|    Aug 24 Thu, 2017 10:24 am

വിദേശ സഞ്ചാരികളെ കബളിപ്പിച്ച് 2.5 ലക്ഷവുമായി ടൂറിസ്റ്റ് ഗൈഡ് കടന്നു

Published : 4th November 2016 | Posted By: SMR

കുമളി: മലേഷ്യയില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ പണവുമായി ടൂറിസ്റ്റ് ഗൈഡ് കടന്നു കളഞ്ഞു. ഉത്തര്‍പ്രദേശ് വരണാസി സ്വദേശി കൃഷ്ണമൂര്‍ത്തിയാണ് രണ്ടര ലക്ഷത്തോളം രൂപയുമായി കടന്നുകളഞ്ഞതായി മലേഷ്യയിലെ കോലാലംപൂരില്‍ നിന്നെത്തിയ ഒമ്പതംഗ സംഘമാണ് കുമളി പോലിസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ 30നാണ് ബാങ്ക് ജീവനക്കാരിയായ ശുഭയുടെ നേതൃത്വത്തിലുള്ള മലേഷ്യന്‍ സംഘം കൊച്ചിയില്‍ എത്തിയത്. ഇവിടെ നിന്നാണ് കൃഷ്ണമൂര്‍ത്തിയെന്ന് പരിചയപ്പെടുത്തിയ ടൂറിസ്റ്റ് ഗൈഡ് ഇവര്‍ക്കൊപ്പം ചേരുന്നത്. മുമ്പ് ഇവരുടെ ബന്ധുക്കള്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കൃഷ്ണ മൂര്‍ത്തിയായിരുന്നു ഇവരുടേയും ഗൈഡ്. ഈ പരിചയം വച്ചാണ് വിസയ്ക്കും വിമാന ടിക്കറ്റിനും മറ്റുമായി രണ്ടു ലക്ഷത്തോളം രൂപ ഇവര്‍ കൃഷ്ണമൂര്‍ത്തിയുടെ വാരാണസിയിലുള്ള അക്കൗണ്ടില്‍ നിക്ഷേപിക്കുന്നത്. കൊച്ചിയില്‍ നിന്നു ഗുരുവായൂര്‍, മൂന്നാര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച ശേഷം ബുധനാഴ്ച വൈകീട്ടോടെയാണ് സംഘം തേക്കടിയിലെത്തുന്നത്. ഇതിനിടയിലാണ് മലേഷ്യന്‍ കറന്‍സിയായ 2500 റിങ്കിറ്റ് ഇന്ത്യന്‍ കറന്‍സിയാക്കുന്നതിനായി ശുഭയില്‍ നിന്നും വാങ്ങുന്നത്. കറണ്‍സി മാറി വരാമെന്ന് അറിയിച്ച് പോയിട്ടും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാണാതായതോടെ ഇവര്‍ അന്വേഷിച്ചപ്പോള്‍ ഇയാളുടെ രണ്ട് മൊബൈല്‍ നമ്പരുകളും സ്വിച്ച് ഓഫ് ആണെന്ന വിവരമാണ് ലഭിച്ചത്. തട്ടിപ്പ് മനസ്സിലായതോടെയാണ് നാട്ടുകാര്‍ ഇടപെട്ട് ഇക്കാര്യം പോലീസില്‍ അറിയിച്ചത്. ത്രീ സ്റ്റാര്‍ സൗകര്യങ്ങള്‍ നല്‍കാമെന്ന് അറിയിച്ചാണ് കൃഷ്ണമൂര്‍ത്തി പണം വാങ്ങിയതെങ്കിലും പരിമിതമായ സൗകര്യങ്ങളുള്ള ഹോംസ്‌റ്റേയിലാണ് താമസിപ്പിച്ചതെന്ന് ശുഭ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക