|    Jan 22 Sun, 2017 3:48 pm
FLASH NEWS

വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച: പന്ത് പാകിസ്താന്റെ കളത്തിലെന്ന് ഇന്ത്യ

Published : 19th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയ്ക്ക് തീരുമാനമെടുക്കേണ്ടത് പാകിസ്താനാണെന്നും പന്ത് അവരുടെ കളത്തിലാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ്. ചര്‍ച്ചയ്ക്കു ക്ഷണിക്കുന്ന പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി ഐസാസ് അഹ്മദ് ചൗധരിയുടെ കത്തിന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ നല്‍കിയ പ്രതികരണത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വരൂപ്. കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനുള്ള ക്ഷണം ഇന്ത്യ കഴിഞ്ഞദിവസം തള്ളിയിരുന്നു.
ജമ്മുകശ്മീരില്‍ പാകിസ്താന് കാര്യമൊന്നുമില്ലെന്നും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ആക്രമണം നടത്തിയ പാകിസ്താനി ഭീകരപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനും ആയുധപരിശീലന കേന്ദ്രങ്ങള്‍ അടച്ചിടാനും പാകിസ്താന്‍ തയ്യാറാവണം. ജമ്മുകശ്മീരില്‍ പാകിസ്താന്റെ അനധികൃത കൈയേറ്റം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തണം. പാകിസ്താന് ഇന്ത്യക്കെതിരേ കലാപവും ഭീകര ആക്രമണവും നടത്തിയതിന്റെ ദിര്‍ഘകാല ചരിത്രമുണ്ടെന്ന് ലോകത്തിനറിയാം. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച 1972ലെ സിംല കരാറിനും 1999 ഫെബ്രുവരിയിലെ ലാഹോര്‍ പ്രഖ്യാപനത്തിനും അനുസരിച്ചായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഈ മാസാവസാനം ഇസ്‌ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സമ്മേളനത്തില്‍ പങ്കെടുക്കാനിടയില്ലെന്ന് വാര്‍ത്തയുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക