|    Dec 14 Fri, 2018 8:20 am
FLASH NEWS
Home   >  Editpage  >  Lead Article  >  

വിദ്യാഭ്യാസ വായ്പയും തിരിച്ചടവും

Published : 18th May 2017 | Posted By: fsq

 

കെ എ  മുഹമ്മദ് ഷമീര്‍

ഇക്കഴിഞ്ഞ ഏപ്രില്‍ 27ന് മുഖ്യമന്ത്രി നിയമസഭയില്‍ ഒരു വിദ്യാഭ്യാസ വായ്പാ സഹായ പദ്ധതി പ്രഖ്യാപിക്കുകയുണ്ടായി. അതില്‍ ആമുഖമായി ഇങ്ങനെ പറയുന്നു: നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസ വായ്പാ കുടിശ്ശികയും ബാങ്കുകളുടെ നടപടികളും സാമൂഹികമായ പ്രശ്‌നമായി മാറിയിട്ടുണ്ട്. വിദ്യാഭ്യാസ വായ്പയ്ക്കായി വീടും വസ്തുക്കളും ഈടുവച്ച് കടക്കെണിയില്‍പ്പെട്ട, സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളെ സഹായിക്കുന്ന ഒരു തിരിച്ചടവ് സഹായ പദ്ധതിയാണ് നമുക്കാവശ്യം.പദ്ധതിയുടെ രീതി ഇപ്രകാരമാണ്: നിഷ്‌ക്രിയ ആസ്തിയില്‍പ്പെടാത്തതും 9 ലക്ഷം രൂപ വരെ വായ്പയെടുത്ത, 2016 ഏപ്രില്‍ ഒന്നിന് വായ്പാ തിരിച്ചടവ് തുടങ്ങിയവരുടെ ലോണ്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ സഹായിക്കും. ഒന്നാം വര്‍ഷം 90 ശതമാനവും രണ്ടാം വര്‍ഷം 75 ശതമാനവും മൂന്നാം വര്‍ഷം 50 ശതമാനവും നാലാം വര്‍ഷം 25 ശതമാനവും അടച്ചാണ് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് പണം തിരിച്ചുനല്‍കുക. നിഷ്‌ക്രിയ ആസ്തിയില്‍പ്പെട്ടതും 2016 മാര്‍ച്ച് 31ന് തിരിച്ചടവ് തുടങ്ങി 40 ശതമാനം പണം അടച്ചുകഴിഞ്ഞതുമായ/അടയ്ക്കാന്‍ തയ്യാറായ, 4 ലക്ഷം രൂപ വരെ വായ്പയെടുത്തവരുടെ ബാക്കി 60 ശതമാനം തുക സര്‍ക്കാര്‍ നല്‍കും.ഏപ്രില്‍ ഒന്നാം തിയ്യതി മുതല്‍ പദ്ധതിക്ക് മുന്‍കാലപ്രാബല്യമുണ്ട്. ആറു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അംഗവൈകല്യമുള്ള വിദ്യാര്‍ഥിയാണെങ്കില്‍ 9 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുണ്ടെങ്കിലും സര്‍ക്കാര്‍ പണമടയ്ക്കും. പദ്ധതി നടപ്പാക്കുമ്പോള്‍ 900 കോടി രൂപയുടെ ബാധ്യത സര്‍ക്കാരിന് ഉണ്ടാവുമെന്നാണ് സ്‌റ്റേറ്റ് ബാങ്കേഴ്‌സ് കമ്മിറ്റിയില്‍ കണക്കാക്കിയത്.എന്നാല്‍, ഇത്തരമൊരു പദ്ധതി ആരെ ഉദ്ദേശിച്ചാണ് തുടങ്ങിയത്, ആര്‍ക്കൊക്കെയാണ് ഗുണം ചെയ്യുക തുടങ്ങിയവയെക്കുറിച്ചാണ് ചര്‍ച്ച ഉയരേണ്ടത്. പദ്ധതി പ്രഖ്യാപനത്തിന്റെ ആമുഖം സൂചിപ്പിക്കുന്നത് അനുസരിച്ച് നിഷ്‌ക്രിയ ആസ്തിയില്‍പ്പെട്ട് ബാങ്കുകളുടെ നടപടി നേരിടേണ്ടിവരുന്നവര്‍ക്കാണ് ഈ പദ്ധതി ഉപയോഗപ്രദമാവേണ്ടത്. ഒരു ലോണ്‍ നിഷ്‌ക്രിയ ആസ്തിയില്‍പ്പെടുന്നത് 90 ദിവസം തുടര്‍ച്ചയായി അടവ് മുടങ്ങുമ്പോഴാണ്. കേരളത്തില്‍ വിദ്യാഭ്യാസ വായ്പയെടുത്ത് ബാങ്കുകളുടെ നടപടിക്കു വിധേയമായി സര്‍ക്കാര്‍ സഹായം അനിവാര്യമായി മാറിയവര്‍ ഭൂരിപക്ഷം പേരും നിഷ്‌ക്രിയ ആസ്തിയില്‍പ്പെട്ടവരാണ്. തിരിച്ചടയ്ക്കാന്‍ കഴിവില്ലാത്തവര്‍ സ്വാഭാവികമായും നിഷ്‌ക്രിയ ആസ്തിയില്‍പ്പെടുകയും ചെയ്യും. എന്നാല്‍ ഈ സഹായ പദ്ധതി യഥാര്‍ഥത്തില്‍ ഉപകാരപ്പെടുക ലോണ്‍ തുക കൃത്യമായി അടച്ചുപോരുന്ന അത്യാവശ്യം സാമ്പത്തികഭദ്രതയുള്ളവര്‍ക്കായിരിക്കും. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ആദ്യഭാഗം വ്യക്തമാക്കുന്നത് അതാണ്. അങ്ങനെ വരുമ്പോള്‍ ഈ പദ്ധതി മുഖ്യമന്ത്രി ആദ്യം ആമുഖത്തില്‍ പറഞ്ഞ, വീടും കുടുംബവും ഈടുവച്ച് ലോണെടുത്തു കടക്കെണിയിലായവര്‍ക്ക് സഹായമാണെന്ന അവകാശവാദം ശുദ്ധ തട്ടിപ്പാണ്.ഇനി നിഷ്‌ക്രിയ ആസ്തിയില്‍പ്പെട്ടവര്‍ക്ക് തിരിച്ചടവു സഹായം ലഭിക്കണമെങ്കില്‍ ലോണ്‍ തുക പരമാവധി 4 ലക്ഷം ആയിരിക്കുകയും തിരിച്ചടയ്‌ക്കേണ്ടതിന്റെ 40 ശതമാനം അടച്ചുതീര്‍ക്കുകയോ ഒന്നിച്ച് അടച്ചുതീര്‍ക്കാന്‍ തയ്യാറാവുകയോ ചെയ്യുകയും വേണം. ഇത്തരക്കാര്‍ക്ക് ബാങ്ക് പലിശ ഇളവു ചെയ്തുകൊടുത്താല്‍ സര്‍ക്കാര്‍ ബാക്കി 60 ശതമാനം തുക അടച്ചുവീട്ടാന്‍ സഹായിക്കും. മാസാമാസം കൃത്യമായി അടയ്ക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്നവര്‍ ഇനി എങ്ങനെയെങ്കിലും പണം സംഘടിപ്പിച്ച് അടയ്ക്കാന്‍ തയ്യാറായാല്‍ തന്നെ ഈ പദ്ധതി ലഭ്യമാവണമെങ്കില്‍ ബാങ്കുകള്‍ പലിശ ഇളവുചെയ്തുകൊടുക്കാന്‍ തയ്യാറാവുകയും വേണം.ഇവിടെയെല്ലാം ഏതെങ്കിലും തരത്തില്‍ ഗുണമുണ്ടാവുന്നത് കൃത്യമായി ലോണ്‍ തുക അടച്ചുപോരുന്നവര്‍ക്കു മാത്രമാണ്. അല്ലാതെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്കല്ലെന്നു വ്യക്തം. ഈ പദ്ധതിയുടെ ഏറ്റവും പ്രയാസകരമായ കാര്യം, ബാങ്കുകള്‍ തയ്യാറായാല്‍ മാത്രമേ ഈ പദ്ധതി നടപ്പാവുകയുള്ളൂ എന്നതാണ്. മാത്രമല്ല, ഈ സഹായ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ എസ്ബിഐ വിദ്യാഭ്യാസ ലോണുകള്‍ കിട്ടാക്കടമായ 847 കോടി രൂപ തിരിച്ചുപിടിക്കാന്‍ റിലയന്‍സിനെ ഏല്‍പിച്ച നടപടിയെക്കുറിച്ച് മുഖ്യമന്ത്രിയുടെ പരാമര്‍ശമൊന്നുമില്ല. ബാങ്കുകളില്‍ ലോണുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥികള്‍ ചെല്ലുമ്പോള്‍ റിലയന്‍സിന് കൈമാറിയതായാണ് അവര്‍ പറയുന്നത്. മാത്രമല്ല, റിലയന്‍സിന്റെ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി പല വിദ്യാര്‍ഥികളെയും ബന്ധപ്പെട്ട് തുക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെടുകയും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു തുടങ്ങി. കേരളത്തിലെ 128 കോടിയോളം രൂപയാണ് റിലയന്‍സിനു കൈമാറിയിട്ടുള്ളത്. എന്നാല്‍ ഈ വിദ്യാഭ്യാസ വായ്പയുടെ വിഷയത്തിലുള്ള വ്യക്തത ഇനിയും സര്‍ക്കാരില്‍നിന്ന് ലഭിച്ചിട്ടില്ല. നിഷ്‌ക്രിയ ആസ്തിയില്‍പ്പെട്ടത് ആയതുകൊണ്ട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വച്ചു നോക്കിയാല്‍ ഈ വിദ്യാര്‍ഥികള്‍ക്കും ഗുണമൊന്നുമുണ്ടാവില്ല.ഇവിടെ യഥാര്‍ഥത്തില്‍ പ്രശ്‌നങ്ങള്‍ നില്‍ക്കുന്നത് ഭരണകൂട നയങ്ങളിലാണ്. ഒരു രാജ്യത്തെ എല്ലാവിധ പുരോഗതിയുടെയും വികസനത്തിന്റെയും മാനദണ്ഡം സമൂഹത്തിലെ അടിത്തട്ടിലുള്ളവരുടെ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസം അടിസ്ഥാനപ്പെടുത്തിയാണെന്നിരിക്കെ അതിനു വേണ്ടി ചെലവഴിച്ചുകൊണ്ടിരിക്കുന്നത് തുച്ഛമായ തുകയാണ് എന്നതില്‍നിന്നു തന്നെ രാജ്യത്തിന്റെ മുന്‍ഗണനാക്രമം മനസ്സിലാക്കാന്‍ കഴിയും. വിദ്യാഭ്യാസത്തിനു ലഭിക്കേണ്ട മുന്‍ഗണനയുടെ അടിസ്ഥാനം അറിയാത്തവരെ, അതിനു സാമ്പത്തികസഹായം നല്‍കേണ്ടതിന്റെയും അതു കിട്ടാതായാല്‍ ഇളവു നല്‍കേണ്ടതിന്റെയും അനിവാര്യത ബോധ്യപ്പെടുത്തല്‍ പ്രയാസകരം തന്നെ.എസ്ബിഐക്ക് ലഭിക്കാനുള്ള കിട്ടാക്കടം പിരിക്കാന്‍ റിലയന്‍സിനെ എല്‍പിച്ചതിന്റെ കരാര്‍പ്രകാരം കിട്ടാനുള്ള തുകയുടെ 55 ശതമാനം മാത്രം സര്‍ക്കാരിലേക്ക് തിരിച്ചടച്ചാല്‍ മതി. ബാക്കി 45 ശതമാനം റിലയന്‍സിന് എടുക്കാം. അതും പത്തുവര്‍ഷത്തിലധികം കാലാവധി ഇതിനായി റിലയന്‍സിന് അനുവദിച്ചു നല്‍കുന്നുമുണ്ട്. ഇത്തരത്തില്‍ സര്‍ക്കാരിന് യാതൊരുവിധ ഗുണവുമില്ലാത്ത ഔട്ട്‌സോഴ്‌സിങിനു പകരം റിലയന്‍സിനു നല്‍കിയ അതേ കാലയളവ് വിദ്യാര്‍ഥികള്‍ക്കു നല്‍കിക്കൊണ്ട് കുടിശ്ശികയുടെ 45 ശതമാനം തുക സബ്‌സിഡി നല്‍കി 55 ശതമാനം തുക തിരിച്ചടയ്ക്കാന്‍ അനുവദിക്കാമായിരുന്നു. എന്നാല്‍ ഒരു കുത്തകക്കമ്പനിക്ക് അതിലും ലാഭമുണ്ടാവട്ടെ എന്ന് കുത്തകകളുടെ പിന്തുണയോടെ, പ്രത്യേകിച്ച് റിലയന്‍സിന്റെ സഹായത്തോടെ, അധികാരത്തില്‍ കയറിയ ഒരു സര്‍ക്കാര്‍ ചിന്തിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ.ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ കിട്ടാക്കടമായി കിടക്കുന്ന തുകയുടെ 80 ശതമാനവും 5,060ഓളം കുത്തകക്കമ്പനികളില്‍ നിന്നാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്നെ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പൊതുവെ സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്നത്, ഈ കുത്തകഭീമന്‍മാരുടെ കോടികള്‍ വരുന്ന കടം എഴുതിത്തള്ളുകയും 20 ശതമാനം കടക്കാരായ സാധാരണക്കാരെ സര്‍ഫാസി പോലുള്ള നിയമങ്ങളുടെ പിന്‍ബലത്തില്‍ ജപ്തി ചെയ്തു വഴിയാധാരമാക്കുകയുമാണ്. കുത്തകകളുടെ കോടിക്കണക്കിനു രൂപ കിട്ടാക്കടം ഒരു ഉപാധിയുമില്ലാതെ എഴുതിത്തള്ളുന്ന ഭരണകൂടം, വിദ്യാഭ്യാസ വായ്പയെടുത്തവര്‍ മരിച്ചാല്‍ പോലും സാധാരണക്കാരുടെ കടം എഴുതിത്തള്ളാന്‍ തയ്യാറാവാറില്ല.വികസ്വര രാജ്യമായ നമ്മുടെ രാജ്യത്ത് ഒരുപാട് വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസമെന്ന സ്വപ്‌നത്തിന് ആശ്രയിക്കുന്ന പ്രധാന വഴി വിദ്യാഭ്യാസ ലോണ്‍ തന്നെയാണ്. വിദ്യാഭ്യാസ ലോണുകളുടെ 80 ശതമാനം, അതായത് ഭൂരിഭാഗവും, നല്‍കിവരുന്നത് എസ്ബിഐയാണ്. എന്നാല്‍, ഒരു രാജ്യത്തിന്റെ ഗതി നിര്‍ണയിക്കേണ്ട തലമുറയുടെ വിദ്യാഭ്യാസ പുരോഗതിയുടെ കാര്യത്തില്‍ ഭരണകൂടങ്ങള്‍ പുലര്‍ത്തുന്ന ഉദാസീനത ഗൗരവകരം തന്നെയാണ്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നമ്മുടെ സര്‍ക്കാരുകളുടെ കാഴ്ചപ്പാടുകള്‍ മാറേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ അവസ്ഥകള്‍ പരിഗണിക്കാതെ കുത്തകകള്‍ക്ക് പണം പിരിക്കാനുള്ള അവകാശം നല്‍കുമ്പോള്‍ സാധാരണക്കാരുടേതെന്ന് അവകാശപ്പെടുന്ന ഇടതു സര്‍ക്കാര്‍ വെറും ഉപരിപ്ലവ നടപടികളിലൂടെ ജനങ്ങളുടെ കണ്ണില്‍പൊടിയിട്ട് കൈയടി നേടാനാണ് ശ്രമിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss