|    Jul 18 Wed, 2018 8:18 pm
FLASH NEWS

വിത്തില്ല; രണ്ടാംവിള വൈകുമെന്ന് കര്‍ഷകര്‍ക്ക് ആശങ്ക

Published : 21st September 2017 | Posted By: fsq

 

ആലത്തൂര്‍: ജില്ലയിലെ നെല്‍ കര്‍ഷകര്‍ രണ്ടാം വിളയിറക്കാന്‍ വിത്തില്ലെന്ന കടുത്ത പ്രതിസന്ധിയിലേക്ക്. വരള്‍ച്ച മൂലം കഴിഞ്ഞ രണ്ടാം വിള ഇറക്കാനാവാതെയും ഇറക്കിയ വിള ഉണങ്ങി നശിക്കുകയും ചെയ്തതാണ് വരുന്ന രണ്ടാം വിളയ്ക്കുള്ള നെല്‍വിത്തിന് ക്ഷാമം സൃഷ്ടിക്കുന്നത്.കഴിഞ്ഞ വര്‍ഷം പാകപ്പെടുത്തി സൂക്ഷിക്കുന്ന വിത്താണ് ഇത്തവണ ഉപയോഗിക്കേണ്ടത്. വിത്ത് സ്വയം തയ്യാറാക്കി ഉപയോഗിക്കുന്നവരും കൃഷിഭവന്‍ മുഖേന ലഭിക്കുന്ന വിത്ത് ഉപയോഗിക്കുന്നവരും ഉണ്ട്.കൃഷിയിറക്കാര്‍ പറ്റാതെ വന്നവര്‍ക്കും ഉണങ്ങി നശിച്ചവര്‍ക്കും ആവശ്യമായ വിത്ത് തയ്യാറാക്കാനായില്ല. വിത്ത് തയ്യാറാക്കി സീഡ് അതോറിറ്റിക്ക് നല്‍കുന്ന കര്‍ഷകര്‍ക്കും കഴിഞ്ഞ തവണ ആവശ്യമായ ഉത്പാദനം നടത്താനായില്ല. കൃഷി വകുപ്പിന്റെ സീഡ് ഫാമുകളിലും വരള്‍ച്ചമൂലം കാര്യമായ ഉത്പാദനം നടന്നിരുന്നില്ല. കൃഷിഭവന്‍ മുഖേന വിത്തിന് പണമടച്ച് അപേക്ഷിച്ചിരുന്നവര്‍ക്ക് ആവശ്യപ്പെട്ടതിന്റെ മൂന്നിലൊന്നു പോലും കിട്ടുന്നില്ല.സംസ്ഥാന വിത്ത് അതോറിറ്റിയുടെയും കാര്‍ഷിക സര്‍വകലാശാലയുടെയും പക്കല്‍ വിത്തില്ലെന്നാണ് കൃഷി ഓഫീസര്‍മാരില്‍ നിന്ന് അറിയാന്‍ കഴിയുന്നത്.നാഷണല്‍ സീഡ് കോര്‍പറേഷന്‍ കനിഞ്ഞാലേ രണ്ടാം വിളയിറക്കാനാവൂ.കഴിഞ്ഞ രണ്ടാം വിള എഴുപത് ശതമാനത്തിലേറെ നശിച്ചിരുന്നു. ഇത്തവണത്തെ ഒന്നാം വിള അമ്പത് ശതമാനത്തോളം മഴയില്‍ വീണ് നശിച്ചു കഴിഞ്ഞു.ഇത്തവണ ഒന്നാം വിള വിത നടത്തി മുളവന്നപ്പോള്‍ ഉണങ്ങി നശിക്കുകയോ മുളയ്ക്കാതെ പോവുകയോ ചെയ്തു. അടുത്ത വിളയ്ക്ക് കരുതിയിരുന്ന വിത്തെടുത്ത് രണ്ടാമത് വിതയും ഞാറ്റടി തയ്യാറാക്കലും നടത്തിയവര്‍ക്ക് ഇപ്പോള്‍ വിത്തില്ലാതായി.രണ്ടാം വിളയ്ക്ക് കൃഷിഭവന്‍ വഴി കിട്ടാതിരിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു ഇത്. പാലക്കാടന്‍ കര്‍ഷകര്‍ ഉമ, ജ്യോതി നെല്ലിനങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്.കര്‍ണാടകയില്‍നിന്ന് ജ്യോതിയും ആന്ധ്രയില്‍ നിന്ന് ജയയും എത്തിക്കാനുള്ള ശ്രമമാണ് കൃഷി വകുപ്പ് നടത്തുന്നത്. ജില്ലയില്‍ ഒന്നാം വിളയ്ക് 41,731 ഹെക്ടറിലും രണ്ടാം വിളയ്ക്  45,158 ഹെക്ടറിലുമാണ് നെല്‍കൃഷിയുള്ളത്. വിതനടത്തുമ്പോള്‍ ഹെക്ടറിന് 85 കിലോഗ്രാമും നടീലാണെങ്കില്‍ ഹെക്ടറിന് 40 കിലോഗ്രാമും വിത്ത് വേണ്ടിവരും.30 ശതമാനത്തോളം  കര്‍ഷകര്‍ വിത നടത്തുമ്പോള്‍ 70 ശതമാനം പേര്‍ നടീല്‍ നടത്തുന്നവരാണ്.32,287  ടണ്‍ നെല്‍ വിത്താണ് രണ്ടാം വിള കാലത്തേക്ക് ആവശ്യമുള്ളത്.ഇതിന്റെ 10 ശതമാനത്തോളം വിത്ത് മാത്രമാണ് കൃഷി വകുപ്പിന് ഇപ്പോഴത്തെ സ്ഥിതിയില്‍ എത്തിക്കാന്‍ കഴിയുക.കര്‍ഷകരുടെ കൈവശമുള്ള വിത്ത് 20 ശതമാനത്തോളം വരും.രണ്ടും കൂടി 10,000 ടണ്ണില്‍ താഴെയേ വരൂ.ശേഷിക്കുന്ന അത്രയും വിത്തിന്റെ പോരായ്മയാണ് .

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss