|    Oct 22 Mon, 2018 7:45 am
FLASH NEWS
Home   >  Editpage  >  Editorial  >  

വിദ്യാഭ്യാസ പുരോഗതിക്ക് നിയമനം മാത്രം പോരാ

Published : 19th December 2015 | Posted By: TK

ധ്യാപക പാക്കേജ് സംബന്ധിച്ച ഹൈക്കോടതിവിധി കേരള സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഗുരുതരമായ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും എന്ന കാര്യം തീര്‍ച്ചയാണ്. നിലവില്‍ എല്‍പി, യുപി വിഭാഗങ്ങളിലും ഹൈസ്‌കൂളിലും 45 വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന അനുപാതത്തിലാണ് നിയമനങ്ങള്‍ നടത്തിവരുന്നത്. ഇനി മുതല്‍ എല്‍പിയില്‍ 30 വിദ്യാര്‍ഥികള്‍ക്കും യുപിയില്‍ 35 വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകന്‍ എന്ന നിലയില്‍ പുനര്‍നിര്‍വചിക്കുന്നതോടെ നിലവിലുള്ളതിന്റെ മൂന്നിലൊന്ന് അധ്യാപക തസ്തികകള്‍ കൂടി പുതുതായി സൃഷ്ടിക്കപ്പെടുമെന്ന അവസ്ഥയാണ് സംജാതമാവുന്നത്.
വിദ്യാഭ്യാസാവകാശം സംബന്ധിച്ച കേന്ദ്രനിയമത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി വിധി ഉണ്ടായിരിക്കുന്നത്. മാനേജ്‌മെന്റുകളെ സംബന്ധിച്ചിടത്തോളം ആയിരക്കണക്കിനു പുതിയ തസ്തികകള്‍ സൃഷ്ടിക്കപ്പെടുകയും ലക്ഷങ്ങള്‍ കോഴ വാങ്ങി സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി കൂടാതെത്തന്നെ അത്തരം തസ്തികകളിലേക്ക് അധ്യാപകരെ നിയമിച്ച് അവര്‍ക്കുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാവുന്ന സാഹചര്യമാണ് പുതിയ വിധിയിലൂടെ ഉയര്‍ന്നുവരുന്നത്. അധ്യാപകരുടെ യോഗ്യതയും പ്രവര്‍ത്തന മികവും സംബന്ധിച്ച പരിശോധനയ്ക്കു വേണ്ടി സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യതാനിര്‍ണയ സമിതിയെയും കോടതിവിധിയിലൂടെ അസാധുവാക്കിയിരിക്കുന്നു.
കൂടുതല്‍ അധ്യാപകര്‍ ഉണ്ടാവുന്നതും അധ്യാപകരുടെ സേവന-വേതനവ്യവസ്ഥകള്‍ മെച്ചപ്പെടുന്നതും സ്വാഗതാര്‍ഹമായ കാര്യം തന്നെയാണ്. പക്ഷേ വിദ്യാഭ്യാസം കച്ചവടമായാണ് കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും ഈ രംഗത്തു കൊടികുത്തിവാഴുകയാണ്. തസ്തികകള്‍ നിലനിര്‍ത്താനായി കുട്ടികളെ പിടിക്കാന്‍ വിദ്യാലയവര്‍ഷത്തിന്റെ തുടക്കത്തില്‍ കേരളമെമ്പാടും കൊടുംമല്‍സരമാണ് നടക്കുന്നത്. ഇതിനു കാരണം വിദ്യാഭ്യാസ പുരോഗതിയേക്കാള്‍ വേണ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കാനും സര്‍ക്കാര്‍ ചെലവില്‍ മാനേജ്‌മെന്റുകള്‍ക്ക് വന്‍ തുക കോഴ വാങ്ങാനുമുള്ള സംവിധാനമായി നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസരംഗം മാറിത്തീര്‍ന്നിട്ടുണ്ട് എന്നതുതന്നെയാണ്. പലവിധ കാരണങ്ങളാല്‍ സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും നിയന്ത്രണം വിദ്യാഭ്യാസ മേഖലയില്‍ അപ്രത്യക്ഷമാവുകയാണ്. ഇതത്ര ശുഭോദര്‍ക്കമായ ഒരു പരിണാമമല്ല.
അതേസമയം, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ പുതിയ വിദ്യാര്‍ഥി-അധ്യാപക അനുപാതം സഹായകമാവും. പക്ഷേ, അത്തരം സംവിധാനങ്ങള്‍ പ്രധാനമായും ഏര്‍പ്പെടുത്തേണ്ടത് പൊതുവിദ്യാഭ്യാസ മേഖലയിലാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്താനും അത്തരം വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനുമാണ് ശ്രമിക്കേണ്ടത്. കാരണം, ഭാവിതലമുറ പരസ്പരം ഇടകലര്‍ന്നും പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും വളര്‍ന്നുവരുകയെന്നത് ഒരു മതേതര-ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പിന് ഏറ്റവും അനിവാര്യമായ ഘടകമാണ്. ഇന്നു പക്ഷേ, ആ ദിശയിലല്ല കേരളത്തില്‍ കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss