|    Dec 14 Fri, 2018 10:37 am
FLASH NEWS
Home   >  Todays Paper  >  page 10  >  

വിദ്യാഭ്യാസ ചട്ടങ്ങളില്‍ ഭേദഗതി; എയ്ഡഡ് അധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്‌

Published : 6th December 2018 | Posted By: kasim kzm

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ ചട്ടങ്ങളിലെ ഭേദഗതികളും ഈ രംഗത്തെ നയസമീപനങ്ങളും കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കുകയാണെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ മനുഷ്യാവകാശദിനമായ 10ന് ജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ക്കു മുമ്പില്‍ ധര്‍ണ നടത്തും. അടുത്ത ഘട്ടമായി ജനുവരി മൂന്നാംവാരത്തില്‍ ആയിരക്കണക്കിന് അധ്യാപകും മാനേജര്‍മാരും സെക്രട്ടേറിയേറ്റിലേക്കു മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
2016 ഡിസംബറിലെ കേരള വിദ്യാഭ്യാസ ചട്ട ഭേദഗതികള്‍ പ്രകാരം 1979നു മുമ്പ് സ്ഥാപിതമായ എയ്ഡഡ് വിദ്യാലയങ്ങളിലെ അധിക തസ്തികകളില്‍ 50 ശതമാനം നിയമനങ്ങളും 1979നു ശേഷം സ്ഥാപിതമായ വിദ്യാലയങ്ങളിലെ മുഴുവന്‍ നിയമനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. വിവിധ കോര്‍പറേറ്റ് മാനേജുമെന്റുകള്‍, അധികംവരുന്ന തങ്ങളുടെ അധ്യാപകരെ അതേ മാനേജുമെന്റിന് കീഴിലുള്ള മറ്റു വിദ്യാലയങ്ങളിലേക്ക് മാറ്റിനിയമിക്കുകയാണ്.
ഇതുമൂലം സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാവുന്നില്ല. സര്‍ക്കാരിന്റെ പുതിയ നിയന്ത്രണങ്ങള്‍ ഭരണഘടനയുടെ 301 അനുച്ഛേദമനുസരിച്ചുള്ള മത, ഭാഷ, ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങളുടെ ധ്വംസനമാണ്.
ഇക്കാര്യം നിരവധി തവണ നിവേദനങ്ങളിലൂടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുള്ളതാണ്.
ഇതുമൂലം 2016-17 മുതല്‍ നിയമിതരായിട്ടുള്ള ആയിരക്കണക്കിന് അധ്യാപകരുടെ നിയമനങ്ങള്‍ തടസ്സപ്പെടുത്തിയിരിക്കുന്നു. അതുപോലെ ശമ്പളം വാങ്ങിക്കൊണ്ടിരുന്ന അധ്യാപകരുടെ സ്ഥലംമാറ്റം അംഗീകരിക്കാതെ ശമ്പളം തടഞ്ഞിരിക്കുന്നു.
ഹയര്‍സെക്കന്‍ഡറി മേഖലയില്‍ 2014-15ല്‍ അനുവദിച്ച ബാച്ചുകളില്‍ തസ്തിക നിര്‍ണയം ഇനിയും നടത്തിയിട്ടില്ല. ഇതുമൂലം കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി സ്ഥിരം അധ്യാപകരെ നിയമിച്ചിട്ടില്ല. താല്‍ക്കാലിക അധ്യാപകര്‍ക്കു ശമ്പളം കിട്ടുന്നില്ല.
ഇതു മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ ഏകീകരണ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം.
വിദ്യാഭ്യാസ മേഖലയിലെ ഈ കേന്ദ്രീകരണ നടപടി വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പുവരുത്തുക എന്ന ആശയത്തിന് വിരുദ്ധമാണെന്നും ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
ഹ്രസ്വകാല അവധി ഒഴിവുകളിലെ സര്‍വീസുകള്‍ 2016 ഏപ്രില്‍ ഒന്നു മുതല്‍ പെന്‍ഷന് പരിഗണിക്കില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് 1968 മുതല്‍ നിലനിന്നിരുന്ന ആനുകൂല്യങ്ങളുടെ നിഷേധമാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടി.
കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍, കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് സാലു പതാലില്‍, സെക്രട്ടറി ജോഷി വടക്കന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss