|    Sep 24 Mon, 2018 7:39 am
FLASH NEWS

വിദ്യാഭ്യാസം സമൂഹ നിര്‍മിതിക്കുള്ള ഉപകരണമെന്ന്

Published : 31st January 2017 | Posted By: fsq

 

പട്ടാമ്പി :വിദ്യാഭ്യാസമെന്നത് സമൂഹ നിര്‍മിതിക്കുള്ള ഉപകരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പട്ടാമ്പി ഗവ. കൊളജില്‍ 1.60 കോടി ചെലവില്‍ പുതുതായി നിര്‍മിച്ച അഡ്മിനിസ്‌ട്രേറ്റിവ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ അതികായകരെല്ലാം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ വളര്‍ന്നുവന്നവരാണ്. പ്രതികരണ ശേഷിയുള്ള തലമുറയെ സൃഷ്ടിക്കാന്‍ അധ്യാപകന്‍ വഹിക്കേണ്ട പങ്ക് വലുതാണ്. സമൂഹത്തിലും പ്രകൃതിയിലും കാലത്തിലും വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള പഠനം നടത്തിയാലെ യുവതലമുറക്ക് മനുഷ്യന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകു. സമൂഹത്തിന്റെ പൊതു ആവശ്യങ്ങള്‍ മൊത്തമായി കാണുന്ന വിദ്യാഭ്യാസ നയമാണ് സര്‍ക്കാറിന്റേത്.  ചില സ്വാശ്രയ കോളെജുകളില്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം അനുവദിക്കുന്നില്ല. പ്രതികരണ ശേഷിയില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാന്‍ അരാഷ്ട്രീയ വാദം കാരണമാകും. അത്തരം കോളെജുകളില്‍ വര്‍ഗീയതയും വിദ്യാര്‍ഥികളില്‍ മയക്കു മരുന്ന് വ്യാപനവും വര്‍ധിച്ചു വരുന്നുണ്ട്. രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളും ഇതിനെതിരെ ജാഗ്രത പാലിക്കണം. പുതു തലമുറയുടെ സ്വതന്ത്ര ചിന്തയെയും സര്‍ഗാത്മകതയെയും ഞെരിച്ചമര്‍ത്തുന്ന വര്‍ഗീയ ശക്തികളെ എന്ത് വിലകൊടുത്തും നേരിടും. പൊതുവിദ്യാഭ്യാസ യജ്ഞം കോളെജുകളിലേക്കും വ്യാപിപ്പിക്കും. ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താന്‍ കാലാനുസൃതമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. മതനിരപേക്ഷത നെഞ്ചിലേറ്റിയ ചരിത്രമാണ് പട്ടാമ്പി ഗവ. കോളെജിനുള്ളതെന്നും കേരളത്തിന്റെ നവോത്ഥാന രംഗത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കാന്‍ പുന്നശ്ശേരി നമ്പി നീലകണ്ഠ ശര്‍മ ഗവ. സംസ്‌കൃത കോളെജിന് സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ നീണ്ട കാലത്തെ ആവശ്യമായ എം.എസ്.സി സുവോളജി കോഴ്‌സിന് സര്‍ക്കാര്‍  അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 33 കോടി ചെലവില്‍ നിര്‍മിക്കുന്ന സയന്‍സ് ബ്ലോക്ക്, 10 കോടി ചെലവുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം, മൂന്ന് കോടിയുടെ സംസ്‌കൃത ബ്ലോക്ക് എന്നിവയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss