|    Oct 21 Sun, 2018 10:50 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിദേശ വനിതയെ പീഡിപ്പിച്ച കേസ്‌ : സമ്മതമല്ലെന്നു തറപ്പിച്ചു പറയാത്തത് ലൈംഗിക ബന്ധത്തിനുള്ള അനുമതി

Published : 27th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സമ്മതമല്ലെന്നു തറപ്പിച്ചു പറഞ്ഞില്ലെങ്കില്‍ അതു ലൈംഗിക ബന്ധത്തിനുള്ള അനുമതിയായി കാണാമെന്നു കോടതി. വിദേശ വനിതയെ ബലാല്‍സംഗത്തിനിരയാക്കിയെന്ന കേസില്‍ പീപ്പിളി ലൈവ് സഹസംവിധായകന്‍ മെഹ്മൂദ് ഫാറൂഖിക്ക് അതിവേഗ കോടതി വിധിച്ച ശിക്ഷ റദ്ദ് ചെയ്തുള്ള വിധിന്യായത്തിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. സമ്മതം കൂടാതെ തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന ഗവേഷക വിദ്യാര്‍ഥിയായ യുഎസ് വനിതയുടെ ആരോപണത്തില്‍ സംശയത്തിന്റെ ആനുകൂല്യമാണ് ഡല്‍ഹി ഹൈക്കോടതി ഫാറൂഖിക്കു നല്‍കിയത്. ഹരജിക്കാരി സമര്‍പ്പിച്ച തെളിവുകള്‍ വിശ്വസനീയമല്ലെന്നു ജസ്റ്റിസ് അഷുതോഷ് കുമാര്‍ നിരീക്ഷിച്ചു.ഈ കേസില്‍ യുവതിയും ഫാറൂഖിയും നേരത്തേ പരിചയമുള്ളവരായിരുന്നതിനാല്‍ യുവതിയുടെ വിസമ്മതം എത്രമാത്രം ശക്തമായിരുന്നുവെന്നു പറയാനാവില്ലെന്നും സ്ത്രീകളുടെ ശക്തമല്ലാത്ത വിസമ്മതത്തെ അനുമതിയായി പരിഗണിക്കാമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. വെറുതെ ഒരു “നോ’ പറഞ്ഞിരിക്കാമെങ്കിലും പരിചയക്കാരായതിനാല്‍ അതിനെ പൂര്‍ണ വിസമ്മതമായി കാണാനാവില്ല. കുറ്റകൃത്യത്തിനിടെ യുവതി പ്രതിഷേധിക്കാത്തതിനാല്‍ പീഡനമായി വിലയിരുത്താനാവില്ല. ഇരുവരും തമ്മിലുള്ള മുന്‍ ബന്ധത്തില്‍ സംശയസാധ്യത നിലനില്‍ക്കുന്നതായും കോടതി വിലയിരുത്തി. യുവതിയും ഫാറൂഖിയും തമ്മില്‍ നേരത്തേ തന്നെ അടുത്തിടപഴകിയിരുന്നു. മുമ്പ് രണ്ടു തവണ യുവതിയെ ഫാറൂഖി ചുംബിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുവതിയുടെ സമ്മതം ഇല്ലായിരുന്നുവെന്നു പറയാനാവില്ല. “അതെ’’എന്ന അര്‍ഥത്തിലുള്ള “നോ’യെ നിഷേധമായി കാണാനാവില്ല- കോടതി നിരീക്ഷിച്ചു. 2015 മാര്‍ച്ചില്‍ ദക്ഷിണ ഡല്‍ഹിയിലെ വീട്ടില്‍ വച്ചു ഫാറൂഖി പീഡിപ്പിച്ചെന്നാരോപിച്ചാണ് യുവതി പരാതിനല്‍കിയത്. ഡല്‍ഹി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണക്കോടതി വിധിച്ച ഏഴുവര്‍ഷം തടവിനെതിരേ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. പീഡനം നടന്നെന്ന യുവതിയുടെ വാദം ഫാറൂഖിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ നിഷേധിച്ചു. അത്തരമൊരു സംഭവം പരാതിയില്‍ പറയുന്ന ദിവസം സംഭവിച്ചിട്ടില്ല. പരാതി നല്‍കുന്നതിനു മുമ്പ് ഫാറൂഖി യുവതിക്ക് സന്ദേശം അയച്ചിരുന്നുവെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഇതിനെ എതിര്‍ത്ത ഡല്‍ഹി പോലിസിന്റെ അഭിഭാഷകന്‍ പീഡനം നടന്നതായി വാദിച്ചു. ഫാറൂഖിക്കു ജയില്‍ശിക്ഷ വിധിച്ച വിചാരണക്കോടതി അതിനുള്ള കാരണങ്ങള്‍ വിധിപ്രസ്താവത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2016 ആഗസ്ത് നാലിനാണ് വിചാരണക്കോടതി ഫാറൂഖിക്കെതിരേ തടവും അരലക്ഷം രൂപ പിഴയും വിധിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss