|    Dec 15 Sat, 2018 4:40 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിദ്യാഭ്യാസ യോഗ്യത മാറ്റാന്‍ മന്ത്രി ജലീല്‍ നേരിട്ട് ഇടപെട്ടു: പി കെ ഫിറോസ്‌

Published : 15th November 2018 | Posted By: kasim kzm

കോഴിക്കോട്: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെതിരേ കുരുക്ക് മുറുകുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ ബന്ധുവിനെ തിരുകിക്കയറ്റാന്‍ ഈ തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്താന്‍ മന്ത്രി നേരിട്ട് ഇടപെട്ടതിന് തെളിവുമായി പി കെ ഫിറോസ് വാര്‍ത്താസമ്മേളനം നടത്തി.
എംബിഎ വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ച തസ്തികയില്‍ ബിടെക്, പിജിഡിബിഎ യോഗ്യത മാത്രമുള്ള ബന്ധു അദീബിനെ നിയമിക്കാന്‍ ജലീല്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്ന് ഫിറോസ് പറഞ്ഞു. ഇതിനായി വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തുന്നതിന് ഉത്തരവിറക്കാന്‍ ആവശ്യപ്പെട്ട് 2016 ജൂലൈ 28ന് മന്ത്രി തന്റെ ലെറ്റര്‍പാഡില്‍ സെക്ഷനിലേക്ക് കുറിപ്പ് നല്‍കി.
അദീബിന്റെ യോഗ്യത ഈ തസ്തികയിലേക്കുള്ള യോഗ്യതയായി കൂട്ടിച്ചേര്‍ക്കാന്‍ ആവശ്യപ്പെട്ടുള്ള കുറിപ്പായിരുന്നു ഇത്. എന്നാല്‍, ഇത് ബന്ധപ്പെട്ട സെക്ഷനില്‍ വന്നപ്പോള്‍, വിദ്യാഭ്യാസ യോഗ്യത മാറ്റാന്‍ മന്ത്രിസഭായോഗത്തിന് മുന്നില്‍ വയ്‌ക്കേണ്ടതില്ലേ എന്നാരാഞ്ഞ് മുഖ്യമന്ത്രിക്കു കൈമാറാന്‍ വകുപ്പു സെക്രട്ടറിയായ എ ഷാജഹാന്‍ ഐഎഎസ് കുറിപ്പെഴുതി.
ഷാജഹാന്‍ ആഗസ്ത് മൂന്നിന് നല്‍കിയ കുറിപ്പില്‍, ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചത് ധനകാര്യ വകുപ്പിന്റെ അഭിപ്രായത്തോടു കൂടി മന്ത്രിസഭായോഗ തീരുമാനപ്രകാരമാണെന്നു വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ മന്ത്രി ജലീല്‍, കൂട്ടിച്ചേര്‍ക്കുന്നത് അധികയോഗ്യതയായതിനാല്‍ മന്ത്രിസഭയുടെ മുന്നില്‍വയ്‌ക്കേണ്ടതില്ലെന്നു കാണിച്ച് ഫയല്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിടുകയായിരുന്നു. എന്നാല്‍, അധിക യോഗ്യത കൂട്ടിച്ചേര്‍ക്കുകയല്ല അടിസ്ഥാന യോഗ്യതയില്‍ തന്നെ ബന്ധുവിന് വേണ്ടി മാറ്റം വരുത്തുകയായിരുന്നുവെന്ന് പി കെ ഫിറോസ് പറഞ്ഞു. തെറ്റിദ്ധരിപ്പിച്ചാണ് ജലീല്‍ മുഖ്യമന്ത്രിയെക്കൊണ്ട് ഒപ്പുവയ്പിച്ചത്. അതല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതു നടന്നതെന്ന് സമ്മതിക്കേണ്ടിവരും.
സിപിഎമ്മിലെ ശക്തനായ ഇ പി ജയരാജനെതിരേ ബന്ധുനിയമന ആരോപണം ഉയര്‍ന്ന ഉടന്‍ തന്നെ അദ്ദേഹത്തെ രാജിവയ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്ര വലിയ തെളിവുകള്‍ പുറത്തുവന്നിട്ടും ജലീലിനെ സംരക്ഷിക്കുന്നത് എന്തിനാണെന്നും ഫിറോസ് ചോദിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss