|    Oct 17 Tue, 2017 9:45 am

വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതി: വെബ്‌പോര്‍ട്ടല്‍ നിലവില്‍വന്നു

Published : 5th August 2017 | Posted By: fsq

 

തിരുവനന്തപുരം: രാജ്യത്തെ സമാനതകളില്ലാത്ത സര്‍ക്കാര്‍ പദ്ധതിയാണ് വിദ്യാഭ്യാസവായ്പാ തിരിച്ചടവ്  സഹായ പദ്ധതിയെന്ന് മന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. പദ്ധതിയുടെ വെബ്‌പോര്‍ട്ടല്‍ ഉദ്ഘാടന ചടങ്ങില്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് കടക്കെണിയിലായ സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്ന എല്ലാ വിദ്യാര്‍ഥികളും ഈ പദ്ധതിയുടെ പരിധിയില്‍ വരും. എന്നാല്‍ സംസ്ഥാനത്തിനുപുറത്തുനിന്നു വായ്പയെടുത്തവരും, എന്‍ആര്‍ഐ, മാനേജ്‌മെന്റ് ക്വാട്ടകളില്‍ പ്രവേശനം ലഭിച്ചവരും, വിദേശത്തു പഠനം നടത്താന്‍ വായ്പയെടുത്തവരും പദ്ധതിയുടെ പരിധിയില്‍ വരില്ല. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാനുള്ള കുടുംബ വാര്‍ഷിക വരുമാനപരിധി ആറു ലക്ഷം രൂപ വരെയാണ്. വായ്പയെടുത്തയാള്‍ മരണപ്പെടുകയോ സ്ഥിരമായ അംഗഭംഗം സംഭവിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ വരുമാനപരിധി ഒമ്പതുലക്ഷം രൂപ വരെയായിരിക്കും. പദ്ധതി പ്രകാരം, 2016 മാര്‍ച്ച് 31നോ അതിനുമുമ്പോ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ട നാലുലക്ഷം രൂപ വരെയുള്ള വായ്പകളുടെ അടിസ്ഥാന തുകയുടെ 60 ശതമാനം സര്‍ക്കാര്‍ അടയ്ക്കും. നാലുലക്ഷത്തിനുമുകളില്‍ ഒമ്പതു ലക്ഷം വരെയുള്ള വായ്പയുടെ കുടിശ്ശികത്തുകയുടെ 50 ശതമാനം വരെയാണ് സര്‍ക്കാര്‍ വിഹിതമായി ലഭിക്കുക. പഠന കാലയളവിലോ, വായ്പാ കാലയളവിലോ മരണപ്പെടുകയോ അപകടം മൂലമോ അസുഖം മൂലമോ ശാരീരികമായോ മാനസികമായോ സ്ഥിരവൈകല്യമുണ്ടാവുകയോ ചെയ്താല്‍  അവരുടെ മുഴുവന്‍ വായ്പാ തുകയും സര്‍ക്കാര്‍ അടയ്ക്കും. നിഷ്‌ക്രിയ ആസ്തിയായി മാറാത്ത അക്കൗണ്ടുകളാണെങ്കില്‍ ഒന്നാം വര്‍ഷം തൊണ്ണൂറു ശതമാനവും തുടര്‍ന്ന് 75, 50, 25 ശതമാനം വീതവും സര്‍ക്കാര്‍ വിഹിതമായി നല്‍കുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു. മന്ത്രിമാരായ കെകെ ശൈലജ, പ്രാഫ. സി രവീന്ദ്രനാഥ് സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക