|    Jun 28 Wed, 2017 12:32 pm
FLASH NEWS

വിദ്യാഭ്യാസ വായ്പ: ബാങ്ക് അധികൃതര്‍ ഭീഷണിപ്പെടുത്തുന്നെന്നു പരാതി

Published : 17th November 2016 | Posted By: SMR

കല്‍പ്പറ്റ: വിദ്യാഭ്യാസ വായ്പയെടുത്ത കുടുംബങ്ങളെ ബാങ്ക് അധികൃതര്‍ വീടുകളിലെത്തി ഭീഷണിപ്പെടുത്തുന്നതായി എജ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ബാങ്കുകള്‍ ഏകപക്ഷീയ നടപടികളാണെടുക്കുന്നത്. വിദ്യാഭ്യാസ വായ്പകള്‍ കാര്‍ഷിക വായ്പകളുമായി ബന്ധപ്പെടുത്തി പോലും ബാങ്കുകള്‍ വായ്പക്കാരെ പീഡിപ്പിക്കുകയാണ്. മാനന്തവാടി ഏരിയയില്‍ മാത്രം 30ലധികം പേര്‍ കോടതി നടപടികള്‍ നേരിടുന്നു. 2013 വരെ ജില്ലയില്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്ന് 13,240 പേരാണ് വിദ്യാഭ്യാസ വായ്പയെടുത്തിരിക്കുന്നത്. ഇവരുടെ വായ്പാ തുക 248.52 കോടി വരും. സഹകരണ ബാങ്കുകളില്‍ നിന്നുമെടുത്ത വായ്പ വേറെയുമുണ്ട്. നിലവില്‍ ജോലിയില്ലാത്തവരും തുച്ഛമായ ശമ്പളം വാങ്ങുന്നവരും എടുത്ത വായ്പകളിലാണ് തിരിച്ചടവ് മുടങ്ങിയിരിക്കുന്നത്. ഇവര്‍ക്കെതിരേയാണ് ബാങ്കുകള്‍ നടപടികളുമായി മുന്നോട്ടുപോവുന്നത്. വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കുന്ന പദ്ധതികള്‍ നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ നൂറുകണക്കിന് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പയെടുത്തവരെ സഹായിക്കാനായി 2,600 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ഈ പദ്ധതി പൂര്‍ണമായി നടപ്പാക്കായില്ല. അതിനു ശേഷം അധികാരത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പാ കടനിധി രൂപീകരിക്കുകയുണ്ടായി. ഈ പദ്ധതിയും മരവിപ്പിച്ചിരിക്കുകയാണ്.  അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ 20നു രാവിലെ 10.30ന് കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എം കെ രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പി പി നിര്‍മലന്‍, ജോയി കോലാടന്‍, ഫ്രാന്‍സിസ് പുന്നോലില്‍, എം ഡി പ്രഭാകരന്‍, ജോസ് കടുപ്പില്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ടി ഡി മാത്യു, ശ്രീധരന്‍ ഇരുപുത്ര, എം വി പ്രഭാകരന്‍, ഉസ്മാന്‍ തലപ്പുഴ, കെ വേണുഗോപാല്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക