|    Oct 22 Sun, 2017 7:20 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വിദേശഫണ്ട് ക്രമക്കേട്: ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി

Published : 2nd August 2016 | Posted By: SMR

ശരത്‌ലാല്‍ ചിറ്റടിമംഗലത്ത്

കൊച്ചി: വിദേശഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കണക്കുകളില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കും കാഞ്ഞിരപ്പള്ളി രൂപതയ്ക്കും എതിരേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. 2010ലെ വിദേശ വിനിമയ നിയന്ത്രണ നിയമപ്രകാരം ഈ രൂപതകള്‍ക്ക് ലഭിച്ച വിദേശഫണ്ടുകളുടെ വരവ് ചെലവു കണക്കുകളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിദേശ വിനിമയ നിയന്ത്രണ മോണിറ്ററിങ് കമ്മിറ്റി (എഫ്‌സിആര്‍എ) കണ്ടെത്തിയിരുന്നു. നിര്‍ധനരും വിധവകളും ഉള്‍പ്പെടെ സമൂഹത്തിലെ അര്‍ഹരായ ആളുകള്‍ക്ക് ലഭ്യമാക്കേണ്ട തുകയാണ് ഇത്തരത്തില്‍ വകമാറ്റി ചെലവഴിച്ചിട്ടുള്ളത്.
വിവരാവകാശ നിയമപ്രകാരം ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. 2009 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ വിദേശഫണ്ട് ലഭിച്ച വകയില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ ബാങ്ക് അക്കൗണ്ടില്‍ ക്ലോസിങ് ബാലന്‍സ് ആയി ഉണ്ടായിരുന്നത് 3.10 കോടി രൂപ ആയിരുന്നു. എന്നാല്‍, 2009-10 സാമ്പത്തിക വര്‍ഷത്തെ ഓപണിങ് ബാലന്‍സില്‍ ഇത് വെറും 64.08 ലക്ഷമായി കുറഞ്ഞു.
അതുപോലെ 2009-10 വര്‍ഷത്തെ ക്ലോസിങ് ബാലന്‍സ് 71.55 ലക്ഷമായിരുന്നുവെങ്കിലും 2010-11ലെ ഓപണിങ് ബാലന്‍സ് 2.14 കോടിയായി ഒറ്റയടിക്ക് വര്‍ധിച്ചു. 2010-11ലെ ക്ലോസിങ് ബാലന്‍സ് 2.39 കോടിയായിരുന്നത് 2011-12ലെ ഓപണിങ് ബാലന്‍സ് 39 ലക്ഷം രൂപ കുറഞ്ഞ് 2 കോടിയായി മാറി. അതുപോലെ 2011-12 വര്‍ഷത്തെ ക്ലോസിങ് ബാലന്‍സ് 2.61 കോടിയും 2012-13ലെ ഓപണിങ് ബാലന്‍സ് 98.35 ലക്ഷം രൂപയുമായി. 2012-13ലെ ക്ലോസിങ് ബാലന്‍സ് 1.22 കോടി രൂപയായിരുന്നിടത്ത് 2013-14ലെ ഓപണിങ് ബാലന്‍സ് 3.43 കോടിയായി ഉയര്‍ന്നു. ഇത്തരം സംഘടനകള്‍ ശരിയായ കണക്കുകളല്ല സൂക്ഷിക്കുന്നതെന്നാണ് വിവരാവകാശ രേഖകളും ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടിയും സൂചിപ്പിക്കുന്നതെന്ന് വ്യക്തം.
എറണാകുളം-അങ്കമാലി അതിരൂപതയുടെ വാര്‍ഷിക വരവ് ചെലവു കണക്കുകളിലും ഇത്തരത്തില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. 2010-11 സാമ്പത്തിക വര്‍ഷത്തെ ക്ലോസിങ് ബാലന്‍സ് 14.47 ലക്ഷം രൂപ ആയിരുന്നിടത്ത് 2011-12ല്‍ ഓപണിങ് ബാലന്‍സ് 9.19 ലക്ഷമായി കുത്തനെ കുറഞ്ഞു. 2012-13ലെ ക്ലോസിങ് ബാലന്‍സ് 13.99 ലക്ഷം രൂപ ആയിരുന്നിടത്ത് 2013-14ലെ ഓപണിങ് ബാലന്‍സ് 6.26 ലക്ഷമായി വീണ്ടും കുറഞ്ഞു. 2009-10 വര്‍ഷത്തെ ക്ലോസിങ് ബാലന്‍സ് 1.48 കോടി രൂപയായിരുന്നിടത്ത് 2010-11 വര്‍ഷത്തെ ഓപണിങ് ബാലന്‍സ് 8.33 ലക്ഷമായി കുറഞ്ഞു. ഇത്തരത്തില്‍ 2010-11, 2011-12, 2012-13, 2013-14 എന്നീ വര്‍ഷങ്ങളിലും ക്ലോസിങ് ബാലന്‍സും ഓപണിങ് ബാലന്‍സുകളും തമ്മില്‍ നിരവധി പൊരുത്തക്കേടുകള്‍ ആഭ്യന്തര വകുപ്പ് കണ്ടെത്തി.
കത്തോലിക്ക രൂപതകള്‍ക്ക് ലഭിച്ചുവരുന്ന വിദേശ സാമ്പത്തിക സഹായം പാവപ്പെട്ടവരേയും അഗതികളേയും സഹായിക്കുന്നതിനുള്ളതാണെന്നും എന്നാല്‍, എഫ്‌സിആര്‍എയ്ക്ക് രൂപതകള്‍ സമര്‍പ്പിച്ച കണക്കുകള്‍ വെളിപ്പെടുത്തുന്നത് മറിച്ചാണെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് വെളിവില്‍ പറഞ്ഞു. രൂപതകള്‍ ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ മറുപടിയില്‍ വിദേശഫണ്ടിന്റെ ഭൂരിഭാഗം തുകയും ആരാധനാലയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും നവീകരണ ജോലികള്‍ക്കും മതരപമായ ആഘോഷങ്ങള്‍ക്കുമാണ് ചെലവഴിക്കുന്നതെന്നാണ് വ്യക്തമാവുന്നത്. ഇത് ശരിയല്ല. 32 രൂപതകള്‍ക്കുമായി ഇതേ രൂപത്തില്‍ വരുന്ന വിദേശസഹായം അര്‍ഹരായ പാവപ്പെട്ടവരുടെയും വിധവകളുടെയും കൈയിലെത്തുന്നു എന്നുറപ്പാക്കുവാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ നടപടി സ്വീകരിക്കണമെന്ന് ജോസഫ് വെളിവില്‍ ആവശ്യപ്പെട്ടു.
വിദേശ വിനിമയ നിയന്ത്രണ നിയമം ലംഘിച്ച 14,222 എന്‍ജിഒകളുടെ രജിസ്‌ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി കിരണ്‍ റിജിജു ലോക്‌സഭയില്‍ എഴുതി തയ്യാറാക്കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. വിദേശഫണ്ടുകളുടെ ഓഡിറ്റിങ്ങില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ആദ്യം ഈ സംഘടനകളോട് വിശദീകരണം ആവശ്യപ്പെടും പിന്നീട് രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് മുന്നോടിയായി സംഘടന ആവശ്യപ്പെട്ടാല്‍ മാത്രം അവരുടെ വാദം കേള്‍ക്കുന്നതിനായി ഒരവസരം നല്‍കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ലോക്‌സഭയില്‍ അറിയിച്ചിരുന്നു. ഇങ്ങനെ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ട 14,222 എന്‍ജിഒകളില്‍ 965 എണ്ണം കേരളത്തില്‍ നിന്നുള്ളവയാണ്. 2509 കോടി രൂപയാണ് 2014-15 സാമ്പത്തിക വര്‍ഷം കേരളത്തിലെ വിവിധ എന്‍ജിഒകള്‍ക്ക് വിദേശ സഹായം ലഭിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക