|    Dec 17 Mon, 2018 12:22 pm
FLASH NEWS
Home   >  Kerala   >  

വിദ്യാഭ്യാസ സ്ഥാപന ബസ്സുകളില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ജിപിഎസ് നിര്‍ബന്ധം

Published : 14th August 2018 | Posted By: G.A.G

തിരുവനന്തപുരം: ഒക്ടോബര്‍ ഒന്നു മുതല്‍ ജിപിഎസ് ഘടിപ്പിക്കാത്ത വിദ്യാഭ്യാസ സ്ഥാപന ബസ്സുകള്‍ നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷനര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിനും മേല്‍നോട്ടത്തിനുമായി സി-ഡാക്കുമായി ചേര്‍ന്ന് ‘സുരക്ഷാമിത്ര’ എന്ന പേരില്‍ വാഹനനിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യോഗ്യതാ മാനദണ്ഡങ്ങളില്‍ വിജയിച്ച ജിപിഎസ് വെഹിക്കിള്‍ ട്രാക്കിങ് യൂനിറ്റുകളുടെ പട്ടിക മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റിലുണ്ട്. ഇതില്‍നിന്നു വാഹനഉടമകള്‍ക്ക് ഇഷ്ടമുള്ള ഉപകരണങ്ങള്‍ തിരഞ്ഞെടുത്ത് അവരവരുടെ വാഹനത്തില്‍ ഘടിപ്പിക്കാം. ഈ സംവിധാനം ഘടിപ്പിച്ച വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ തിരുവനന്തപുരം ട്രാന്‍സ്പോര്‍ട്ട് കമ്മീഷനറുടെ ആസ്ഥാനത്ത് കേന്ദ്രീകൃത നിരീക്ഷണ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. കൂടാതെ എല്ലാ ആര്‍ടി ഓഫിസുകളിലും പ്രത്യേക നിരീക്ഷണ സംവിധാനവുമുണ്ട്. ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തുന്നതുവഴി മോട്ടോര്‍ വാഹന വകുപ്പ്, നാഷനല്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീം, വാഹന ഉടമ, സ്‌കൂള്‍ അധികൃതര്‍, സ്ഥാപന അധികൃതര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ക്ക് വാഹനത്തിന്റെ സഞ്ചാരപഥം, സമയം, വേഗത തുടങ്ങിയവ നിരീക്ഷിക്കാം. ടില്‍റ്റ് സെന്‍സറുകള്‍ വഴി സ്‌കൂള്‍ വാഹനങ്ങള്‍ 40 ഡിഗ്രിയിലധികം ചരിഞ്ഞാല്‍ അടിയന്തര അപായ സന്ദേശങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാവും. അടിയന്തര അത്യാഹിതങ്ങള്‍, അമിതവേഗത, ബുദ്ധിമുട്ടുകള്‍, ഉപദ്രവങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് പ്രതികരിച്ച് അടിയന്തര സന്ദേശം നല്‍കാന്‍ പാനിക് ബട്ടണും ഉണ്ട്. ഈ സംവിധാനം ദുരുപയോഗം നടത്തിയാല്‍ നിയമപരമായ ശിക്ഷ നല്‍കും. പാനിക് ബട്ടണ്‍ വിച്ഛേദിക്കാനോ കേടുവരുത്താനോ സാധിക്കില്ല. ഇങ്ങനെ ശ്രമിച്ചാല്‍ കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിക്കും. ആദ്യഘട്ടം വിദ്യാഭ്യാസ സ്ഥാപന വാഹനമായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളില്‍ നടപ്പാക്കിയശേഷം തുടര്‍ന്ന് വിദ്യാര്‍ഥികളെ കൊണ്ടുപോവുന്ന എല്ലാത്തരം വാഹനങ്ങളിലും ഈ സംവിധാനം നിര്‍ബന്ധമാക്കും. ഇതുസംബന്ധിച്ച സംശയങ്ങള്‍ക്ക് പ്രവൃത്തിദിനങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ ദക്ഷിണമേഖലാ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് എം സുരേഷ് (8281786097), ദേശസാത്കൃത വിഭാഗം ആര്‍ടിഒ പി എം ഷാജി(8547639015) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss