|    Oct 19 Thu, 2017 12:13 am
FLASH NEWS
Home   >  Todays Paper  >  page 10  >  

വിദ്യാഭ്യാസ വകുപ്പിന് അനാസ്ഥ; സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍ കായികവകുപ്പിന് കൈമാറുന്നത് നടപ്പായില്ല

Published : 2nd August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍ കായികവകുപ്പിന് കൈമാറുന്നതിനായി ഉത്തരവായെങ്കിലും വിദ്യാഭ്യാസവകുപ്പിന് അനാസ്ഥ. തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ഗേള്‍സ് വിഎച്ച്എസ്എസ് എന്നിവയാണ് പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്നു കായികവകുപ്പിനു കൈമാറുന്നതിന് തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 25നാണ് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയത്.
എന്നാല്‍, അഞ്ചുമാസം പിന്നിട്ടിട്ടും സ്‌കൂളുകള്‍ കൈമാറുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് താല്‍പര്യമെടുത്തിട്ടില്ല. തുടര്‍നടപടികള്‍ സംബന്ധിച്ച ഫയല്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ മുന്നിലാണെങ്കിലും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ജൂണ്‍ 12ന് വിദ്യാഭ്യാസമന്ത്രിക്കയച്ച ഫയലിലും തീരുമാനമായിട്ടില്ല.
സ്‌പോര്‍ട്‌സ് സ്‌കൂളുകള്‍ കായികവകുപ്പിന് കൈമാറുന്നതു സംബന്ധിച്ച് മുമ്പ് നിരവധി ചര്‍ച്ചകള്‍ സര്‍ക്കാര്‍തലത്തില്‍ നടന്നിരുന്നു. ചര്‍ച്ചകളില്‍ സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ദേശീയതലത്തിലേക്ക് ഉയര്‍ത്തുന്നതിനും സ്‌പോര്‍ട്‌സ് കേന്ദ്രീകൃതമായ ഒരു ഘടന വേണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. ഇവയ്ക്ക് ഒരു തലവന്‍ മാത്രമുള്ള ഭരണസംവിധാനം ആവശ്യമാണെന്നും ഈ സ്‌കൂളുകള്‍ കായികവകുപ്പിന് കൈമാറുന്നതാണ് നല്ലതെന്നും അഭിപ്രായസമന്വയം ഉണ്ടായി. തുടര്‍ന്നാണ് രണ്ടു സ്‌കൂളുകള്‍ കായികവകുപ്പിന് കൈമാറാന്‍ തീരുമാനമുണ്ടായത്.
ഈ അധ്യയനവര്‍ഷം തന്നെ സ്‌കൂളുകള്‍ കായികവകുപ്പിന് കൈമാറാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ വിദ്യാഭ്യാസവകുപ്പ് കാലതാമസം വരുത്തുന്നതിനാല്‍ ഇക്കൊല്ലം തീരുമാനം നടപ്പാവില്ല.
കൂടാതെ രണ്ടു സ്‌പോര്‍ട്‌സ് സ്‌കൂളുകളിലും ആവശ്യമായ അധ്യാപക, അനധ്യാപക ജീവനക്കാരെ പൊതുവിദ്യാഭ്യാസ വകുപ്പ്തന്നെ വര്‍ക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ നിയമിക്കുകയും ഇപ്പോള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വഹിക്കുന്ന മെസ്സ് ചെലവ് കായിക വകുപ്പിന് ലഭ്യമാക്കുകയും ചെയ്യുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും പരിശീലനം മെച്ചപ്പെടുത്തുന്നതിലും വിദ്യാഭ്യാസ വകുപ്പ് മൗനം തുടരുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക