|    Jul 19 Thu, 2018 9:00 pm
FLASH NEWS

വിദ്യാര്‍ഥികളുടെ മസ്തിഷ്‌ക്കത്തിന് കംപ്യൂട്ടറിനേക്കാള്‍ ശക്തിയുണ്ട്: മന്ത്രി വി എസ് സുനില്‍കുമാര്‍

Published : 19th September 2017 | Posted By: fsq

 

തൃശൂര്‍: വിദ്യാര്‍ഥികളുടെ മസ്തിഷ്‌കം കംപ്യൂട്ടറുകളുടെയും സോഫ്റ്റ്‌വെയറുകളുടെയും അപ്പുറത്തുള്ള വിജ്ഞാനത്തിന്റെ ഉറവിടമാണെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ശക്തി വിദ്യാര്‍ഥി സമൂഹം ഉപയോഗിച്ചാല്‍ സൈബര്‍ ക്രൈം പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് കുട്ടികള്‍ ഒരിക്കലും എത്തിച്ചേരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ മാര്‍ തോമ ഗേള്‍സ് ഹയര്‍ സെക്കന്‍ണ്ടറി എന്‍എസ്എസ് യൂണിറ്റിന്റെയും തൃശൂര്‍ ലയണ്‍സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ കുട്ടികളും അധ്യാപകരും അഭിനയിച്ച “സ്‌ക്രീനേജ്” എന്ന ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം റീജണല്‍ തിയ്യേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളുടെ ഇടയില്‍ മൊബൈല്‍ ഫോണിന്റെ ദുരുപയോഗം മൂലമുണ്ടാകുന്ന വിപത്തുകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ചിത്രത്തിന്റെ കഥാതന്തു. പ്രസാദ് ജി എഡ്വേര്‍ഡ് സംവിധാനം ചെയ്ത ഈ സിനിമയിലെ മുഴുവന്‍ അഭിനേതാക്കളും വിദ്യാര്‍ഥികളും അധ്യാപകരുമാണ്. എന്‍എസ്എസ് യൂണിറ്റുകളുടേയും ലയണ്‍സ് ക്ലബ്ബുകളുടേയും സഹകരണത്തോടെ എല്ലാ കലാലയങ്ങളിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കും. സിഡി പ്രകാശനം ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി എ തോമാച്ചന്‍ മന്ത്രിക്ക് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. എന്‍എസ്എസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ ജേക്കബ് തോമസ്സ് വിഷയാവതരണം നടത്തി. സൈബര്‍ സെല്‍ ഡിവൈഎസ്പി മുഹമ്മദ് ഹാരിഫ്, തൃശൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ് സന്തോഷ് ജോണ്‍ തൂവല്‍, മാര്‍ തോമ സ്‌കൂള്‍ മാനേജര്‍ ഫാ. ജേക്കബ് സി മാത്യു, ലയണ്‍സ് ക്ലബ്ബ് സോണ്‍ ചെയര്‍മാന്‍ ജെയിംസ് വളപ്പില, എന്‍എസ്എസ് ജില്ലാ കോര്‍ഡിനേറ്റര്‍ സി കെ ബേബി, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കെ ആര്‍ മണികണ്ഠന്‍, മാര്‍ തോമ ഗേള്‍സ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ റിന്‍സ് പി സെബാസ്റ്റ്യന്‍ സംസാരിച്ചു. തൃശൂര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് അഡ്വ. പ്രവീണ്‍, റീജണല്‍ ചെയര്‍മാന്‍ തോമസ്സ് പൊടിപ്പാറ എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ സി കെ ബേബി, സംവിധായകന്‍ പ്രസാദ് ജി എഡ്വേര്‍ഡ് എന്നിവരെ ആദരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss