|    Nov 21 Wed, 2018 2:00 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിദ്യാഭ്യാസരംഗത്ത് വിജിലന്‍സ് നിരീക്ഷണം ശക്തമാക്കണം

Published : 1st November 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രീ പ്രൈമറി തൊട്ട് സംസ്ഥാനത്ത് വ്യാപക അഴിമതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന്റെയും സംസ്ഥാനതല ശില്‍പശാലയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രീ പ്രൈമറി അഡ്മിഷന് അഞ്ചു ലക്ഷം വാങ്ങുന്നതും പ്ലസ് വണ്‍, ഡിഗ്രി അഡ്മിഷന് നിശ്ചിത സംഖ്യ വാങ്ങുന്നതും അഴിമതി തന്നെയല്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഇത് ഇവിടെ മറയില്ലാതെ നടക്കുകയാണ്. സ്വാശ്രയ പ്രഫഷനല്‍ കോളജുകള്‍ വന്നതോടെ വിദ്യാഭ്യാസരംഗം പണം സമ്പാദിക്കാനുള്ള മാര്‍ഗമായി മാറി. ഇത്തരം അഴിമതികളിലൊക്കെ വിജിലന്‍സ് ഇടപെടണം. കേരളത്തില്‍ വിജിലന്‍സിന് സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കാം. ആരും കൈയില്‍ കയറി പിടിക്കില്ല. എവിടെ അഴിമതി കണ്ടാലും നടപടിയെടുക്കാന്‍ വിജിലന്‍സിന് സ്വാതന്ത്ര്യമുണ്ട്.
അഴിമതി നടന്നശേഷം അന്വേഷിക്കുന്നതിനുപകരം അഴിമതിക്ക് അവസരം നല്‍കാത്ത അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി കൃത്യമായ നിരീക്ഷണ സംവിധാനം വിജിലന്‍സ് ഉറപ്പാക്കണം. പരാതികള്‍ ഉണ്ടായാല്‍ കര്‍ശനനടപടി വേണം. സൈ്വരജീവിതത്തിനൊപ്പം ക്ഷേമജീവിതവും ഉറപ്പാക്കാനുള്ള ദൗത്യം ഏറ്റെടുക്കണം. നൂതന സാങ്കേതികവിദ്യകള്‍ തട്ടിപ്പിന് ഉപയോഗിക്കുന്നതിനാല്‍ ഉദ്യോഗസ്ഥരും ഉയര്‍ന്ന സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കണം.
ഡിജിറ്റല്‍ തെളിവുകള്‍ സ്വീകരിക്കാനും അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാനും ഇതു സഹായിക്കും. ഇതിനായി വിദഗ്ധപരിശീലനം നല്‍കാന്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ സൈബര്‍ സെന്ററുകള്‍ അനുവദിച്ചിട്ടുണ്ട്. ഒരുകോടി രൂപയിലധികമുള്ള അഴിമതി കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ വിസില്‍ ബ്‌ളോവര്‍ പുരസ്—കാരം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഭ്യന്തര-വിജിലന്‍സ് അഡീ. ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസ് അധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി മുന്‍ ജഡ്ജി സിഎന്‍ രാമചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss