|    Apr 27 Thu, 2017 10:43 am
FLASH NEWS

വിദ്യാഭ്യാസ വായ്പയെടുത്തവര്‍ ജപ്തിഭീഷണിയില്‍

Published : 2nd November 2016 | Posted By: SMR

എം വി വീരാവുണ്ണി

പട്ടാമ്പി: വിദ്യാഭ്യാസ വായ്പയെടുത്ത് തിരച്ചടക്കാതെ കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ ബാങ്കുകള്‍ ഭീഷണിയും ജപ്തി നടപടികളും തുടങ്ങി. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയിരുന്ന മൊറോട്ടോറിയം കഴിഞ്ഞ ആഗസ്റ്റ് മുപ്പത്തൊന്നിന് അവസാനിച്ചതോടെയാണ് ബാങ്കുകള്‍ നടപടികള്‍ ആരംഭിച്ചത്.  ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കാലാവധി നീട്ടി നല്‍കാത്തതാണ് ഇപ്പോള്‍ പ്രശ്‌നം രൂക്ഷമാക്കിയിട്ടുള്ളത്. ആലപ്പുഴ ജില്ലയില്‍ ചെങ്ങണ്ട സ്വദേശിയായ ലോട്ടറി വില്‍പ്പനക്കാരന്‍ ഫല്‍ഗുണന്‍ മകളുടെ  നഴ്‌സിങ് പഠനത്തിനെടുത്ത അറുപത്തെണ്ണായിരം രൂപയില്‍ ഇരുപതിനായിരം രൂപ തിരിച്ചടച്ചിരുന്നു. ബാക്കിസംഖ്യയ്ക്കുള്ള കാലാവധി കഴിഞ്ഞതിനാല്‍ ബാങ്ക് ജപ്തി നടപടി തുടങ്ങിയതോടെ ഇദ്ദേഹം ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. ആലപ്പുഴയിലെ പെട്ടിക്കട നടത്തിയിരുന്ന കൃഷ്ണന്‍ കുട്ടി മകളുടെ നഴ്‌സിങ് പഠനത്തിനാണ് ഒന്നേകാല്‍ ലക്ഷം രൂപ വായ്‌പെയടുത്തത്. പകുതിയോളം തിരിച്ചടച്ച ശേഷം കുടിശ്ശിക വരുത്തിയവര്‍ക്കായി സംഘടിപ്പിച്ച അദാലത്തില്‍ വച്ച് ഉദ്യോഗസ്ഥന്‍മാര്‍ മാനസികമായി പീഡിപ്പിച്ചതില്‍ മനംനൊന്ത് കഴിഞ്ഞ ഇരുപത്തൊമ്പതിന് ആത്മഹത്യ ചെയ്യുകയും ചെയ്തു.  മൊറട്ടോറിയം അവസാനിച്ചതോടെ സംസ്ഥാനത്തൊട്ടാകെ ആറ് ലക്ഷത്തോളം രക്ഷിതാക്കളും വിദ്യാര്‍ഥികളുമാണ് കടക്കെണിയില്‍ കുടുങ്ങിയിട്ടുള്ളത്. വിദ്യാഭ്യാസ വായ്പക്ക് ഈടൊന്നും വേണ്ടന്ന് പറയുമെങ്കിലും ഭൂരിഭാഗം പേരും താമസിക്കുന്ന വീടും സ്ഥലവും പണയപ്പെടുത്തിയാണ്  വായ്പ എടുത്തിട്ടുള്ളത്. വസ്തു ജാമ്യമില്ലാതെ കൊടുത്തിട്ടുള്ള അപൂര്‍വം രക്ഷിതാക്കളെ ഫോണിലും നേരിട്ടും ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്. ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തവരാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്.  ലീഡ് ബാങ്കുകളായ എസ്ബിഐ, എസ്ബിടി, കാനറ ബാങ്ക് എന്നിവയില്‍ നിന്നാണ് കൂടുതലും വായ്പ എടുത്തിട്ടുള്ളത്. ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കാനും മൊറട്ടോറിയ കാലാവധി പുതുക്കി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട്‌കൊണ്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കിയെങ്കിലും യാതൊരു ആശ്വാസ നടപടിയും ഉണ്ടായില്ലെന്ന്  വായ്പയെടുത്ത രക്ഷിതാക്കള്‍ പറയുന്നു.  ആറ് ലക്ഷത്തോളം രക്ഷിതാക്കളും വിദ്യാര്‍ഥികളുും വായ്പ തിരിച്ചടക്കാനാവാതെ നെട്ടോട്ടമോടുമ്പോള്‍ പരിഹാരത്തിനായി മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് മൊറട്ടോറിയം നീട്ടി നല്‍കണമെന്നാണ് കടക്കെണിയിലായവരുടെ ആവശ്യം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day