|    Nov 17 Sat, 2018 10:00 am
FLASH NEWS

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നിട്ടും അറ്റകുറ്റപ്പണിയില്ല ; നെടുങ്കണ്ടം-താന്നിമൂട് റോഡ് അപകടക്കെണിയായി

Published : 7th June 2017 | Posted By: fsq

 

നെടുങ്കണ്ടം: നെടുങ്കണ്ടം-താന്നിമൂട് റോഡിലൂടെ ജീവന്‍ പണയംവച്ചേ യാത്ര ചെയ്യാനാവൂ. നെടുങ്കണ്ടം കിഴക്കേകവല മുതല്‍ താന്നിമൂട് ജങ്ഷന്‍വരെ ചെറുതുംവലുതുമായ കുഴികള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാ ണ്. കാലവര്‍ഷമെത്തിയിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നിട്ടും അറ്റകുറ്റപ്പണി ചെയ്യാത്തതാണു വിനയായത്. ഇപ്പോള്‍ റോഡിന്റെ പല സ്ഥലത്തും വെള്ളക്കെട്ടാണ്. ഒപ്പം ആഴത്തിലുള്ള കുഴികളും നിറഞ്ഞു. ദിവസേന നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോവുന്ന റോഡിലാണ് ഈ ദുസ്ഥിതി. കല്ലാര്‍ പാലം തുറക്കുംമുമ്പ് കട്ടപ്പന, കമ്പം, കുമളി, രാമക്കല്‍മേട്, കൂട്ടാര്‍ മേഖലകളിലേക്കുള്ള എല്ലാ വാഹനങ്ങളും ഈ വഴിയാണ് കടന്നുപോയിരുന്നു. ഗട്ടറുകള്‍ മൂലം ഇവിടെ പലപ്പോഴും ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. പാലം തുറന്നപ്പോള്‍ തിരക്ക് കുറഞ്ഞു. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നതോടെ തിരക്ക് ഇരട്ടിയായി. മഴക്കാലംകൂടി എത്തിയതോടെ ഒരുതരത്തിലും കടന്നുപോവാനാവാത്ത സ്ഥിതിയാണ്. ഗട്ടറുകള്‍ ഒഴിവാക്കാന്‍ വാഹനങ്ങള്‍ എതിര്‍ദിശകളിലൂടെയാണ് പലപ്പോഴും പോവുന്നത്. ഇത് അപകടം ക്ഷണിച്ചുവരുത്തുന്നു. ട്രിപ്പ് ജീപ്പുകളും ടിപ്പറുകളും ചീറിപ്പായുന്നതും അപായഭീഷണിയുയര്‍ത്തുന്നു. ഇരുചക്ര വാഹനയാത്രക്കാര്‍ക്കാണ് ഏറെ ദുരിതം. വെള്ളം നിറഞ്ഞുകിടക്കുന്ന കുഴികളില്‍ കുടുങ്ങി നിയന്ത്രണംവിട്ടു മറിയുന്നത് നിത്യസംഭവമാണ്. നെടുങ്കണ്ടം-താന്നിമൂട് റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. നെടുങ്കണ്ടം ഗ്രാമപ്പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ് ഈ റോഡ്. വാര്‍ഡ് മെമ്പര്‍മാരെ അടക്കം പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ആവശ്യമായ നടപടിക ള്‍ കൈക്കൊണ്ടിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു. മേഖലയിലെ ജനങ്ങള്‍ എല്ലാ തരത്തി ലും ആശ്രയിക്കുന്ന പ്രധാന സിറ്റി നെടുങ്കണ്ടമാണ്. ആശുപത്രി, സര്‍ക്കാര്‍ സ്ഥാപന ങ്ങള്‍, ഗ്രാമപ്പഞ്ചായത്ത് ആസ്ഥാനം, സ്‌കൂളുകള്‍ കോളജുകള്‍ തുടങ്ങി എല്ലാ സംവിധാനങ്ങളും നെടുങ്കണ്ടത്താണ്. അതിനാല്‍തന്നെ ആയിരക്കണക്കിനു പേരാണ് ഈ റൂട്ടിലൂടെ നെടുങ്കണ്ടത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. ഒപ്പം നിരവധി ബസ്സുകളും ഈ റൂട്ടിലൂടെ സര്‍വീസ് നടത്തുന്നുണ്ട്. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതോടെ റോഡിന്റെ ശോച്യാവസ്ഥ കൂടുതല്‍ പരിതാപകരമാവും. താന്നിമൂട് പാലത്തിനു സമീപവും കോമ്പയാര്‍ റോഡിലുമെല്ലാം കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണിയെങ്കിലും നടത്തി യാത്രാക്ലേശം പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണു ജനങ്ങളുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss