|    May 24 Thu, 2018 12:01 pm

വിദേശ വനിതയ്ക്ക് പീഡനം; ശക്തമായ നടപടികളുമായി കോവളം പോലിസ്

Published : 29th November 2016 | Posted By: SMR

വിഴിഞ്ഞം: വിദേശ വനിതയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍  കോവളം തീരത്ത്  ശക്തമായ നടപടികളുമായി  പോലീസ്. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന സഞ്ചാരികളെ വലയിലാക്കാന്‍ ബീച്ച് ബോയ്‌സ് എന്ന പേരില്‍ അലഞ്ഞു തിരിയുന്ന സംഘങ്ങളെ പിടികൂടാനുള്ള ശ്രമം കോവളം പോലിസ് ആരംഭിച്ചു.  ബീച്ചിലൂടെ കറങ്ങി നടക്കുന്ന ചില യുവാക്കളാണ് ടൂറിസ്റ്റുകളെ ചതിയില്‍പ്പെടുത്തുന്നത്. ഒറ്റ തിരിഞ്ഞെത്തുന്ന വനിതകളെ പ്രലോഭനങ്ങളില്‍ കുടുക്കി പണം തട്ടല്‍, പീഡനം ഉള്‍പ്പെടെ ചൂഷണങ്ങള്‍ക്ക് വിധേയമാക്കുന്നതായാണ് പോലിസിന് ലഭിക്കുന്ന വിവരം.  പുറത്തറിഞ്ഞാലുള്ള മാനഹാനി ഭയന്ന് പലരും കേസാക്കാതെ മടങ്ങുന്നത് മുതലെടുത്താണ് ഇവരുടെ വിലസല്‍. സമീപത്തെ ചില ഹോട്ടലുടമകളും ഇവരെ വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതായും ആരോപണമുണ്ട്. താമസിക്കാന്‍ വരുന്നവരോട് തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ ശേഖരിക്കണമെന്ന നിബന്ധന കാറ്റില്‍പ്പറത്തി വന്‍ തുകകള്‍ കൈപ്പറ്റിയാണ് ഇവര്‍ താമസമൊരുക്കുന്നത്. പീഡകര്‍ക്ക് ഒത്താശ ചെയ്യുന്ന ഇവരെയും പോലിസ് നിരീക്ഷിക്കുന്നുണ്ട്. ഇതരസംസ്ഥാനക്കാര്‍ നടത്തുന്ന കച്ചവട സ്ഥാപനങ്ങളില്‍  കഞ്ചാവ് വില്‍പന നട ത്തുന്നതായും പരാതിയുണ്ട്.  പ്രലോഭനങ്ങളില്‍ പെടുത്തി ഒരു ഹോംസ്‌റ്റേ  ഉടമ ആറ് വിദേശികളില്‍ നിന്ന് കൈക്കലാക്കിയത് 17 ലക്ഷം രൂപയായിരുന്നു. വളരെ തന്ത്രപൂര്‍വമുള്ള നീക്കത്തിലൂടെ ഇയാള്‍ അകത്തായി. സമാനമായ നിരവധി സംഭവങ്ങള്‍ അരങ്ങേറുന്നുണ്ടെങ്കിലും പലതും പുറം ലോകമറിയാതെ പോവുകയാണ് പതിവ്. ചൂഷണം വര്‍ധിക്കുന്നതു മൂലം വിദേശികളുടെ വരവ്  കോവളത്ത് കുറയാന്‍് കാരണമായിട്ടുണ്ടെന്നും ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍  പറയുന്നു. അതേ സമയം കോവളത്ത് മാനഭംഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ജാപ്പനീസ് യുവതി ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ഇവരെ പോലിസിന്റെ സംരക്ഷണയില്‍ സുരക്ഷിത കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുന്നതായാണ് അറിയുന്നത്. അടുത്തമാസം അഞ്ചിന് മടങ്ങാനിരുന്ന യുവതി കഴിഞ്ഞ 24നാണ് കേരളത്തിലെത്തിയത്. 25ന് കോവളത്തെത്തിയ യുവതിയെ സഹായ വാഗ്ദാനവുമായി എത്തിയ കര്‍ണ്ണാടക സ്വദേശി യുവതിയെ മദ്യം നല്‍കി ഹോട്ടലിലെത്തിച്ച് ബലം പ്രയോഗിച്ച് ക്രൂരമായി മാനഭംഗം ചെയ്യുകയായിരുന്നു. രക്തസ്രാവത്തെ തുടര്‍ന്ന് അവശനിലയിലായ യുവതിയെ ഹോട്ടലുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിയായ കര്‍ണ്ണാടക സ്വദേശി തേജാപവാര്‍ റിമാന്‍ഡിലായി ജയിലിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss