|    Mar 23 Fri, 2018 5:09 am

വിദ്യാഭ്യാസം: തുല്യതയൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം- മന്ത്രി

Published : 6th August 2017 | Posted By: fsq

 

കല്‍പ്പറ്റ: ഗുണപരമായ വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുകയും ആദിവാസി ഗോത്ര സമൂഹമുള്‍പ്പെടെയുള്ളവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭാഷയും സംസ്‌കൃതിയും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സലിങ് സെല്ലിന്റെ ഗോത്രകലകളുടെയും പാട്ടുകളുടെയും അവതരണം ‘ഗോത്രതാളം’ പുളിയാര്‍മലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ് ഗോത്ര സമൂഹം.  ചരിത്രാവശിഷ്ടങ്ങളെ ഇന്നും ജീവിതത്തിന്റെ ഭാഗമാക്കുന്ന ആദിവാസി ഗോത്രസമൂഹങ്ങളെ പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ ബോധപൂര്‍വമായ ശ്രമങ്ങളാണ് ഗോത്രതാളം ഉള്‍പ്പെടെയുള്ള പരിപാടികള്‍. സാമൂഹിക-സാമ്പത്തിക വിദ്യാഭ്യാസ മേഖലകളിലെ വളര്‍ച്ച സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണ്. ടൂറിസം വികസനത്തോടൊപ്പം ആദിവാസി ഗോത്രസമൂഹത്തിന്റെ തനിമയും നിലനിര്‍ത്തപ്പെടണമെന്നു മന്ത്രി പറഞ്ഞു. ഏഴുലക്ഷം രൂപ വിനിയോഗിച്ചാണ് ഗോത്രതാളം പദ്ധതി നടപ്പാക്കുന്നത്. പരിശീലനം നേടിയ 52 പേരില്‍ 35 പേരും ഗോത്രവര്‍ഗ വിഭാഗത്തില്‍പെട്ടവരാണ്. ഗോത്രസമൂഹത്തിന്റെ കലാ-സംസ്‌കാരം, നാടന്‍പാട്ടുകള്‍, നൃത്തരൂപങ്ങള്‍ എന്നിവ തനിമയോടെ സംരക്ഷിക്കുകയും സ്വാഭാവികത നിലനിര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ഗോത്രതാളം പദ്ധതിയുടെ ലക്ഷ്യം. ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗോത്രമൂപ്പന്‍ പി കെ കരിയനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ (ഇന്‍ചാര്‍ജ്) ഡോ. പി പി പ്രകാശന്‍, ഡോ. സി എം അസിം, അബ്ദുല്‍ അസീസ്, കെ ജി ജോസ്, ജോസ് ആന്റണി, സി ഇ ഫിലിപ്പ്, കെ ബി സിമില്‍ സംസാരിച്ചു. ഗദ്ദിക, വട്ടക്കളി, കമ്പളനൃത്തം, കുനട്ട, തോട്ടി, കോല്‍ക്കളി, ഗോത്രനൃത്തം, ആദിവാസികളുടെ തനതു പാട്ടുകള്‍ എന്നിവയിലാണ് പരിശീലകര്‍ അരങ്ങേറ്റം കുറിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss