|    Jan 18 Wed, 2017 5:36 pm
FLASH NEWS

വിദ്യാഭ്യാസ നിലവാരം ഉയരണമെങ്കില്‍

Published : 19th June 2016 | Posted By: SMR

slug-enikku-thonnunnathuഅഡ്വ. ടി എം ഖാലിദ്, കോഴിക്കോട്

മലാപ്പറമ്പ് ജങ്ഷനടുത്ത് 33 സെന്റ് സ്ഥലം ഉടമസ്ഥതയിലുള്ള എയുപി സ്‌കൂള്‍ മാനേജര്‍ എന്ന മുതലാളിയെ പൂട്ടാനായി കോടതിയലക്ഷ്യമുള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ സ്വീകരിച്ച വാര്‍ത്തകള്‍ ശ്വാസമടക്കിപ്പിടിച്ചാണ് നാം വീക്ഷിച്ചത്. നഗരത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കിലേക്ക് തുറക്കുന്ന വാതിലുമായി പ്രവൃത്തിക്കുന്ന പ്രസ്തുത വിദ്യാലയം ആറോ ഏഴോ കോടി രൂപ മുടക്കി അവിടെത്തന്നെ നിലനിര്‍ത്തി 60 കുട്ടികളുടെ വിദ്യാഭ്യാസാവകാശം സംരക്ഷിക്കുന്നതിനേക്കാള്‍ പ്രായോഗികമായ മറ്റു വഴികളില്ലായിരുന്നോ? മേല്‍പ്പറഞ്ഞ തുകയുടെ പത്തിലൊന്ന് മുടക്കി 500 മീറ്റര്‍ ദൂരത്തിനുള്ളില്‍ സ്വസ്ഥവും ശാന്തവുമായൊരിടത്തേക്ക് സ്‌കൂള്‍ മാറ്റിസ്ഥാപിച്ചാല്‍ ‘മാനേജര്‍ മുതലാളി’യെ പാഠംപഠിപ്പിക്കാന്‍ കഴിയില്ല എന്നതിലുപരി മറ്റെന്തു നഷ്ടമാണ് സംഭവിക്കാനുള്ളത്? വെറും മൂന്നുകിലോമീറ്റര്‍ അകലെ അസ്സല്‍ സര്‍ക്കാര്‍ യുപി സ്‌കൂള്‍ ലാഭകരമല്ലെന്ന കാരണത്താല്‍ അടച്ചുപൂട്ടിയപ്പോള്‍ അതു ലോകത്താരും അറിഞ്ഞതുപോലുമില്ലല്ലോ.
അതിനിടയിലാണ് മലപ്പുറം ജില്ലയിലെ മങ്കടയില്‍ ഒരു യുപി സ്‌കൂള്‍ കെട്ടിടം ജീര്‍ണിച്ചു നിലംപതിച്ചത്. രക്ഷിതാക്കളുടെ പ്രാര്‍ഥനയുടെ ബലത്തിലാവും, ജീവനാശം ഇല്ലാതിരുന്നതിനാല്‍ പ്രസ്തുത സംഭവം വലിയ അനക്കമൊന്നും സൃഷ്ടിച്ചുകണ്ടില്ല. 1967 മുതലുള്ള 49 വര്‍ഷക്കാലത്തിനിടയില്‍ 33 വര്‍ഷവും വിദ്യാഭ്യാസവകുപ്പ് കൈയാളിയ മുസ്‌ലിം ലീഗിന്റെ കോട്ടയായ മലപ്പുറം മങ്കടയില്‍ ഒരു സ്‌കൂളിന് സുരക്ഷിതമായ കെട്ടിടമൊരുക്കാന്‍ മറന്നെങ്കില്‍ ആ മഹാപാപം മലയാള സര്‍വകലാശാലയോ കേന്ദ്രസര്‍വകലാശാലയോ പണിതാല്‍ തീരുന്നതല്ലെന്നു തീര്‍ച്ച.
സംസ്ഥാന ജനസംഖ്യയുടെ 12 ശതമാനം താമസിക്കുന്ന മലപ്പുറം ജില്ലയില്‍ ബിരുദാനന്തര കോഴ്‌സുകളുടെ മൂന്നുശതമാനം മാത്രമാണുള്ളത് എന്നതിലേറെ ലജ്ജാവഹവും ശ്രദ്ധിക്കപ്പെടേണ്ടതുമാണ് വര്‍ഷംതോറും 15 ശതമാനം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ പ്ലസ്ടു സീറ്റുകള്‍ ഇല്ല എന്ന കാര്യം.
ഇനി കോടികള്‍കൊണ്ട് താങ്ങി നിലനിര്‍ത്തുന്ന പൊതുവിദ്യാലയങ്ങളില്‍നിന്ന് പാടുപെട്ട് പഠിച്ചിറങ്ങുന്ന കുട്ടികള്‍ എത്തിപ്പെടുന്ന ഘട്ടമുണ്ടല്ലോ- പ്രഫഷനല്‍ കോളജ് പ്രവേശനമെന്ന കടമ്പ- അതു കടക്കാന്‍ പൊതുവിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റേണ്ട കാലം അതിക്രമിച്ചു എന്നാണ് കഴിഞ്ഞ ഏതാനും വര്‍ഷത്തെ മെഡിക്കല്‍-എന്‍ജിനീയറിങ് എന്‍ട്രന്‍സ് ഫലങ്ങള്‍ നമ്മോട് പറയുന്നത്. പ്ലസ്ടു പഠനം കഴിഞ്ഞിറങ്ങുന്നവരില്‍ 85 ശതമാനം വരുന്ന സംസ്ഥാന സിലബസുകാര്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സിന്റെ ആദ്യത്തെ 1,000 റാങ്കുകളില്‍ ഏതാണ്ട് 480 എണ്ണം ലഭിക്കുമ്പോള്‍ ഏതാണ്ട് അത്രയും തന്നെ സീറ്റുകള്‍ നേടുന്നത് വെറും 15 ശതമാനം വരുന്ന സിബിഎസ്ഇ സിലബസുകാരാണ് എന്നു വരുമ്പോള്‍ കേരളത്തിലെ എല്ലാ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും താങ്ങിനിര്‍ത്തിയാല്‍പ്പോലും യഥാര്‍ഥ പ്രശ്‌നത്തിലല്ല നമ്മുടെ ശ്രദ്ധ ചെലുത്തപ്പെടുന്നത് എന്നു വ്യക്തമായി കാണാം.
എയ്ഡഡ് സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ക്ക് അറ്റകുറ്റപ്പണി നടത്താനും അടിസ്ഥാന സൗകര്യമൊരുക്കാനുമുള്ള ഗ്രാന്റ് യഥാവിധി നല്‍കുന്ന കാര്യത്തില്‍ തികഞ്ഞ അനാസ്ഥ കാണിക്കുന്ന സര്‍ക്കാര്‍ എന്നാല്‍, കോര്‍പറേറ്റ് മാനേജ്‌മെന്റുകള്‍ സ്വാഭീഷ്ടപ്രകാരം നിയമിക്കുന്ന, യാതൊരു ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കും വിധേയരല്ലാത്ത അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നിരക്കില്‍ ശമ്പളം നല്‍കുന്നതില്‍ ഒരു അമാന്തവും ഇന്നേവരെ കാണിച്ചിട്ടില്ല. ദേവസ്വം ബോര്‍ഡ് നിയമനം റോക്കറ്റ് വേഗത്തില്‍ പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പിഎസ്‌സിക്ക് വിടാനുള്ള കരളുറപ്പ് കാണിക്കുമെന്ന് ആരാണ് ദിവാസ്വപ്‌നം കാണുന്നത്?

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക