|    Jan 18 Wed, 2017 4:00 pm
FLASH NEWS

വിദ്യാഭ്യാസമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

Published : 8th October 2016 | Posted By: SMR

പി പി ഷിയാസ്

തിരുവനന്തപുരം: പ്രകൃതി തന്ന ഭക്ഷണമല്ലാതെ മറ്റൊന്നും കഴിക്കരുതെന്നും മല്‍സ്യമാംസാദികള്‍ മദ്യവും മയക്കുമരുന്നും പോലെയാണെന്നും അവ ഉപയോഗിക്കരുതെന്നുമുള്ള വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ. മന്ത്രിയുടേത് സംഘപരിവാര നിലപാടാണെന്നും ഒരു മുതിര്‍ന്ന മാര്‍ക്‌സിസ്റ്റില്‍നിന്ന് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാവാന്‍പാടില്ലാത്തതായിരുന്നെന്നുമാണ് വിമര്‍ശനം.
മന്ത്രിയുടെ മല്‍സ്യമാംസ വിരുദ്ധ പ്രഭാഷണത്തിനെതിരേ പ്രശസ്ത എഴുത്തുകാരന്‍ എന്‍ എസ് മാധവനും രംഗത്തെത്തി. മല്‍സ്യം, മാംസം, മുട്ട എന്നിവയെ മദ്യത്തോടും മയക്കുമരുന്നിനോടും ഉപമിച്ച വിദ്യാഭ്യാസമന്ത്രിയുടെ ശബ്ദം ഒരു സംഘിയുടേതുപോലെയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. പ്രകൃതിയില്‍നിന്നുള്ളത് മാത്രമേ കഴിക്കാന്‍ പാടുള്ളൂ എന്നു പറയുമ്പോള്‍ മല്‍സ്യവും മാംസവും മുട്ടയും ശൂന്യാകാശത്തുനിന്നു വരുന്നതാണോയെന്നാണ് ചില വിരുതന്മാരുടെ ചോദ്യം. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തെ മദ്യവും മയക്കുമരുന്നുമായി മന്ത്രി താരതമ്യം ചെയ്തിട്ടുണ്ടെങ്കില്‍ അത് വെറും വിവരക്കേടായി തള്ളാവുന്നതല്ലെന്നാണ് ദ ഹിന്ദു പത്രത്തിന്റെ പ്രത്യേക ലേഖകന്‍ കെ എ ഷാജിയുടെ പ്രതികരണം.
സ്‌കൂള്‍കുട്ടികള്‍ക്ക് സൗജന്യമായി മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ മുട്ടയും പാലും നല്‍കുന്നത് നിര്‍ത്തലാക്കാനുള്ള സൈക്കോളജിക്കല്‍ മൂവല്ലേ മന്ത്രി നടത്തിയതെന്നായിരുന്നു ഫേസ്ബുക്കില്‍ ഓടിയ മറ്റൊരു പരിഹാസം. മന്ത്രിമാര്‍ ഈ ലൈന്‍ തുടര്‍ന്നാല്‍ മതി, ശശികലമാര്‍ കാവിതൊടില്ലെന്നുള്ള ഏറെ ചിന്തനീയമായ വീക്ഷണവും മറ്റൊരാള്‍ പങ്കുവയ്ക്കുന്നു. ഇടതുനേതാക്കള്‍ക്കെങ്കിലും ശാസ്ത്രബോധം ഇല്ലാതാവുന്നത് നിരാശാജനകമാണെന്നും ചിലര്‍ പ്രതികരിച്ചു. ബീഫ് കഴിക്കുന്നതിനെതിരേ ഫാഷിസ്റ്റ് ശക്തികള്‍ പ്രതികരിക്കുന്ന ഈ സമയം തന്നെ മല്‍സ്യമാംസാദികള്‍ക്കെതിരേയുള്ള മന്ത്രിയുടെ പ്രസ്താവന കേരളത്തിന് നാണക്കേടാണെന്ന് പ്ലാച്ചിമട ഉന്നതാധികാരസമിതി അംഗം എസ് ഫൈസി അഭിപ്രായപ്പെട്ടു.
പച്ചക്കറി മാത്രം കഴിക്കുന്നവരോടു യാതൊരലോഹ്യവുമില്ലെന്നും എന്നാല്‍, മാംസഭക്ഷണത്തെ വളരെ മോശപ്പെട്ട ഒന്നായി കാണുന്ന രീതി ഒരുതരം സംഘി ട്രെയിറ്റ് ആണെന്നും ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു. ഗാന്ധി ജയന്തിദിനത്തില്‍ കേരള പോലിസ് പബ്ലിക് റിലേഷന്‍സ് വകുപ്പുമായി ചേര്‍ന്നു തിരുവനന്തപുരത്ത് നടത്തിയ സെമിനാറിന്റെ ഉദ്ഘാടനവേളയിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. അതേസമയം, പൊരിച്ചമീനിനും ഇറച്ചിക്കും എതിരേയാണ് താന്‍ പറഞ്ഞതെന്ന വിശദീകരണവുമായി മന്ത്രി രംഗത്തെത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 431 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക