|    Jan 23 Mon, 2017 10:45 pm

വിദേശികള്‍ക്കെതിരായ പോരാട്ടത്തിന്റെ സ്മരണയില്‍ കുഞ്ഞാലി മരക്കാര്‍ കോട്ട

Published : 15th August 2016 | Posted By: SMR

പയ്യോളി: ഇന്ത്യ 70ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ വൈദേശികാധിപത്യത്തിനെതിരായ സമരങ്ങളുടെ ചരിത്രം വിളിച്ചോതി ഇരിങ്ങലിലെ കുഞ്ഞാലിമരക്കാര്‍ കോട്ട. കുഞ്ഞാലി കുടുംബത്തിന്റെ ആസ്ഥാനം ഇന്നത്തെ മലപ്പുറം ജില്ലയിലെ പൊന്നാനിയാണെന്നു പറയപ്പെടുന്നു. നാവിക യുദ്ധ പാരമ്പര്യമുള്ള ഇവര്‍ക്ക് സ്ഥാനപ്പേര് നല്‍കിയത് സാമൂതിരിയാണ്.
1524 മുതല്‍ 1600 വരെ നാലു കുഞ്ഞാലിമാരാണ് സാമൂതിരിയുടെ നാവിക തലവന്‍മാരായി ഉണ്ടായിരുന്നത്. 1538ല്‍ കുഞ്ഞാലി ഒന്നാമന്‍ വധിക്കപ്പെട്ടു. ശേഷം കുഞ്ഞാലി രണ്ടാമന്റെ കാലത്താണ് മലബാര്‍ തീരം മുഴുവന്‍ നിയന്ത്രണത്തിലായത്. ഗറില്ലാ യുദ്ധരീതിയാണ് രണ്ടാമന്‍ ഉപയോഗിച്ചത്. 1569ല്‍ 68ാം വയസ്സില്‍ മരിക്കുമ്പോള്‍ ഏറ്റവും വിജയിയായ  സൈനിക മേധാവിയായാണ് അറിയപ്പെട്ടത്.
30 കപ്പലുകളുമായി എത്തിയ മിരാന്‍ഡെ എന്ന വൈസ്രോയ്, പാട്ടുമരക്കാര്‍ (പാത്തുമരക്കാര്‍) എന്നറിയപ്പെട്ട കുഞ്ഞാലി മൂന്നാമനോട് ഏറ്റുമുട്ടി പരാജയപ്പെട്ടു. പ്രതിരോധം ശക്തമാക്കാന്‍ വടകരയ്ക്കടുത്ത് ഇരിങ്ങലില്‍ കോട്ട പണിയാന്‍ സാമൂതിരിയോട് മൂന്നാമന്‍ ആവശ്യപ്പെട്ടു. അത് പ്രകാരം 1571ല്‍ തുടങ്ങിയ കോട്ടയുടെ നിര്‍മാണം 1575ല്‍ പൂര്‍ത്തിയായി.
1594ന്റെ അവസാനത്തില്‍ പോര്‍ച്ചുഗീസുകാരുമായി നടന്ന പോരാട്ടത്തില്‍ മരക്കാര്‍ സേന വിജയിച്ചു. 1595 മൂന്നാമന്‍ മരണപ്പെട്ടശേഷം അവരുടെ മരുമകന്‍ മുഹമ്മദ് മരക്കാര്‍ നാലാമനായി സൈനിക നേതൃത്വം ഏറ്റടുത്തു. ഏറെ താമസിയാതെ അദ്ദേഹം സാമൂതിരിയുമായി അകലാന്‍ തുടങ്ങി. ഈ അവസരം പ്രയോജനപ്പെടുത്തി 1597ല്‍ വൈസ്രോയിയായെത്തിയ ഫ്രാന്‍സിസ് കോഡഗാമ സാമൂതിരിയെ വശത്താക്കി കുഞ്ഞാലിക്കെതിരേ സംയുക്ത നീക്കം ആരംഭിച്ചു.
1600ല്‍ സന്ധി പ്രകാരം മാര്‍ച്ച് 16ന് സാമൂതിരിക്ക് മുന്നില്‍ ഉടവാള്‍ വച്ച് കീഴടങ്ങിയ കുഞ്ഞാലിയോട് സാമൂതിരി വാക്ക് പാലിച്ചില്ല. തുടര്‍ന്ന്, പോര്‍ച്ചുഗീസ് സൈന്യം ഗോവയില്‍ കൊണ്ടുപോയി ജയിലില്‍ അടച്ചു. ആയിരക്കണക്കിന് ആളുകള്‍ക്ക് മുമ്പില്‍വച്ച് തൂക്കിലേറ്റിയ കുഞ്ഞാലിയുടെ തലയറുത്തശേഷം ഉടലുകള്‍ കഷ്ണങ്ങളാക്കിയ ശേഷം പല സ്ഥലങ്ങളിലായി പ്രദര്‍ശിപ്പിച്ചു എന്നാണ് ചരിത്രം. കുഞ്ഞാലി മരക്കാര്‍ പരമ്പരയിലെ ഒരു ഭവനത്തിന്റെ ചെറുഭാഗമാണ് ഇപ്പോള്‍ കോഴിക്കോട് പയ്യോളി ഇരിങ്ങല്‍ കൊട്ടക്കലിലുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക