|    Apr 27 Thu, 2017 8:23 pm
FLASH NEWS

വിട വാങ്ങിയത് നാല് പതിറ്റാണ്ടിന്റെ രുചിഭേദങ്ങള്‍ പകര്‍ന്നു നല്‍കിയ ഉമ്മര്‍ക്ക

Published : 17th November 2016 | Posted By: SMR

ഉളിയത്തടുക്ക: കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ അപ്പത്തരങ്ങളുടെ കൂമ്പാരങ്ങളൊരുക്കി ജനങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റിയ പി വി ഉമ്മറിന്റെ നിര്യാണം നാടിന്റെ ദുഖമായി. മലപ്പുറം കൊണ്ടോട്ടി സ്വദേശിയും കാസര്‍കോട് മധൂര്‍ മഞ്ചത്തടുക്കയില്‍ താമസക്കാരനുമായ ഉമ്മറിന്റെ നേതൃത്വത്തില്‍ നോമ്പ് കാലയളവിലും പെരുന്നാളുകള്‍ക്കും കല്ല്യാണ സദ്യകള്‍ക്കും വ്യത്യസ്തമായ വിഭവങ്ങളൊരുക്കിയാണ് ഇദ്ദേഹം ജനങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റിയത്. പെരുന്നാളിന് 55 തരം അപ്പത്തരങ്ങളായിരുന്നു ഉമ്മറിന്റെ ഉളിയത്തടുക്കയിലെ കാറ്ററിങ് സെന്ററില്‍ ഉണ്ടാക്കിയിരുന്നത്. വാട്ടിപ്പത്തല്‍, സിറോട്ട, നെയ്യട, കേക്ക്, നെയ് കേക്ക്, കടല പൊലിച്ചത്, പൊരിയുണ്ട, കട്‌ലറ്റ്, ഉന്നക്കായ, കശുവണ്ടി പൊരിച്ചത്, വെള്ളയപ്പം, ഇഡിയപ്പം, നെയ്പ്പത്തിരി, പുളിവാളം, പുട്ട്, ഈത്തപ്പഴം പൊരിച്ചത്, പഴം പൊരി, മധുരക്കിഴങ്ങ്് പൊരിച്ചത് തുടങ്ങി 55 ഓളം ഇനങ്ങളാണ് ഇദ്ദേഹം തിന്‍മേശയിലെത്തിച്ചിരുന്നത്. 25 വര്‍ഷത്തോളമായി കാസര്‍കോടും പരിസരങ്ങളിലും അപ്പത്തരങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യുന്ന ഉമ്മറിന്റെ അപ്പത്തരത്തിന്റെ രുചി കടല്‍ കടന്നും എത്തിയിട്ടുണ്ട്. കാസര്‍കോട്ടെ പ്രവാസികള്‍ക്ക് വിവിധ രാജ്യങ്ങളില്‍ ഓര്‍ഡര്‍ അനുസരിച്ചും അപ്പങ്ങള്‍ ഉണ്ടാക്കി നല്‍കിയിരുന്നു. കാസര്‍കോടിന് പുറമെ കാഞ്ഞങ്ങാട്, മംഗളൂരു ഭാഗങ്ങളില്‍ നിന്നും ഉമ്മറിന്റെ അപ്പത്തരത്തിന് ആള്‍ക്കാര്‍ എത്താറുണ്ടായിരുന്നു. കല്ല്യാണ പരിപാടികളിലും വേറിട്ട വിഭവങ്ങളൊരുക്കിയാണ് ഉമ്മര്‍ ആള്‍ക്കാരെ കയ്യിലെടുത്തിരുന്നത്. അസംഘടിതരായ പാചക തൊഴിലാളികളെ ഒരു കൊടിക്കീഴില്‍ അണിനിരത്തി സംഘടന രൂപീകരിക്കുന്നതിലും സര്‍ക്കാറില്‍ നിന്ന് ഇവര്‍ക്ക് ക്ഷേമനിധി ഉള്‍പ്പെടെയുള്ള ആനുകൂല്യം നേടിയെടുക്കുന്നതിനും ഉമ്മര്‍ മുന്‍പന്തിയിലായിരുന്നു. ആദ്യ കാലങ്ങളില്‍ വിദ്യാനഗര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഹോട്ടലുകള്‍ക്ക് അപ്പത്തരങ്ങള്‍ ഉണ്ടാക്കി നല്‍കിയായിരുന്നു ഇദ്ദേഹം പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ഉളിയത്തടുക്കയില്‍ സ്വന്തമാക്കി കാറ്ററിങ് സ്ഥാപിച്ച് അപ്പത്തരങ്ങളുടെ കൂമ്പാരം തന്നെ ഒരുക്കിക്കൊടുക്കുകയായിരുന്നു. ഉമ്മറിന്റെ നിര്യാണത്തില്‍ വിവിധ തുറകളിലുള്ളവര്‍ അനുശോചിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day