|    Oct 18 Thu, 2018 7:47 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വിദേശ പഴച്ചെടികളെയും പുരാവസ്തുക്കളെയും ഹൃദയത്തിലേറ്റി ഹമീദ് മാസ്റ്റര്‍

Published : 6th September 2017 | Posted By: fsq

 

കോട്ടക്കല്‍: മത-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും വിദേശ പഴച്ചെടികളും പുരാവസ്തുക്കളും അമൂല്യ പുസ്തകങ്ങളും നെഞ്ചിലേറ്റി വ്യത്യസ്തനാവുകയാണ് സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍. കോട്ടക്കല്‍ കൂരിയാട് സ്വദേശി ചെരട മൊയ്തുട്ടി- പാത്തുമ്മക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച ഹമീദ് മാസ്റ്റര്‍ക്ക് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പുരാവസ്തുക്കളില്‍ കമ്പം കയറുന്നത്. കര്‍ഷക കുടുംബത്തില്‍ ജനിച്ച മാസ്റ്റര്‍ തന്റെ പുരാവസ്തു ശേഖരണത്തിനു തുടക്കം കുറിച്ചത് തറവാട്ടില്‍ നിന്നുതന്നെയാണ്. പഴയകാല അളവുപാത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, മഷിത്തൂവല്‍, വിവിധ ഫൗണ്ടന്‍ പേനകള്‍, നാണയങ്ങള്‍ തുടങ്ങി അമൂല്യമായ നിരവധി പുരാവസ്തുക്കള്‍ മാസ്റ്ററുടെ ശേഖരത്തിലുണ്ട്. ഇതിനായി എത്രതുക മുടയ്ക്കാനും മാസ്റ്റര്‍ തയ്യാറാണ്. അറബികളുടെയും പാശ്ചാത്യരുടെയും നിരവധി സാംസ്‌കാരിക ചിഹ്നങ്ങളും മാസ്റ്ററുടെ ശേഖരത്തിന് മാറ്റുകൂട്ടുന്നു. പുരാവസ്തുക്കളോടുള്ള താല്‍പര്യമാണ് മാസ്റ്ററെ ചരിത്രാന്വേഷണത്തിലേക്കു നയിച്ചത്. അമൂല്യങ്ങളായ അറബി-മലയാളം കൃതികളും മലയാളത്തില്‍ ആദ്യം അച്ചടി മഷി പുരണ്ട സംക്ഷേപ വേദാര്‍ഥം തുടങ്ങി 1300ലധികം ചരിത്രഗ്രന്ഥങ്ങളുടെ വന്‍ ശേഖരം തന്നെ മാസ്റ്ററുടെ വീട്ടിലുണ്ട്.  ഇതിനകം മലബാറിന്റെ പൈതൃകവുമായി ബന്ധപ്പെട്ട് നിരവധി രചനകളും നടത്തിയിട്ടുള്ള മാസ്റ്റര്‍ ഒരു പുസ്തകത്തിന്റെ പണിപ്പുരയിലുമാണ്. മലബാര്‍ സമരാനുസ്മരണ സമിതി ജനറല്‍ കണ്‍വീനറായ മാസ്റ്റര്‍ ചരിത്രഗവേഷണ വിദ്യാര്‍ഥികളുടെ ഒരു ജീവിക്കുന്ന റഫറന്‍സാണ്. കര്‍ഷക കുടുംബത്തിലെ ജനനം മാസ്റ്ററെ വിദേശ പഴച്ചെടികളുടെയും പ്രിയ തോഴനാക്കി. ഓണ്‍ലൈനായും മറ്റും വിത്തുകളും തൈകളും ശേഖരിച്ചാണ് കൃഷി. വിവിധയിനം മാവുകള്‍, പ്ലാവുകള്‍, ചാമ്പ, ഫിലാസാന്‍, ദുരിയാന്‍, ജിബോട്ടിക്കാബ, ബറാബ, സലാക്, ലോംഗന്‍, ചെമ്പടാക്, മിറാക്കിള്‍ ഫ്രൂട്ട് തുടങ്ങി 52 വിദേശ പഴച്ചെടികള്‍ മാസ്റ്റര്‍ നട്ടുവളര്‍ത്തുന്നുണ്ട്. ദിവസവും രണ്ടു മണിക്കൂര്‍ വരെ തന്റെ തോട്ടത്തിനായി അദ്ദേഹം വിനിയോഗിക്കുന്നുണ്ട്. മത-സാംസ്‌കാരിക മേഖലയില്‍ നിറസാന്നിധ്യമായ ഹമീദ് മാസ്റ്റര്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. മഞ്ചേരി റീഹാബ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍, മഞ്ചേരിയിലെ ഭിന്നശേഷിക്കാര്‍ക്കുള്ള ഗുഡ്‌ഹോപ് സ്‌കുള്‍, മലബാര്‍ എജ്യൂക്കേഷന്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ അക്കാദമിക് ഡയറക്ടര്‍ എന്നീ പദവികളും വഹിക്കുന്നുണ്ട്. 1994ല്‍ അധ്യാപനം തുടങ്ങിയ മാസ്റ്റര്‍ തുവ്വൂര്‍, ഇരിമ്പിളിയം, വേങ്ങര എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കല്‍പകഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഉര്‍ദു അധ്യാപകനാണ്. ഭാര്യ: മുംതാസ്, മക്കള്‍: താജ്ദാര്‍ ഹമീദ്, ഷാന്‍ദാര്‍ ഹമീദ്, നിഷാന ഫാത്തിമ, നിഹാല ഫാത്തിമ, നഹ്ദ ഫാത്തിമ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss