|    Oct 20 Sat, 2018 3:10 pm
FLASH NEWS

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

Published : 14th September 2017 | Posted By: fsq

 

മല്ലപ്പള്ളി: വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ യുവാവ് അറസ്റ്റില്‍. തിരുവന്‍വണ്ടൂര്‍ തോപ്പില്‍ വീട്ടില്‍ ദിലീപ് തോമസി(43)നെയാണ് പെരുമ്പെട്ടി എസ്‌ഐ സി ടി സഞ്ജയ് അറസ്റ്റ് ചെയ്തത്. ഖത്തറില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് നാലുപേരില്‍ നിന്നായി 4.25 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 75,000 രൂപ വീതം ദിലീപ് തട്ടിയെടുത്തെന്ന മൂന്നു പെരുമ്പെട്ടി സ്വദേശിനികളുടെ പരാതിയിലാണ് അറസ്റ്റ്. രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന മണിമല സ്വദേശിനിയുടെ പരാതിയില്‍ ചെങ്ങന്നൂര്‍ പോലിസും കേസ് എടുത്തിട്ടുണ്ട്. ഡല്‍ഹിയില്‍ ഡ്രൈവറായിരുന്ന ദിലീപിന് അടുത്ത കാലത്തായി ഏറെ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. പണം കണ്ടെത്തുന്നതിനായി വാഹനദല്ലാളായും ജോലി ചെയ്തു. ഡല്‍ഹിയില്‍ നിന്ന് വിലകുറച്ച് സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് ഇടനിലക്കാരനായിട്ടായിരുന്നു പ്രവര്‍ത്തനം. 35,000 രൂപയ്ക്ക് ഖത്തറില്‍ കൊണ്ടുപോവാമെന്നായിരുന്നു വാഗ്ദാനം. തുക കുറവായതാണ് ഉദ്യോഗാര്‍ഥികള്‍ ഇയാളെ വിശ്വാസത്തിലെടുക്കാന്‍ കാരണമായത്. ആദ്യഗഡു കൈപ്പറ്റിക്കഴിഞ്ഞ് വീണ്ടും 40,000 രൂപ വീതം പല കാരണങ്ങള്‍ പറഞ്ഞ് കൈവശപ്പെടുത്തി. ഇന്‍ഡസ് ബാങ്കിന്റെ തിരുവല്ല ശാഖയിലെ അക്കൗണ്ടിലേക്കാണ് ഇയാള്‍ പണം വാങ്ങിയത്. പറഞ്ഞ സമയത്ത് ജോലി കിട്ടാതെ വന്നതോടെ ഉദ്യോഗാര്‍ഥികള്‍ ദിലീപിനെ വിളിച്ചു. ആദ്യമൊക്കെ അറ്റന്‍ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് ഫോണ്‍ എടുക്കാതെയായി. ഇതോടെ ഉദ്യോഗാര്‍ഥികള്‍ പോലിസില്‍ പരാതി നല്‍കി. ഇതേപ്പറ്റി അന്വേഷിക്കാന്‍ ദിലീപിനെ വിളിച്ച എസ്‌ഐയോട് തനിക്കു പരാതിക്കാരെ ആരെയും അറിയില്ലെന്നും അവര്‍ കളവാണ് പറയുന്നത് എന്നുമാണ് ഇയാള്‍ പറഞ്ഞത്. ഡല്‍ഹിയിലായിരുന്ന പ്രതി ഫോണ്‍ ഓഫ് ചെയ്ത് വച്ചതിനാല്‍ കണ്ടെത്താനും പോലിസ് ബുദ്ധിമുട്ടി. ഇയാളുടെ നമ്പര്‍ നിരന്തരം നിരീക്ഷിച്ചു വന്ന പോലിസ് കഴിഞ്ഞ ദിവസം ഇയാള്‍ തിരുവന്‍വണ്ടൂരിലെ വീട്ടിലെത്തിയെന്ന് കണ്ടെത്തി. ഇവിടെയെത്തിയാണ് പോലിസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. ജില്ലാ പോലിസ് മേധാവി ഡോ. സതീഷ് ബിനോയുടെ നിര്‍ദേശ പ്രകാരം തിരുവല്ല ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖരപിള്ള, മല്ലപ്പള്ളി സിഐ കെ സലിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സിവില്‍ പോലിസ് ഓഫിസര്‍മാരായ ജേക്കബ്, രതീഷ്, അജാസ് സംഘത്തിലുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss