|    May 23 Tue, 2017 3:07 am
FLASH NEWS

വിദ്യാര്‍ഥികളുടെ യാത്രാ സുരക്ഷ: ആര്‍ടിഒ-പോലിസ് സംയുക്തമായി സ്‌കൂള്‍ ബസ്സുകള്‍ പരിശോധിക്കും

Published : 2nd October 2016 | Posted By: SMR

മലപ്പുറം: സ്‌കൂള്‍ ബസ്സുകളുടെ സുരക്ഷാ പരിശോധനയ്ക്കായി ആര്‍ടിഒയും പോലിസും ഒരുമിക്കുന്നു. കഴിഞ്ഞ ദിവസം മലപ്പുറം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുണ്ടായ ബസ് അപകടത്തിന്റെ പശ്ചാതലത്തിലാണ് ആര്‍ടിഒ-പോലിസ് ഒരുമിച്ച് പരിശോധനയ്ക്കിറങ്ങുന്നത്. ജില്ലാ പോലിസ് സുപ്രണ്ട് ദേബേഷ്‌കുമാര്‍ ബഹറയുമായി ആര്‍ടിഒ കെ എം ഷാജി ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് ആര്‍ടിഒ-പോലിസ് സംയുക്ത പരിശോധനയ്ക്ക് തീരുമാനമായത്.
ഒരാഴ്ച്ച് കൊണ്ട് ജില്ലയില്‍ സ്‌കൂള്‍ ബസ്സുകളുടെയും വിദ്യാര്‍ഥികളെ കൊണ്ടുപോവുന്ന മറ്റുവാഹനങ്ങളുടെയും കാര്യക്ഷമതയും രേഖകളും പരിശോധിക്കാനാണു നീക്കം. നാളെമുതല്‍ പരിശോധന ആരംഭിക്കും. ജില്ലയിലെ അഞ്ച് സബ് ആര്‍ടി ഓഫിസുകളുടെയും ജില്ലാ ആര്‍ടി ഓഫിസിന്റെയും നേതൃത്വത്തില്‍ നടക്കുന്ന പരിശോധനയില്‍ അതത് ഇടങ്ങളിലെ സ്‌റ്റേഷനിലെ പോലിസുകാരും പരിശോധന സംഘത്തിലുണ്ടാവും.
ബസ്സുകള്‍ക്ക് പുറമെ വിദ്യാര്‍ഥികളെ കൊണ്ടുപോവുന്ന മറ്റുവാഹനങ്ങളിലും പരിശോധന നടത്തും. പ്രധാനമായിട്ടും വാഹനങ്ങളുടെ മെക്കാനിക്കല്‍ കാര്യക്ഷമതയാണു സംഘം പരിശോധിക്കുക. കൂടാതെ ബസ്സുകളുടെ സ്പീഡ് ഗവേണര്‍, വാഹന രേഖകള്‍ എന്നിവയും പരിശോധിക്കും.
വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് വരുത്താത്ത രീതിയില്‍ യാത്രക്കിടയില്‍വച്ചോ സ്‌കൂളുകളില്‍ ചെന്നോ വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കും.
കഴിഞ്ഞദിവസം മലപ്പുറത്ത് അപകടത്തില്‍പ്പെട്ട സ്‌കൂള്‍ ബസ് രേഖകളെല്ലാം ശരിയാണങ്കിലും ഏറെ പഴക്കം ചെന്നതാണെന്ന് കണ്ടെത്തി. ഇത്തരം പഴക്കം ചെന്ന ഏറെ വാഹനങ്ങള്‍ സ്‌കൂള്‍ ബസ്സുകളായി സര്‍വീസ് നടത്തുന്നുണ്ടെന്നാണു വിലയിരുത്തല്‍.
പല സ്‌കൂളുകളിലും ബസ് സര്‍വീസ് പുറംകരാര്‍ കൊടുക്കാറാണ് പതിവ്. പേരില്‍ അതത് സ്‌കൂളുകളുടെ വാഹനങ്ങളാണെങ്കിലും ഇത് സ്വകാര്യ വ്യക്തികള്‍ സ്‌കൂളുമായി കരാറിലെത്തി സര്‍വീസ് നടത്തുന്നവയാണ്. ഇംഗീഷ് മീഡിയം സ്ഥാപനങ്ങളാണ് ഈ രീതിയില്‍ പുറം കരാറില്‍ ബസ് സര്‍വീസ് നടത്തുന്നത്.
സ്‌കൂള്‍ നടത്തിപ്പുക്കാര്‍ക്ക് ഒരു ബാധ്യതയുമാല്ലാത്ത ഈ രീതിയില്‍ ബസ് സര്‍വീസ് നടത്തുന്നവര്‍ ലാഭകൊയ്ത്തിനായി പഴയ വാഹനങ്ങള്‍കൊണ്ടുവന്ന് സര്‍വീസ് നടത്തും. അനുവദിക്കപ്പെട്ടതിലധികം കൂട്ടികളെയും ബസ്സില്‍ തിരികികയറ്റും. ഇത്തരം കാര്യങ്ങളെല്ലാം സംഘം പരിശോധിക്കും.
ഒരാഴ്ച്ചകൊണ്ട് വിശദമായ പരിശോധന നടത്തുന്നതിനാണ് ആര്‍ടിഒ പോലിസിന്റെ സഹകരണം തേടിയത്. കഴിഞ്ഞ ദിവസം അപകടത്തിനിടയാക്കിയ മലപ്പുറം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ബസ് അപകടത്തിനിടയാക്കിയതിന്റെ വിശദമായ കാരണങ്ങള്‍ അന്വേഷിച്ച് വരികയാണെന്നു ആര്‍ടിഒ കെ എം ഷാജി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day