|    Dec 14 Fri, 2018 4:37 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദേശ കപ്പലുകളുടെ നിയമവിരുദ്ധ മല്‍സ്യബന്ധനം കോടതിയലക്ഷ്യ ഹരജി വിദഗ്ധ സമിതിയുടെ റിപോര്‍ട്ട് പരിഗണിക്കാന്‍ മാറ്റി

Published : 7th December 2018 | Posted By: kasim kzm

കൊച്ചി: വിദേശ കപ്പലുകള്‍ സമുദ്രത്തിലെ ഇന്ത്യയുടെ സവിശേഷ സാമ്പത്തിക മേഖലയില്‍ നിന്ന് നിയമവിരുദ്ധമായി മല്‍സ്യബന്ധനം നടത്തുന്നതു സംബന്ധിച്ച കോടതിയലക്ഷ്യ ഹരജി വിദഗ്ധ സമിതിയുടെ റിപോര്‍ട്ട് പരിഗണിക്കാന്‍ മാറ്റി. വിദേശ കപ്പലുകളുടെ നടപടിയിലൂടെ രാജ്യത്തിന് ഉണ്ടാകുന്ന നഷ്ടം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കൊല്ലം സ്വദേശി എം കെ സലീം സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയാണ് ചീഫ്ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്.
വിദേശ ട്രോളറുകള്‍ക്ക് ഉള്‍പ്പെടെ ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് നിയന്ത്രണമില്ലാതെ അനുമതി നല്‍കുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന നടപടിയാണെന്നും ഇത്തരം ആഴക്കടല്‍ മല്‍സ്യബന്ധനങ്ങളെക്കുറിച്ച് ദേശീയ ഏജന്‍സികളെക്കൊണ്ട് അന്വേഷണം നടത്തിക്കണമെന്നും ആവശ്യപ്പെട്ട് സലീം നല്‍കിയ ഹരജിയിലാണ് 2017 ജൂണില്‍ ഉത്തരവുണ്ടായത്. ആറു മാസത്തിനകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ഉത്തരവെങ്കിലും നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചത്.
ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് വന്‍കിടക്കാര്‍ക്ക് വന്‍ തോതില്‍ അനുമതി നല്‍കുന്ന തരത്തിലുള്ളതെന്ന് ആരോപണമുയര്‍ന്ന 2014ലെ മാര്‍ഗനിര്‍ദേശങ്ങള്‍ റദ്ദാക്കിയതായി കേന്ദ്ര ഫിഷറീസ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു. ഇന്ത്യന്‍ സാമ്പത്തിക സമുദ്രാതിര്‍ത്തിയില്‍ നിന്ന് ഇന്ത്യന്‍ മല്‍സ്യബന്ധന യാനങ്ങള്‍ക്ക് ഫിഷിങ് നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാനായി ബന്ധപ്പെട്ട വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള മന്ത്രിമാരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചിട്ടുണ്ട്.
കോടതി ഉത്തരവ് വിലയിരുത്തി പുതിയ മാര്‍ഗരേഖ സംബന്ധിച്ച കരട് തയ്യാറാക്കി ബന്ധപ്പെട്ട മന്ത്രാലയത്തിന്റെയും വകുപ്പുകളുടെയും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇന്ത്യന്‍ സാമ്പത്തിക സമുദ്രാതിര്‍ത്തിയില്‍ നിന്ന് പിടികൂടുന്ന മല്‍സ്യസമ്പത്തിന്റെ യഥാര്‍ഥ അളവ് കണ്ടെത്താനുള്ള സംവിധാനവും നിരീക്ഷണ സംവിധാനങ്ങളും നടപ്പാക്കണമെന്നും കോടതി ഉത്തരവുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 3ന് മറ്റൊരു സമിതി രൂപീകരിച്ചിട്ടുണ്ട്. 2019 മാര്‍ച്ച് 31നകം ഈ സമിതി റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നതെന്നും കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ക്ക് അന്തിമ രൂപം നല്‍കാനാവുമെന്ന പ്രതീക്ഷയും അറിയിച്ചിട്ടുണ്ട്. അതിനാല്‍, സമിതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി ഫെബ്രുവരിയില്‍ കേസ് പരിഗണിക്കാനായി മാറ്റി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss