|    Apr 29 Sat, 2017 5:22 am
FLASH NEWS

വിദേശത്തെ സ്വത്തുവിവരങ്ങള്‍ നാലാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ മല്യയ്ക്കു കോടതി നിര്‍ദേശം

Published : 26th October 2016 | Posted By: SMR

ന്യൂഡല്‍ഹി: വിദേശത്തുള്ള സ്വത്തുക്കളുടെ പൂര്‍ണ വിവരങ്ങള്‍ നാലാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ വിജയ് മല്യയ്ക്ക് സുപ്രിംകോടതി നിര്‍ദേശം. സ്വന്തം സ്വത്തുക്കളുടെ സമ്പൂര്‍ണ വിവരങ്ങള്‍ മല്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യമാവുന്നതെന്ന് ജസ്റ്റിസ് കൂര്യന്‍ ജോസഫ്, ആര്‍ എഫ് നരിമാന്‍ എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ബ്രിട്ടീഷ് കമ്പനിയായ ഡിയാഗിയോയില്‍ നിന്ന് സ്വീകരിച്ച 40 മില്യന്‍ ഡോളറിന്റെ കണക്കുകള്‍ മല്യ കോടതിയില്‍ വെളിപ്പെടുത്തിയ സ്വത്തുക്കളുടെ കൂട്ടത്തിലില്ല. ഇതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഏപ്രില്‍ ഏഴിന് കോടതി പുറപ്പെടുവിച്ച ഉത്തരവ് മല്യ പൂര്‍ണമായി പാലിച്ചില്ലെന്നാണ് വ്യക്തമാവുന്നത്. 40 മില്യന്‍ എപ്പോള്‍ ലഭിച്ചു. എന്തിനെല്ലാം ചെലവഴിച്ചു തുടങ്ങിയ കാര്യങ്ങള്‍ ഇതുവരെ നല്‍കിയില്ലെന്നും കോടതി പറഞ്ഞു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മല്യ ഇന്ത്യയിലെ സ്വത്തുക്കളുടെ വിവരങ്ങള്‍ കോടതിക്ക് കൈമാറിയിരുന്നു, അത് പോരെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. 40 മില്യന്‍ ഡോളറിന്റെ കണക്കുള്‍പ്പെടെ നിരവധി സ്വത്തുക്കളുടെ വിവരങ്ങള്‍ മറച്ചുവയ്ക്കുകയാണെന്ന് മല്യയ്‌ക്കെതിരേ സമീപിച്ച എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കോടതിയില്‍ വ്യക്തമാക്കി.
ഫെബ്രുവരി 25നാണ് മല്യ 40 മില്യന്‍ ഡോളര്‍ ഡിയാഗിയോയില്‍ നിന്ന് കൈപ്പറ്റിയത്. മുദ്രവച്ച കവറില്‍ കോടതിയില്‍ മല്യ സമര്‍പ്പിച്ച സ്വത്തുവിവരങ്ങള്‍ അപൂര്‍ണമാണെന്ന് ജൂലൈ 25ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തകി സുപ്രിംകോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day