പുറം: സ്‌കൂള്‍ ബസ്സുകളിലും മറ്റു വാഹനങ്ങളിലും യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പും പോലിസും ജില്ലാ ഭരണകൂടവും നടപടികള്‍ ആരംഭിച്ചു. നിയമാനുസൃതമായുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും മോട്ടോര്‍ വാഹന നിയമമനുസരിച്ചുള്ള മുന്‍കരുതലുകളും സ്വീകരിച്ചാണ് വിദ്യാര്‍ഥികളുടെ യാത്രയെന്ന് പ്രധാനാധ്യാപകരും പിടിഎയും ഉറപ്പുവരുത്തണം. ഇതില്‍ വീഴ്ചവരുത്തുന്ന സ്ഥാപന മേലാധികാരികള്‍ക്കെതിരേ മോട്ടോര്‍ വാഹന നിയമമനുസരിച്ചും നിലവിലുള്ള മറ്റു നിയമങ്ങളനുസരിച്ചും നടപടി സ്വീകരിക്കുമെന്ന് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ കെ എം ഷാജി അറിയിച്ചു. കുട്ടികളുടെ സുരക്ഷിത യാത്രക്കായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മുഖേന സ്‌കൂളുകളിലേക്ക് നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. കുട്ടികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അധ്യാപക – രക്ഷാകര്‍ത്യ പ്രതിനിധികളടങ്ങിയ ഒരു കമ്മിറ്റി നിര്‍ബന്ധമായും രൂപീകരിക്കണം. യാത്രാ സൗകര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നതിന് ഒരു അധ്യാപകനെ നോഡല്‍ ഓഫിസറായി നിയമിക്കണം. സ്ഥാപനത്തിലെ ഓരോ കുട്ടിയുടെയും യാത്രാ സംവിധാനം ഏതെല്ലാമാണെന്ന് തരംതിരിച്ച് പ്രത്യേകം രജിസ്റ്റര്‍ സൂക്ഷിക്കണം. ഇതില്‍ കുട്ടികളുടെ പേര്, വിലാസം, ക്ലാസ്, രക്ഷിതാവിന്റെ പേര്, മൊബൈല്‍ നമ്പര്‍, ഉപയോഗിക്കുന്ന യാത്ര സംവിധാനം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വേണം. സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് എടപ്പാളിലുള്ള ഡ്രൈവേഴ്‌സ് ട്രൈനിങ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിശീലനം നിര്‍ബന്ധമാണ്. ഡ്രൈവര്‍മാര്‍ക്ക് ഈ പരിശീലനം ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടത് സ്ഥാപന മേധാവികളുടെ ഉത്തരവാദിത്വമാണ്. കുട്ടികളുടെ യാത്രക്കായി ഉപയോഗിക്കുന്ന മുഴുവന്‍ വാഹനങ്ങളുടെയും രേഖകള്‍ ശരിയാണെന്ന് സ്ഥാപന മേധാവി ഉറപ്പു വരുത്തണം. രേഖകളുടെ പകര്‍പ്പുകള്‍ സ്‌കൂളില്‍ സൂക്ഷിക്കുകയും വേണം. സ്ഥാപനത്തിനായി ഉപയോഗിക്കുന്ന ബസ്സുകള്‍, മറ്റു കോണ്‍ട്രാക്റ്റ് ക്യാരേജുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി നിശ്ചിത മാതൃകയില്‍ പ്രധാനാധ്യാപകന്‍, ഗതാഗത ചുമതലയുള്ള അധ്യാപകന്‍, പിടിഎ പ്രതിനിധി എന്നിവര്‍ ഒപ്പിട്ട സത്യവാങ്മൂലം ജൂണ്‍ അഞ്ചിനകം അതത് ആര്‍ടിഒ / സബ് ആര്‍ടിഒ ഓഫിസുകളിലും പോലിസ് സ്റ്റേഷനിലും നല്‍കണം. വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്തി സുരക്ഷിതത്വം ഉറപ്പു വരുത്തണം.  പെര്‍മിറ്റ്, ഫിറ്റ്‌നസ്, ഇന്‍ഷൂറന്‍സ് എന്നിവയില്ലാത്തതും നികുതി അടയ്ക്കാത്തതുമായ ഏതെങ്കിലും വാഹനങ്ങള്‍ സ്‌കൂള്‍ അധികൃതരോ പിടിഎയോ മറ്റു കരാറുകാരോ കുട്ടികളുടെ യാത്രക്കായി ഉപയോഗിച്ചാല്‍ അധികൃതര്‍ക്കെതിരേ ദുരന്തനിവാരണ നിയമമനുസരിച്ചും നടപടി സ്വീകരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss