|    Jan 18 Wed, 2017 7:24 am
FLASH NEWS

വിദേശ സ്വര്‍ണ സൂചികൊണ്ടു കുത്തിയാല്‍ കണ്ണുപൊട്ടില്ലേ

Published : 10th February 2016 | Posted By: swapna en

ഒ അബ്ദുല്ല

Manohar-Lal-Khattar

ഹരിയാനാ മുഖ്യന്‍ മനോഹര്‍ ഖട്ടര്‍ ഓര്‍മയിലെ അറയില്‍ തങ്ങിനില്‍ക്കുന്നത് പ്രമാദമായ അദ്ദേഹത്തിന്റെ പ്രസ്താവന വഴിയാണ്. ബീഫ് വിവാദകാലത്ത് അതു തിന്നണമെന്ന് തോന്നുന്ന മുസ്്‌ലിംകളോട് അദ്ദേഹം പറയുകയുണ്ടായല്ലോ; ഉടനെ പാകിസ്താനിലേക്കു വണ്ടി കയറാന്‍. അവിടെ കറാച്ചി വിലാസം ഹോട്ടലില്‍ ബിസ്മി ചൊല്ലി ബീഫടിക്കാന്‍ ബഹുസുഖം.


 

ഖട്ടറിന്റെ പ്രസ്തുത പ്രസ്താവന അദ്ദേഹത്തെ ഇത്രപെട്ടെന്ന് തിരിഞ്ഞുകുത്തുമെന്ന് പ്രതീക്ഷിച്ചതല്ല. അദ്ദേഹം ബീഫ് തിന്നേണ്ടവര്‍ക്കായി ഇന്ത്യയിലാദ്യമായി ബീഫ് പാസ് പുറപ്പെടുവിക്കാന്‍ പോവുന്നുവത്രെ.


 

പ്രസ്തുത പാസുമായി ചെന്നാല്‍ ഹരിയാനയിലെ ഏതു ഹോട്ടലിലും കയറി മൂക്കറ്റം മാട്ടിറച്ചി അടിക്കാം. അതിന്ന് പാകിസ്താന്‍ എംബസിക്കു മുമ്പില്‍ ക്യൂ നിന്ന് വിസ സമ്പാദിച്ച് പാകിസ്താനിലേക്കോ മൂരിസ്താനിലേക്കോ ഒന്നും പോവേണ്ട.
പക്ഷേ, ഒരു നിബന്ധന ഇപ്രകാരം മാടിനെ അറുത്തു കറിവച്ച് ഉപ്പും മുളകും മസാലയും ചേര്‍ത്ത് അടിക്കണമെങ്കില്‍ നിങ്ങള്‍ വിദേശിയായിരിക്കണം.

സ്വദേശികളുടെയും നേരത്തെ വിദേശത്തുനിന്ന് ഇന്ത്യയില്‍ വന്ന അധിവസിക്കുന്നവരുടെയും പിന്‍മുറക്കാരായ മുസ്്‌ലിംകളുടെയും മറ്റും കാര്യത്തില്‍ ബീഫ് നിരോധം തുടരുക തന്നെ ചെയ്യും. മറ്റൊരു വിധം പറഞ്ഞാല്‍ അവരുടെ കാര്യത്തില്‍ ഗോമാതാവ് ഗോമാതാവ് തന്നെയാണ്. അതിനെ നോവിച്ചാല്‍ മുഹമ്മദ് അഖ്്‌ലാഖിനെ പോലെ തട്ടിക്കളയും.

beef
അപ്പോള്‍ സംശയം ഗോ നമ്മുടെ മാതാവല്ലേ. നമ്മുടെ മാതാവിനെ വിദേശത്തുള്ളവര്‍ വന്ന് കഴുത്തറുത്ത് സൂപ്പാക്കി അകത്താക്കുന്നത് നോക്കിയിരിക്കാനാണോ നമ്മുടെ വിധി. ”ഗായേ ഹമാരി മാതാ ഹേ; മിയാന്‍ ഉസ്‌കോ ഖാതാ  ഹേ” എന്നു പറഞ്ഞ ഒരു മഹാന്‍ ഇന്ത്യാ രാജ്യം ഭരിക്കുമ്പോഴാണോ ഈ പച്ച തോന്നിയവാസം. എത്ര പെട്ടെന്നാണ് സംഘ്പരിവാര്‍ പ്രഭൃതികളുടെ പശു പ്രേമത്തിന്റെ പൂച്ച് പുറത്തായത്. ഒരു പ്രത്യേക വിഭാഗത്തിനെതിരേ കര്‍ഷകരായ ഭൂരിപക്ഷ സമുദായക്കാരെ ഇളക്കിവിടുക. എന്നിട്ട് ചുളുവില്‍ മുസ്്‌ലിം ദലിത് ആദികളെ സാമ്പത്തികമായി തകര്‍ക്കുക, മാംസവുമായി ബന്ധപ്പെട്ട വാണിജ്യവ്യാവസായിക മേഖലകളില്‍ നിന്ന് ഇപ്പറഞ്ഞ രണ്ടുവിഭാഗങ്ങളെയും ആകെ തുരത്തി അവരെ കണ്ണീര്‍ക്കയത്തിലേക്ക് എടുത്തെറിയുക എന്നതില്‍ കവിഞ്ഞ ഒരു ഗോ ഭക്തിയും നമ്മുടെ പശുപാലകന്മാര്‍ക്കില്ലെന്നതിന് ഇനിയും എന്തിന് ഏറെ തെളിവുകള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 403 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക