|    Apr 25 Tue, 2017 11:48 pm
FLASH NEWS

വിദേശ സംഭാവന: സാക്കിര്‍ നായിക്കിന്റെ സംഘടനയ്ക്കു വിലക്ക്

Published : 6th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇസ്‌ലാമിക പണ്ഡിതന്‍ സാക്കിര്‍ നായിക്കിന്റെ നിയന്ത്രണത്തിലുള്ള ഐആര്‍എഫ് വിദ്യാഭ്യാസ ട്രസ്റ്റ് എന്ന സര്‍ക്കാരിതര സംഘടനയ്ക്ക് വിദേശസംഭാവന സ്വീകരിക്കുന്നതില്‍നിന്ന് കേന്ദ്രം വിലക്കേര്‍പ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇനി സംഘടനയ്ക്കു വിദേശ സംഭാവന സ്വീകരിക്കാനാവില്ല. ഐആര്‍എഫ് വിദ്യാഭ്യാസ ട്രസ്റ്റ് വിദേശ സംഭാവന നിയന്ത്രണചട്ടം ലംഘിച്ചുവെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപോര്‍ട്ടിന്റെയും ലഭ്യമായ രേഖകളുടെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഗസറ്റ് വിജ്ഞാപനത്തില്‍ പറയുന്നു.
സാക്കിര്‍ നായിക്കിന്റെ സംഘടനകള്‍ക്കു ലഭിക്കുന്ന ഫണ്ടുകള്‍ യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പ്രചോദിപ്പിക്കാന്‍ ഉപയോഗിക്കുന്നുവെന്ന് വിവിധ അന്വേഷണങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. സാക്കിര്‍ നായിക്കിന്റെ മറ്റൊരു സംഘടനയായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികളുമായും സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. ഇതുമായി ബന്ധപ്പെട്ട് അവസാനത്തെ കാരണംകാണിക്കല്‍ നോട്ടീസ് സംഘടനയ്ക്ക് നേരത്തേതന്നെ അയച്ചിട്ടുണ്ട്.
അന്വേഷണം നടക്കുന്നതിനിടെ ഐആര്‍ എഫ് വിദ്യാഭ്യാസ ട്രസ്റ്റിന്റെ വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമുള്ള രജിസ്‌ട്രേഷന്‍ സപ്തംബറില്‍ പുതുക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയടക്കമുള്ള നാല് ഉദ്യോഗസ്ഥരരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഐആര്‍എഫ് ട്രസ്റ്റിനെ യുഎപിഎ പ്രകാരം നിരോധിക്കാനും നീക്കമുണ്ട്. നായിക്കിനെതിരേ മഹാരാഷ്ട്ര പോലിസ് ക്രിമിനല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day