|    May 28 Sun, 2017 9:54 pm
FLASH NEWS

വിദേശനിക്ഷേപ നയത്തിലെ ഉദാരവല്‍ക്കരണത്തിന് അനുമതി

Published : 1st September 2016 | Posted By: SMR

ന്യൂഡല്‍ഹി: വിദേശ നിക്ഷേപ നയത്തിലെ ഉദാരവല്‍ക്കരണത്തിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. ഈ വര്‍ഷം ജൂണില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നേരിട്ടുള്ള വിദേശ നിക്ഷേപ നയ ഭേദഗതികള്‍ക്കാണ് മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് വ്യവസായ നടത്തിപ്പ് സുഗമമാക്കാനും വര്‍ധിച്ച തോതില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാനും അതിലൂടെ നിക്ഷേപം, വരുമാനം, തൊഴില്‍ എന്നിവയുടെ വളര്‍ച്ച ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളവയാണ് ഭേദഗതികള്‍.
ഇന്ത്യയില്‍ നിര്‍മിക്കുക്കുകയോ ഉല്‍പാദിപ്പിക്കുകയോ ചെയ്യുന്ന ഭക്ഷ്യ ഉല്‍പന്നങ്ങളെ  പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള മാറ്റങ്ങള്‍. ഇവയുടെ വ്യാപാരത്തിന് ഇ-കൊമേഴ്‌സ് മുഖേന ഉള്‍പ്പെടെ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കും. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം നൂറ് ശതമാനം വരെയാക്കി. 49 ശതമാനത്തിന് മുകളിലുള്ള വിദേശ നിക്ഷേപത്തിന് പ്രതിരോധ മേഖലയിലും സര്‍ക്കാര്‍ അനുമതി നല്‍കും.
അത്യാധുനിക സാങ്കേതിക വിദ്യയെന്ന മുന്‍ നിബന്ധന എടുത്തുകളഞ്ഞു. 1959ലെ ആയുധ നിയമത്തിനു കീഴില്‍ വരുന്ന ചെറിയ തരം ആയുധങ്ങളുടെ നിര്‍മാണത്തിനും പ്രതിരോധത്തിലെ വിദേശ നിക്ഷേപ പരിധി ബാധകമാവും.  പ്രക്ഷേപണ സേവനങ്ങള്‍ സംബന്ധിച്ച വിദേശ നിക്ഷേപ നയം ഭേദഗതി ചെയ്യും.
ഒരു കമ്പനിയില്‍ 49 ശതമാനത്തിലധികം പുതിയ വിദേശ നിക്ഷേപം ആവശ്യമാണെങ്കിലോ നിലവിലുള്ള നിക്ഷേപകനില്‍ നിന്ന് പുതിയ ഒരു നിക്ഷേപകനിലേക്ക് ഉടമസ്ഥാവകാശം മാറുകയോ ചെയ്താല്‍ വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ അനുമതി വേണ്ടി വരും. ഔഷധ നിര്‍മാണ മേഖലയില്‍ 74 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി വേണ്ട.
സിവില്‍ വ്യോമയാന മേഖലയില്‍ നിലവിലുള്ള വിദേശ നിക്ഷേപ നയപ്രകാരം ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളങ്ങള്‍ക്ക് 100 ശതമാനം വിദേശ നിക്ഷേപവും ബ്രൗണ്‍ ഫീല്‍ഡ് പദ്ധതികള്‍ക്ക് 74 ശതമാനം വിദേശ നിക്ഷേപവും ആവാം. നിലവിലുള്ള വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും അവയെ ഉയര്‍ന്ന നിലവാരത്തില്‍ നവീകരിക്കാനും ബ്രൗണ്‍ ഫീല്‍ഡ് എയര്‍പോര്‍ട്ടുകള്‍ക്കും പുതിയ നയപ്രകാരം 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day