|    Jul 22 Sat, 2017 6:27 am
FLASH NEWS

വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ സമഗ്ര കുടിവെള്ള പദ്ധതി പാതിവഴിയില്‍

Published : 29th August 2016 | Posted By: SMR

പാലോട്: വിതുര, തൊളിക്കോട് ഗ്രാമപ്പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ ആരംഭിച്ച സമഗ്ര കുടിവെള്ള പദ്ധതി അധികൃതരുടെ അനാസ്ഥമൂലം പാതിവഴിയിലായി. 2008ല്‍ ജി കാര്‍ത്തികേയന്‍ എംഎല്‍എയുടെ ശ്രമഫലമായി 37 കോടി രൂപ ചെലവില്‍ ആരംഭിച്ച വിതുര തൊളിക്കോട് സമഗ്ര കുടിവെള്ള പദ്ധതിയാണ് അധികൃതരുടെ അനാസ്ഥമൂലം എട്ടു വര്‍ഷമായി ഇഴഞ്ഞുനീങ്ങുന്നത്.
വിതുര പഞ്ചായത്തില്‍ പ്രധാന പ്ലാന്റും രണ്ടു പമ്പിങ് സ്‌റ്റേഷനും ഓവര്‍ഹെഡ് ടാങ്കുകളും തൊളിക്കോട് പഞ്ചായത്തില്‍ രണ്ടു സ്ഥലങ്ങളില്‍ ഓവര്‍ഹെഡ് ടാങ്കുകളും ഒരു പമ്പിങ് സ്‌റ്റേഷനും നിര്‍മിച്ച് പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യം. 37 കോടി ചെലവിട്ടു നടപ്പാക്കുന്ന പദ്ധതിക്ക് വിതുര പഞ്ചായത്തില്‍ മുക്കാല്‍ഭാഗം പണികളും പൂര്‍ത്തിയായി. ചെറ്റച്ചല്‍ വാവുപുരയ്ക്കു സമീപം വാമനപുരം നദിയില്‍ നിന്നു ജലം ശേഖരിക്കുന്നതിനായി ആരംഭിച്ച ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പണി ഏതാണ്ട് അവസാനഘട്ടത്തിലാണ്.
വിതുര താവയ്ക്കലിലെ ഓവര്‍ഹെഡ് ടാങ്കിന്റെ പണിയും മുന്നേറുന്നു. പ്ലാന്റിനായി 1.10 ഏക്കര്‍ സ്ഥലം വിതുര പഞ്ചായത്ത് വാങ്ങി നല്‍കി. ഇനി വസ്തു വാങ്ങാനുള്ളതു കുണ്ടാളംകുഴിയില്‍ മാത്രമാണ്. പദ്ധതിക്കായി 45 കിലോമീറ്റര്‍ ദൂരം വീടുകളില്‍ പൈപ്പുകളും സ്ഥാപിച്ചു കഴിഞ്ഞു.
എന്നാല്‍ തൊളിക്കോട് പഞ്ചായത്താവട്ടെ എട്ടു വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാന്‍ വേണ്ടി കാര്യമായി യാതൊന്നും ചെയ്യുന്നില്ല. കല്ലോട്ടുപാറ, പച്ചമല സ്ഥലങ്ങളില്‍ ഓവര്‍ഹെഡ് ടാങ്കുകള്‍ നിര്‍മിക്കാനുള്ള സ്ഥലം കണ്ടെത്താനോ, വസ്തു ജലസേചന വകുപ്പിനു കൈമാറാനോ പഞ്ചായത്ത് ഭരണ  സമിതിക്ക് ഇതുവരെ സാധിച്ചിട്ടില്ല. നിലവിലെ ബജറ്റില്‍ തനതു ഫണ്ടില്‍ ഇതിനായി പണം വകയിരുത്തിയിട്ടുമില്ല.
പച്ചമല തേക്കുംമൂട് അങ്കണവാടിക്ക് സമീപം വസ്തു വാങ്ങാനുള്ള തീരുമാനം ഇതുവരെ  ലക്ഷ്യംകണ്ടിട്ടില്ല. കല്ലോട്ടുപാറയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇതിനിടെ സൗജന്യമായി വസ്തു വിട്ടുനല്‍കാമെന്ന് പറഞ്ഞു നാട്ടുകാരിലൊരാള്‍ രംഗത്തുവന്നെങ്കിലും ഇതിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉയര്‍ന്ന പ്രദേശങ്ങളില്‍ തൊളിക്കോട് പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്.
കിണര്‍ കുഴിച്ചാല്‍ പോലും വെള്ളം കിട്ടാത്ത തേവന്‍പാറ, തുരുത്തി, പച്ചമല, തേക്കുംമൂട് എന്നീ പട്ടികജാതി കോളനികളില്‍ കുടിനീരെത്തിക്കാന്‍ ഈ പദ്ധതിക്കു സാധിക്കുമായിരുന്നു. കൂടാതെ കാരക്കന്‍ തോട്ടം, ചെട്ടിയാന്‍പാറ, മേത്തോട്ടം, ചെരുപ്പാണി, പൊന്‍പാറ തുടങ്ങിയ പിന്നാക്ക മേഖലകളിലും പദ്ധതി നടപ്പിലായാല്‍ ദാഹനീരെത്തിക്കാന്‍ സാധിച്ചേനെ. പഞ്ചായത്തുകളുടെ അനാസ്ഥ ഈ പ്രതീക്ഷകളെയൊക്കെ അസ്ഥാനത്താക്കി. ആയിരക്കണക്കിനാളുകള്‍ക്കു കുടിവെള്ളം ലഭിക്കുന്ന വിതുര തൊളിക്കോട് സമഗ്ര ശുദ്ധജല പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നു നാട്ടുകാരില്‍ നിന്നു ശക്തമായ ആവശ്യം ഉയരുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക