|    Jan 22 Sun, 2017 5:42 pm
FLASH NEWS

വിദ്യാര്‍ഥികളുടെ തട്ടിക്കൊണ്ടുപോവല്‍ നാടകം; വട്ടംചുറ്റി പോലിസും രക്ഷിതാക്കളും

Published : 8th October 2016 | Posted By: Abbasali tf

കാട്ടാക്കട: ഊരൂട്ടമ്പലത്തു തട്ടിക്കൊണ്ടു പോകല്‍ നാടകം. വിദ്യാര്‍ഥികള്‍ നടത്തിയ തട്ടിക്കൊണ്ടു പോകല്‍ നാടകം പോലിസിനെയും നാട്ടുകാരെയും വട്ടം ചുറ്റിച്ചു. ഇന്നലെ രാവിലെയോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കം. ഊരൂട്ടമ്പലം ഗോവിന്ദമംഗലം സ്വദേശികളായ മാറനല്ലൂരിലെയും നെയ്യാറ്റിന്‍കര ബോയ്‌സ് സ്‌കൂളിലെയും വിദ്യാര്‍ഥികളാണ് കഥപാത്രങ്ങള്‍. പ്ലസ് വണ്‍, ഒമ്പത്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍  മൂവരുമായി ഇന്നലെ രാവിലെ ക്ലാസ് കട്ട് ചെയ്തു കോവളത്ത് പോയിരുന്നു. സംശയകരമായ രീതിയില്‍ ഇവിടെ കറങ്ങുന്ന കുട്ടികളെ കണ്ട കോവളം പോലിസ് കാര്യങ്ങള്‍ തിരക്കി തന്ത്രപൂര്‍വം ഇവരെ സ്‌റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചറിയിച്ചതനുസരിച്ചു കുട്ടികളിലൊരാളുടെ പിതാവ് എത്തി കുട്ടികളെ ഊരൂട്ടമ്പലം ബസില്‍ കയറ്റി വിട്ട ശേഷം ജോലി സ്ഥലത്തേക്ക് തിരികെ പോയി. എന്നാല്‍ ഊരൂട്ടമ്പലത്തു എത്തിയ പ്ലസ്‌വണ്ണിനും ഒമ്പതാം ക്ലാസ്സിലും പഠിക്കുന്ന കുട്ടികളെ ഇന്നോവ കാറില്‍ എത്തിയവര്‍ പിടിച്ചു വലിച്ചു കയറ്റി കൊണ്ട് പോകുകയും താന്‍ കുതറി ഓടി രക്ഷപ്പെടുകയുമായിരുന്നു എന്നും ഏഴാം ക്ലാസുകാരന്‍ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കള്‍ ഉടന്‍ വിവരം പോലിസിനെ അറിയിക്കുകയും ചെയ്തു. ഇതോടെ മാറനല്ലൂര്‍ എസ്‌ഐ ശാന്തകുമാറിന്റെ നേതൃത്വത്തില്‍ പോലിസും സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും  സ്ഥലത്തെത്തി അന്വേഷണം നടത്തുകയും വിവിധ സ്‌റ്റേഷനിലേക്ക് വയര്‍ലെസ്സ് സന്ദേശം കൈമാറുകയും ചെയ്തു. ഇതിനിടെ സെക്രട്ടേറിയേറ്റ് പരിസരത്തു കറങ്ങി നടന്ന രണ്ടു കുട്ടികളെ കന്റോണ്‍മെന്റ് പോലിസ് പിടികൂടിയതായി സന്ദേശമെത്തി. വിശദമായ അന്വേഷണത്തില്‍ ഊരൂട്ടമ്പലത്തു നിന്നു കാണാതായവരാണ് എന്നറിഞ്ഞ് പോലിസും രക്ഷകര്‍ത്താക്കളും കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ എത്തിയതോടെയാണ് നാടകീയ സംഭവങ്ങള്‍ക്കു തിരശ്ശീല വീണത്. രാവിലെ രക്ഷകര്‍ത്താവ് ബസില്‍ കയറ്റി വിട്ടെങ്കിലും വീട്ടില്‍ പോകാന്‍ ഭയന്ന തങ്ങള്‍ ഉണ്ടാക്കിയ കഥയാണെന്നും തങ്ങളെ കാറില്‍ എത്തിയവര്‍ തട്ടിക്കൊണ്ടു പോയതായി വീട്ടില്‍ അറിയിക്കണമെന്നും ഒരു കുട്ടിയെ ചട്ടം കെട്ടുകയും ചെയ്തതായും ഇവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക