|    Dec 12 Wed, 2018 7:29 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിദ്യാഭ്യാസമേഖലയെ വലിയ നിക്ഷേപമായി കാണണം: മുഖ്യമന്ത്രി

Published : 18th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ വലിയ നിക്ഷേപമായിത്തന്നെയാണ് കാണേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ആദ്യയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാപ്യത, ഗുണനിലവാരം ഇവയ്‌ക്കൊക്കെ ഊന്നല്‍ നല്‍കാന്‍ നമുക്കു കഴിയണം. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തിന്റെ ആറു ശതമാനം വരെ ഉന്നത വിദ്യാഭ്യാസത്തിനായി നീക്കിവയ്ക്കുകയാണ്. നവകേരള സൃഷ്ടി എന്ന വലിയ ഉത്തരവാദിത്തത്തിനിടയിലും ഉന്നത വിദ്യാഭ്യാസരംഗത്തെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുകൊണ്ടാണു സര്‍ക്കാര്‍ ഇടപെടുന്നത്. കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങളെ സംബോധന ചെയ്യുന്ന വിധത്തില്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതരത്തില്‍ ഗവേഷണസ്ഥാപനങ്ങളെ രൂപപ്പെടുത്താന്‍ കഴിയണം.
എല്ലാ വിഷയത്തിലും റഫറന്‍സിന് ഉപകരിക്കുന്ന ജേണലുകള്‍ പ്രസിദ്ധീകരിക്കാന്‍ സര്‍വകലാശാലകള്‍ ശ്രദ്ധിക്കണം. ഇതിനു മുന്‍കൈയെടുക്കുന്നവിധം കോളജുകളെയും വകുപ്പുകളെയും ശാക്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണം. കേരളത്തിലെ സര്‍വകലാശാലകളില്‍ ഓരോ വര്‍ഷവും അധ്യാപകര്‍ നടത്തുന്ന ഗവേഷണപ്രവര്‍ത്തനങ്ങളും അവരുടെ ധൈഷണികമായ ഇടപെടലുകളും ഉള്‍ക്കൊള്ളുന്ന ജേണല്‍ പ്രസിദ്ധീകരിക്കാനും അവ ഓണ്‍ലൈനായി ലഭ്യമാക്കാനും സംവിധാനമുണ്ടാവണമെ ന്നും പിണറായി പറഞ്ഞു.
മനുഷ്യ വിഭവശേഷിയുടെ കാര്യത്തിലും ഭൗതികശേഷിയുടെ കാര്യത്തിലും എല്ലാ സര്‍വകലാശാലകളും ഒരേ നിലയിലല്ല. ഭേദപ്പെട്ട നിലയില്‍ വികസിച്ച സര്‍വകലാശാലകള്‍പോലും അവയ്ക്കു സാധ്യമായ പ്രകടനം കാഴ്ചവയ്ക്കുന്നുവെന്നു പറയാന്‍ സാധിക്കാത്ത സാഹചര്യമാണ്. ആഗോള വിജ്ഞാനമേഖലയിലുണ്ടാവുന്ന പുതിയ വെളിച്ചങ്ങള്‍ പകര്‍ത്താനും നമ്മുടെ വിദ്യാഭ്യാസ നിലവാരത്തെ ഉയര്‍ത്തിയെടുക്കാനും സാധിക്കണം. മറ്റൊരു സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തുമ്പോള്‍ വിദ്യാര്‍ഥി നേരിടുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കണം. അക്കാദമികവും ഭരണപരവുമായ നിരവധി പ്രശ്‌നങ്ങള്‍ അധ്യാപകര്‍ക്കിടയിലുണ്ട്.
അവ പരിഹരിക്കണം. പരീക്ഷകള്‍ നടന്നാല്‍ താമസിയാതെ ഫലമറിയാന്‍ കഴിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്ത് എന്തൊക്കെ പരിഷ്‌കാരങ്ങള്‍, നൂതനമായ ആശയങ്ങള്‍ നടപ്പാക്കണമെന്നതു സംബന്ധിച്ച് ആലോചിക്കുന്നതിനും അതതു സമയത്ത് സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിച്ചതെന്ന് ഡോ. കെ ടി ജലീല്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss