|    Mar 26 Sun, 2017 9:12 am
FLASH NEWS

വിദ്യാഭ്യാസ വായ്പ തിരിച്ചു പിടിക്കല്‍; ബാങ്കുകളുടെ പുതിയ രീതി അനുവദിക്കില്ല: മുഖ്യമന്ത്രി

Published : 27th September 2016 | Posted By: SMR

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പാ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ സാധാരണ സംവിധാനത്തില്‍നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തെ ബാങ്കുകള്‍ സ്വീകരിക്കുന്ന പുതിയ രീതി അനുവദിക്കാന്‍ പറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഒരു സര്‍ക്കാര്‍ സംവിധാനവും അതിന്റെ ഭാഗമായി മാറരുത്. കുടുംബത്തെയും വിദ്യാര്‍ഥിയെയും സംരക്ഷിക്കുന്ന സമീപനമായിരിക്കണം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ടത്.
വീടില്ലാത്തവര്‍ക്ക് വീടുവച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ഉള്ള വീട്ടില്‍നിന്ന് ഇറക്കിവിടുന്ന രീതി റവന്യൂ വകുപ്പ് സ്വീകരിക്കാന്‍ പാടില്ല. ബാങ്കുകളുടെ യോഗം വിളിച്ച് അവരുമായി ഇക്കാര്യങ്ങള്‍ സംസാരിക്കുമെന്നും പി സി ജോര്‍ജിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. വിദ്യാഭ്യാസ വായ്പാ പ്രശ്‌നം കേരളം നേരിടുന്ന ഗൗരവമായ വിഷയമാണ്.
ബാങ്കുകള്‍ വായ്പ നല്‍കുന്നത് വിദ്യാര്‍ഥികള്‍ക്കാണ്. അതുകൊണ്ടുതന്നെ ജോലികിട്ടിയാല്‍ മാത്രമേ ഇത് തിരിച്ചടയ്ക്കാന്‍ കഴിയൂ. ഈ വ്യവസ്ഥയിലായിരിക്കണം ബാങ്കുകള്‍ വായ്പ നല്‍കേണ്ടത്. ജോലി കിട്ടാത്തവരില്‍നിന്ന് വായ്പ തിരിച്ചുപിടിക്കാന്‍ ശ്രമിക്കരുത്. വിദ്യാര്‍ഥികള്‍ക്ക് ജോലി കിട്ടിയാല്‍ത്തന്നെ വായ്പ തിരിച്ചുപിടിക്കുന്നതിന് ചില ക്രമീകരണങ്ങളുണ്ടാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വായ്പ തിരിച്ചടയ്ക്കാത്ത വിദ്യാര്‍ഥികളുടെ കുടുംബത്തെ ബാങ്കുദ്യോഗസ്ഥരും റിലയന്‍സ് കമ്പനിയും ചേര്‍ന്ന് ദ്രോഹിക്കുകയാണെന്ന് പി സി ജോര്‍ജ് ആരോപിച്ചു.
ജോലി കിട്ടാത്തതിന്റെ പേരില്‍ വായ്പ തിരിച്ചടയ്ക്കാത്തവരുടെ വീടുകള്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെത്തി ജപ്തി ചെയ്യുകയാണ്. വായ്പയെടുത്ത വിദ്യാര്‍ഥി മരിച്ചിട്ടും രക്ഷകര്‍ത്താക്കളെ ബാങ്കുകള്‍ ബുദ്ധിമുട്ടിക്കുകയാണ്. ഇതിന്റെ പേരില്‍ ആലപ്പുഴയില്‍ ഒരു കുടുംബം ആത്മഹത്യ ചെയ്‌തെന്നും പി സി ജോര്‍ജ് ചൂണ്ടിക്കാട്ടി.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക