|    Dec 11 Tue, 2018 3:21 am
FLASH NEWS
Home   >  Todays Paper  >  page 12  >  

വിദ്യാഭ്യാസ പരിശീലനത്തിന് ഓണ്‍ലൈന്‍ സംവിധാനം

Published : 19th November 2018 | Posted By: kasim kzm

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസരംഗത്ത് ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുന്നു. അധ്യയന ദിനങ്ങള്‍ നഷ്ടപ്പെടുത്താതെ ഇഷ്ടമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാനും വിദഗ്ധരായ ഫാക്കല്‍റ്റികളുടെ സേവനം പ്രയോജനപ്പെടുത്താനും കഴിയുന്ന ഓണ്‍ലൈന്‍ പരിശീലന സംവിധാനത്തിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) തുടക്കം കുറിച്ചു.
സ്‌കൂളുകള്‍ ഹൈടെക് ആയി മാറുന്നതോടൊപ്പം വിവിധ മേഖലകളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നിരവധി പരിശീലനങ്ങള്‍ സമാന്തരമായി നടത്തേണ്ട ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് കൂള്‍ (കൈറ്റ്‌സ് ഓപണ്‍ ഓണ്‍ലൈന്‍ ലേണിങ്) എന്ന സംവിധാനം ആവിഷ്‌കരിച്ചത്. ഇന്ന് ലോകത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന മൂക് (മാസീവ് ഓപണ്‍ ഓണ്‍ലൈന്‍ കോഴ്‌സ്) ശൈലിയിലാണ് കൂള്‍ സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പരിശീലന പരിപാടിയായിരിക്കും കൂള്‍. സംസ്ഥാനത്ത് നിലവില്‍ 5000 അധ്യാപകരാണ് ഇത്തരം കോഴ്‌സിനായി കൈറ്റിനെ സമീപിച്ചിട്ടുള്ളത്. അധ്യാപകര്‍ക്ക് പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് 45 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ കോഴ്‌സ് പാസാകേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ഇതിന് ഉതകുന്ന മൊഡ്യൂളുകള്‍ ഉള്‍പ്പെടുത്തിയാണ് കൂളിന്റെ ആദ്യ പരിശീലനം. 20 അധ്യാപകര്‍ക്ക് ഒരു മെന്റര്‍ എന്ന രൂപത്തില്‍ 2500 പേരെ ആദ്യ ബാച്ചില്‍ ഉള്‍പ്പെടുത്തും.
ആറാഴ്ച ദൈര്‍ഘ്യമുള്ള ഈ കോഴ്‌സില്‍ വേഡ് ഡോക്യുമെന്റുകള്‍ തയ്യാറാക്കല്‍, സ്പ്രഡ് ഷീറ്റ്, പ്രസന്റേഷന്‍, ഇമേജ് എഡിറ്റിങ്, വീഡിയോ-ഓഡിയോ എഡിറ്റിങ്, ഡിജിറ്റല്‍ റിസോഴ്‌സുകളുടെ നിര്‍മാണം, മലയാളം ടൈപ്പിങ്, ഇന്റര്‍നെറ്റ്, വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് ഈ സര്‍ട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന അനുമതിക്കായി കൈറ്റ് സര്‍ക്കാരിലേക്ക് പ്രപ്പോസല്‍ നല്‍കിയിട്ടുണ്ട്. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമല്ല, പൊതുജനങ്ങള്‍ക്കും കൂടി പ്രയോജനപ്പെടുന്ന വിധം കൂടുതല്‍ കോഴ്‌സുകള്‍ അവതരിപ്പിക്കാന്‍ കൈറ്റിന് പദ്ധതിയുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍ സാദത്ത് പറഞ്ഞു. www.kool.itschool.gov.in ആണ് കൂളിന്റെ വെബ്‌സൈറ്റ്. ഡിസംബര്‍ ആദ്യം തുടങ്ങുന്ന ആദ്യ ബാച്ചിലെ കോഴ്‌സിന് അധ്യാപകര്‍ക്ക് 30 വരെ www-.samagra.itschool.gov.in പോര്‍ട്ടലിലെ കൂള്‍ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss