|    Nov 13 Tue, 2018 11:27 pm
FLASH NEWS
Home   >  Kerala   >  

വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സുഹൃത്ത്; പോലിസിന് കേസ് അവസാനിപ്പിക്കാനാണ് താല്‍പര്യം

Published : 23rd June 2018 | Posted By: mtp rafeek

-കൊലപാതകത്തിന് ശേഷം നടന്നതെല്ലാം ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തത്

വിദേശ യുവതിയുടെ സംസ്‌കാര ചടങ്ങില്‍ സഹോദരി

തിരുവനന്തപുരം:  കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് അവസാനിപ്പിക്കുന്നതിനാണ് പോലിസിന് താല്‍പര്യമെന്നും സുഹൃത്ത് ആന്‍ഡ്രൂസ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കേസിലെ ദുരൂഹതകള്‍ മാറ്റാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജൂണ്‍ ആറിന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയയെ സമീപിച്ചത്. കേരളാ പോലിസിന്റെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും ആന്‍ഡ്രൂ ആരോപിച്ചു. കോടതി ഉത്തരവുണ്ടായിട്ടും മൃതദേഹം ദഹിപ്പിച്ചതിലും സംശയമുണ്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വരുന്നതിന് മുമ്പ് മൃതദേഹം അടക്കം ചെയ്തതും ആന്‍ഡ്രൂസ് ചൂണ്ടിക്കാട്ടുന്നു.

സംസ്‌കാര ചടങ്ങുകള്‍ സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തു. ഡിവൈഎസ്പിയും ഐജിയും മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്ത് എത്തിയതിലും സംശയമുണ്ട്. കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കുന്നയിടത്ത് ഡിവൈഎസ്പിയും ഐജിയും ഉണ്ടായിരുന്നു. മൃതദേഹം എങ്ങനെയാണ് ദഹിപ്പിക്കുന്നത് എന്നറിയാന്‍ അവരില്‍ ആകാംക്ഷയുണ്ടെന്ന് തോന്നിയതായും ആന്‍ഡ്രൂ ആരോപിക്കുന്നു. പോലിസിന് ഇതില്‍ എന്താണ് നേട്ടം. അതുകൊണ്ടാണ് കേസ് സിബിഐ അന്വേഷിക്കണമെന്നാണ് ഞാന്‍ ആവവശ്യപ്പെടുന്നത്.

രാജ്യം വിടാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായെന്നും കൊലപാതകത്തിന് ശേഷം നടന്നതെല്ലാം ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം ആരോപിച്ചു. പോലിസ് കണ്ടെത്തിയ മൃതദേഹത്തിന് 20, 25 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ അവളെ ആരെങ്കിലും നിര്‍ബന്ധിതമായി തടവില്‍ പാര്‍പ്പിച്ചിരിക്കണം. പ്രതികളുടെ മൊഴി ഇതില്‍ നിന്നും വിരുദ്ധമാണ്.

മരണപ്പെട്ടയാളുടെ മൃതദേഹം നാട്ടുകാര്‍ നേരത്തേ തന്നെ കണ്ടിരുന്നെങ്കിലും അവരും പോലിസിനോട് പറയാന്‍ തയ്യാറാകാഞ്ഞതും ദുരൂഹമാണ്. വിദേശവനിതയെ അവസാനമായി കണ്ടിടത്തു നിന്നു മൂന്ന് കിലോ മീറ്റര്‍ അകലെ നിന്നാണ് അവരുടെ മൃതദേഹം കണ്ടെടുത്തത്. എന്നിട്ടും പോലിസിന് അവളെ കണ്ടെത്താന്‍ ഇത്രയും സമയം വേണ്ടിവന്നു. മൃതദേഹം കണ്ട നാട്ടുകാരും ഇതേപറ്റി പോലിസിനോട് പറഞ്ഞില്ല. പോലിസും നാട്ടുകാരും തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെ തെളിയുന്നത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നതില്‍ അന്വേഷണം വേണമെന്നും ആന്‍ഡ്രൂസ് ആവശ്യപ്പെട്ടു.

തന്റെ സുഹൃത്തിന്റെ സഹോദരിയെ തെറ്റിദ്ധരിപ്പിച്ചതാണ് എല്ലാവരും ചേര്‍ന്ന്. ടൂറിസം ഡിപാര്‍ട്ട്‌മെന്റും പോലിസുകാരും മന്ത്രിയും ചേര്‍ന്ന് നടത്തിയ പൊറാട്ടു നാടകങ്ങളാണ് എല്ലാവരും കണ്ടത്. കൊല്ലപ്പെട്ട യുവതിയുടെ സഹോദരിയ്ക്കും ഇതു സംബന്ധിച്ച് സംശയങ്ങളുണ്ട്. ആരുമായും പ്രശ്‌നങ്ങള്‍ വേണ്ടാ എന്നു വച്ചാണ് സഹോദരി തിരിച്ചു പോയതെന്നും ആന്‍ഡ്രൂസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊക്കെ അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണ്. പോലിസ് ഒരുകാര്യവും തങ്ങളുമായി പങ്കുവെക്കാന്‍ തയ്യാറായില്ല.

തങ്ങളെ സഹായിക്കാന്‍ ശ്രമിച്ചവരെ അപമാനിക്കാന്‍ ശ്രമമുണ്ടായി. കേസന്വേഷണം നടത്തുന്ന സംഘത്തിന് മേല്‍ പുറത്തുനിന്നുള്ള സമ്മര്‍ദ്ദമുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് എന്റെ സുഹൃത്ത് ബിജു വര്‍മ ഒരു സിനിമ എടുക്കുന്നുണ്ട്. എന്റെ കണ്ണിലൂടെ ഈ കേസിനെക്കുറിച്ച് പറയുന്ന തരത്തിലാണ് ആ സിനിമ ഒരുക്കുന്നത്. എനിക്കിവിടെ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ആ സിനിമയില്‍ വ്യക്തമായി പ്രതിപാദിക്കും. ആന്‍ഡ്രൂസ് ഇന്ന് വൈകീട്ട് അയര്‍ലണ്ടിലേക്ക് തിരിക്കും. അവിടെയും നിയമപോരാട്ടത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കും. അവിടുത്തെ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടും. ഇതുസംബന്ധിച്ച് കേരളാ സര്‍ക്കാറിന്റെ മേല്‍ പ്രഷര്‍ കൊണ്ടുവരാന്‍ ശ്രമിക്കും. അന്താരാഷ്ട്ര കോടതിയിലേക്കും പോകുമെന്നും ആന്‍ഡ്രൂസ് പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss