|    Dec 16 Sat, 2017 12:34 pm
FLASH NEWS
Home   >  Editpage  >  Editorial  >  

വിദ്യാഭ്യാസത്തെ കച്ചവടമാക്കരുത്

Published : 29th June 2016 | Posted By: SMR

കേരളത്തിലെ സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശനവും പഠനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കുമിടയില്‍ രൂപപ്പെട്ട തര്‍ക്കവും അതു സൃഷ്ടിച്ച പ്രതിസന്ധിയും തീര്‍ച്ചയായും സാങ്കേതിക വിദ്യാഭ്യാസ വിഷയത്തില്‍ ചില പുനരാലോചനകള്‍ ആവശ്യപ്പെടുന്നുണ്ട്. ഇത്തവണ 45,000ഓളം എന്‍ജിനീയറിങ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമെന്നാണ് മാനേജ്‌മെന്റുകളുടെ വാദം. കഴിഞ്ഞ തവണ ഇത് 18,000 ആയിരുന്നു. ഈ സാഹചര്യത്തില്‍ എന്‍ട്രന്‍സ് മാര്‍ക്കും പ്ലസ്ടു-സിബിഎസ്ഇ പൊതുപരീക്ഷാമാര്‍ക്കും ചേര്‍ത്ത് രൂപപ്പെടുത്തുന്ന റാങ്കുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പരിഗണിക്കാതെ പ്രവേശനം നല്‍കണമെന്നാണ് മാനേജ്‌മെന്റുകളുടെ വാദം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അങ്ങനെയൊരു ഇളവു നല്‍കിയിരുന്നു. ഈ ഇളവ് തുടര്‍ന്നാല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 400ല്‍ 10 മാര്‍ക്ക് പോലും ലഭിക്കാത്തവര്‍ക്ക് എന്‍ജിനീയറിങിന് പ്രവേശനം ലഭിക്കും. അത് അനുവദിക്കാന്‍ പാടില്ലെന്നു ഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്നു. എങ്കില്‍ തങ്ങളുടെ കച്ചവടം പൂട്ടിപ്പോവുമെന്ന് മാനേജ്‌മെന്റുകളും. സംസ്ഥാനത്ത് സീറ്റ് കിട്ടാതെ വരുമ്പോള്‍ മാര്‍ക്ക് നിബന്ധനയില്ലാത്ത അയല്‍സംസ്ഥാനങ്ങളില്‍ കുട്ടികള്‍ പോയി ചേരുമെന്നാണ് മാനേജ്‌മെന്റുകളുടെ ഭാഷ്യം. സംസ്ഥാനത്തിന്റെ താല്‍പര്യമെന്ന സാമൂഹികമാനം വിഷയത്തിനു നല്‍കാനാണ് അവരുടെ ശ്രമമെന്ന് വ്യക്തം.
സ്വാശ്രയ മാനേജ്‌മെന്റുകളുടെ കച്ചവടതാല്‍പര്യത്തിനു വേണ്ടി സംസ്ഥാനത്തെ എന്‍ജിനീയറിങ് വിദ്യാഭ്യാസം തകര്‍ക്കേണ്ടതുണ്ടോ എന്നതാണ് ഇപ്പോഴത്തെ അടിസ്ഥാന പ്രശ്‌നം. തങ്ങളുടെ കച്ചവടം പൂട്ടിപ്പോവാതെ നോക്കുകയെന്നത് മാനേജ്‌മെന്റുകളുടെ മാത്രം പ്രശ്‌നമാണ്. അതിനുവേണ്ടി അര്‍ഹതയില്ലാത്തവര്‍ എന്‍ജിനീയറും ഡോക്ടറുമാവുന്നത് ഏത് തത്ത്വത്തിന്റെ പേരിലാണ് പൊറുപ്പിക്കുക? കണക്കിലും ഭൗതികശാസ്ത്രത്തിലും അടിസ്ഥാനപരമായ അറിവില്ലാത്തവര്‍ക്ക് പ്രാപ്യമല്ലാത്ത ജ്ഞാനശാഖയാണ് എന്‍ജിനീയറിങ്.
അതുകൊണ്ടാണ് സ്വാശ്രയ സ്ഥാപനങ്ങളില്‍ കൂട്ടത്തോല്‍വി ഉണ്ടാവുന്നത്. ഈ വിദ്യാര്‍ഥികളില്‍ പലരും പാതിവഴിക്ക് പഠനം ഉപേക്ഷിക്കുകയും മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഒരുപാടുപേര്‍ ഒന്നിനുംകൊള്ളാത്തവരായി വഴിയാധാരമാവുന്നു. പഠനം പൂര്‍ത്തിയാക്കാന്‍ വേണ്ടി വിദ്യാഭ്യാസവായ്പയെടുത്ത് കാര്യങ്ങള്‍ എവിടെയുമെത്താതെ കടക്കെണിയിലാവുന്നവരുമുണ്ട്. നമ്മുടെ നാട്ടിലെ യുവതലമുറയുടെ ഭാവി ചില സ്വാശ്രയ എന്‍ജിനീയറിങ് മാനേജ്‌മെന്റുകളുടെ കച്ചവടം നിലനിര്‍ത്താന്‍വേണ്ടി ഇങ്ങനെ തുലയ്‌ക്കേണ്ടതുണ്ടോ?
എന്‍ട്രന്‍സ് പരീക്ഷയിലെ മാര്‍ക്ക് കണക്കിലെടുക്കേണ്ടതില്ലെന്നു പറഞ്ഞു തുടങ്ങി എന്‍ട്രന്‍സ് പരീക്ഷയേ വേണ്ടെന്നു വാദിക്കുന്നുണ്ട് ഇപ്പോള്‍ മാനേജ്‌മെന്റുകള്‍. എന്‍ട്രന്‍സ് പരീക്ഷ വേണ്ടെന്നുവയ്ക്കണമെന്ന ആവശ്യത്തില്‍ പക്ഷേ, മറ്റുചില യുക്തികളാണുള്ളത്. അത് ന്യായമായ ആവശ്യവുമാണ്. അതിനെ സ്വാശ്രയ മാനേജ്‌മെന്റുകളുടെ കച്ചവടതാല്‍പര്യവുമായി കൂട്ടിക്കുഴയ്ക്കരുത്. കച്ചവടക്കാര്‍ക്ക് ഒന്നേയുള്ളൂ മനസ്സില്‍- ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക