|    Sep 23 Sun, 2018 7:49 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിദേശസന്ദര്‍ശനം: തെറ്റുപറ്റിയെന്ന് സമ്മതിച്ചു മന്ത്രി കെ രാജു

Published : 24th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയ സമയത്ത് വിദേശ സന്ദര്‍ശനത്തിനു പോയ വനംമന്ത്രി കെ രാജു തനിക്കു പറ്റിയ തെറ്റ് സമ്മതിച്ച് രംഗത്ത്. താന്‍ ജര്‍മനിയിലേക്ക് പോവുമ്പോള്‍ പ്രളയം ഇത്രയും രൂക്ഷമായിരുന്നില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശ മലയാളികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ രണ്ട് മാസം മുമ്പ് ക്ഷണം ലഭിച്ചിരുന്നു. തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ട് അനുമതി തേടി. പിന്നീട് മുഖ്യമന്ത്രിയെയും കണ്ടു. ഇരുവരും അനുമതി നല്‍കി. ആഗസ്ത് 16ന് പുലര്‍ച്ചെയാണു യാത്ര തിരിച്ചത്. എത്തിയ ശേഷമാണ് പ്രളയം രൂക്ഷമായ വിവരം അറിഞ്ഞത്. കാര്യങ്ങള്‍ മനസ്സിലാക്കുകയും പരിപാടി വെട്ടിച്ചുരുക്കി മടങ്ങാന്‍ ഒരുങ്ങുകയും ചെയ്തു. എന്നാല്‍, താന്‍ ഉണ്ടായിരുന്ന ഡാസല്‍ഫോര്‍ട്ട് വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് ഉടനെ ടിക്കറ്റ് ശരിയായില്ല. തുടര്‍ന്ന് 17നു വൈകീട്ട് ഉദ്ഘാടനത്തിന് ശേഷം മടങ്ങാന്‍ ടിക്കറ്റ് ശരിയാക്കാന്‍ സംഘാടകരോട് ആവശ്യപ്പെട്ടു. അവര്‍ ശ്രമിച്ചെങ്കിലും ബേണില്‍ നിന്നു ടിക്കറ്റ് ലഭിച്ചില്ല. പരിപാടിക്ക് ശേഷം 22ന് മടങ്ങാനാണു നേരത്തെ ടിക്കറ്റ് എടുത്തിരുന്നത്. ടിക്കറ്റ് ലഭിച്ചിരുന്നെങ്കില്‍ ഒന്നര ദിവസം മുമ്പു തന്നെ മടങ്ങിയെത്തുമായിരുന്നു. പ്രളയം മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയതു വലിയ വീഴ്ചയാണെന്നും രാജു പറഞ്ഞു. കേരളത്തില്‍ പ്രളയം രൂക്ഷമായതോടെ തിരിച്ചു വരണമെന്നു കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. 19നു രാത്രി പുറപ്പെടുന്ന വിമാനത്തിലെ ടിക്കറ്റ് ഡല്‍ഹിയിലേക്കുള്ളതായിരുന്നു. അവിടെ എത്തിയ ശേഷമാണു തിരുവനന്തപുരത്ത് വന്നത്. കേരളത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുക്കുമായിരുന്നു. തന്റെ രാജിയെക്കുറിച്ച് ചര്‍ച്ച നടക്കുന്നതായി തനിക്ക് അറിയില്ല. പറയേണ്ട കാര്യങ്ങള്‍ പാര്‍ട്ടി സെക്രട്ടറിയോടും മുഖ്യമന്ത്രിയോടും പറഞ്ഞിട്ടുണ്ട്. തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss